തിരുവനന്തപുരം: മെഡിക്കൽ കോളജ് എസ്.എ.ടി ആശുപത്രിയിൽ കോവിഡ് ചികിത്സയിൽ കഴിഞ്ഞിരുന്ന ആറുമാസം പ്രായമുള്ള കുഞ്ഞിനെ പെരുച്ചാഴി കടിച്ചു. നെടുമങ്ങാട് വെള്ളനാട് സ്വദേശി സജേഷിെൻറ മകളെയാണ് പെരുച്ചാഴി കടിച്ചത്. തിങ്കളാഴ്ച പുലര്‍ച്ച അഞ്ചോടെ എസ്.എ.ടി ആശുപത്രിയിലെ വാർഡിലായിരുന്നു സംഭവം.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സജേഷിനും ഭാര്യക്കും കുഞ്ഞിനും കോവിഡ് പോസിറ്റിവാകുന്നത്. മാതാപിതാക്കൾക്കും കുഞ്ഞിനും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കുഞ്ഞുമായി മാതാവ് എസ്.എ.ടിയിൽ കോവിഡ് ചികിത്സക്കായി പ്രവേശിച്ചു. കുഞ്ഞിെൻറ പിതാവിനെ കോവിഡ് ചികിത്സക്കായി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.
ചികിത്സക്കിടെ തിങ്കളാഴ്ച പുലർച്ച അഞ്ചോടെ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞ് അസഹ്യമായി കരഞ്ഞതിനെതുടർന്ന് മാതാവാണ് കുട്ടിയുടെ കാലിൽ മുറിവും രക്തസ്രാവവും കണ്ടെത്തിയത്. കിടക്കയിൽനിന്ന് പെരുച്ചാഴി ഓടിപ്പോകുന്നതും ഇവർ കണ്ടു. വിവരം ആശുപത്രി അധികൃതരെ അറിയിച്ചെങ്കിലും ഇതിനായുള്ള ചികിത്സ ലഭിക്കാന്‍ രാവിലെ എട്ടുവരെ കാത്തിരിക്കേണ്ടിവന്നെന്നും മാതാപിതാക്കള്‍ പറഞ്ഞു.
സംഭവത്തിന് പിന്നാലെ അമ്മയെയും കുഞ്ഞിനെയും ഡിസ്ചാർജ് ചെയ്ത അധികൃതരുടെ നടപടിയും വിവാദമായിട്ടുണ്ട്. രോഗമുക്തി ഉറപ്പാക്കാതെ കുഞ്ഞിനെയും മാതാവിനെയും ഡിസ്ചാര്‍ജ് ചെയ്തതായാണ് ആരോപണം. സംഭവത്തെതുടര്‍ന്ന് എലി നശീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു. എന്നാൽ, മാതാവിനെയും കുഞ്ഞിനെയും ഡിസ്ചാർജ് ചെയ്തതിൽ വീഴ്ചയില്ലെന്ന് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. കോവിഡ് രോഗലക്ഷണങ്ങളില്ലാത്തവരെ ഡിസ്ചാര്‍ജ് ചെയ്യുന്നത് സാധാരണമാണെന്ന് സൂപ്രണ്ട് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.