രായിരനെല്ലൂർ മലകയറ്റം 17നും 18 നും; ഇക്കൊല്ലവും ചടങ്ങുകൾ മാത്രം

പട്ടാമ്പി: പറയിപെറ്റ പന്തിരുകുലത്തിലെ ജ്ഞാനിയായ നാറാണത്ത് ഭ്രാന്തൻെറ ദുർഗ്ഗാദേവി ദർശനസമരണ പുതുക്കുന്ന രായിരനെല്ലൂർ മലകയറ്റം ഒക്ടോബർ 17നും 18നും. തുലാം 1ന് ഭ്രാന്തന് മുന്നിൽ ദുർഗ്ഗാ ദേവി പ്രത്യക്ഷപ്പെട്ടെന്ന ഐതിഹ്യത്തിൽ ആയിരങ്ങൾ ഒഴുകിയെത്തിയിരുന്ന മലയിൽ കയറാൻ തുടർച്ചയായ രണ്ടാ൦ വർഷവും ജില്ലാ ഭരണകൂടം ഭക്തർക്ക് അനുമതി നൽകിയിട്ടില്ല. കോവിഡ് നിയന്ത്രണ ഭാഗമായി കഴിഞ്ഞ വർഷം മലകയറ്റം ചടങ്ങുകളിലൊതുക്കിയിരുന്നു.

മറ്റു നിയന്ത്രണങ്ങളിൽ അയവുവന്ന സാഹചര്യത്തിൽ ഇക്കൊല്ലം മലകയറാമെന്ന പ്രതീക്ഷയിൽ കാത്തിരുന്നവരും ഒരുക്കം നടത്തിയ മലയുടെ സംരക്ഷകരും ദിവസങ്ങൾക്കു മുമ്പേ മലയടിവാരത്ത് ഷെഡ് കെട്ടി തമ്പടിച്ച കച്ചവടക്കാരും ജില്ലാ ഭരണകൂടത്തിൻെറ തീരുമാനത്തിൽ നിരാശരാണ്. 40 പേരിലൊതുക്കി ചടങ്ങ് നടത്താനാണ് ക്ഷേത്രം ചുമതലക്കാരായ ദ്വാദശാക്ഷരീ ട്രസ്സിന് അനുമതി നൽകിയിരിക്കുന്നത്. എങ്കിലും വെള്ളിയാഴ്ച ലക്ഷാർച്ചന തുടങ്ങുന്നതോടെ ചെറിയ തോതിൽ ആളുകൾ മല കയറുമെന്നു തന്നെയാണ് കരുതപ്പെടുന്നത്.

ചെത്തല്ലൂർ തൂതപ്പുഴയോരത്തു ജനിച്ചു വീണ ഭ്രാന്തനെ നാരായണമംഗലത്ത് ഭട്ടതിരിമാരാണ് എടുത്തു വളർത്തിയത്. ഇവർ വേദപഠനത്തിന് തിരുവേഗപ്പുറയിലെത്തിച്ചെന്നും പഠന കാലത്ത് മലയുടെ മുകളിലേക്ക് വലിയ കല്ലുരുട്ടിക്കയറ്റി താഴേക്ക് തട്ടിയിട്ട് ആർത്തു ചിരിക്കുന്നത് നാറാണത്തു ഭ്രാന്തൻെറ പതിവായിരുന്നുവെന്നും അങ്ങനെയൊരു ദിവസം മലമുകളിലെത്തിയ ഭ്രാന്തനു മുന്നിൽ ദുർഗ്ഗാദേവി പ്രത്യക്ഷപ്പെട്ടെന്നുമാണ് ഐതിഹ്യം. മലമുകളിലെ ആൽ മരത്തിലെ പൊന്നൂഞ്ഞാലിലാടുകയായിരുന്ന ദുർഗ്ഗാ ദേവി ഭ്രാന്തൻെറ പ്രാകൃതരൂപത്തിൽ ഭയചകിതയായി താഴെയിറങ്ങി ഏഴടി വെച്ച് ഭൂമിക്കടിയിലേക്ക് താഴ്ന്നു പോയെന്നും പാദം പതിഞ്ഞ പാറയിൽ ഏഴു കുഴികളുണ്ടായെന്നും അതിലൊന്നിൽ പൂവും കനിയും വെച്ച് ഭ്രാന്തൻ പൂജ ചെയ്ത് ദേവിയെ പ്രീതിപ്പെടുത്തിയെന്നും വിശ്വസിക്കപ്പെടുന്നു. വിവരമറിഞ്ഞെത്തിയ ഭട്ടതിരിമാർ കുടുംബൈശ്വര്യത്തിനായി മലമുകളിൽ ക്ഷേത്രം പണിത് പൂജ തുടർന്നെന്നാണ് കരുതുന്നത്.

കുഴികളിൽ വാൽക്കണ്ണാടി വെച്ചാണ് പൂജ. കുഴിയിലെ വറ്റാത്ത ഉറവയിൽ നിന്നെടുക്കുന്ന ജലം തീർത്ഥമായും നൽകുന്നു. മലമുകളിലെ ദേവീക്ഷേത്രത്തിൽ ദർശനം നടത്തി ഭ്രാന്തൻെറ കൂറ്റൻ ശിൽപത്തെ വലംവെച്ച് വണങ്ങി വിവിധ വഴിപാടുകളും കഴിച്ചാണ് ഭക്തർ മലയിറങ്ങുന്നത്. മലയുടെ അടിവാരത്തുള്ള ദുർഗ്ഗാക്ഷേത്രത്തിലും മലയ്ക്ക് പടിഞ്ഞാറ് കൈപ്പുറം ഭ്രാന്താചലം ക്ഷേത്രത്തിലും മലകയറ്റത്തോടനുബന്ധിച്ച് പ്രത്യേക പൂജയുണ്ട്. ഭ്രാന്താചലത്തിലെ പ്രതിഷ്‌ഠാദിനാഘോഷവും തുലാം 1നാണ്. ഇവിടെ ഭ്രാന്തൻ തപസ്സനുഷ്ഠിച്ച് ഒരിക്കൽ കൂടി ദുർഗ്ഗദേവിയെ പ്രത്യക്ഷപ്പെടുത്തിയെന്നും വിശ്വാസമുണ്ട്.

തപസ്സു ചെയ്ത പീഠവും കെട്ടിയിട്ടെന്ന് കരുതുന്ന കാഞ്ഞിരമരവും മരത്തിലെ വലിയ ഇരുമ്പു ചങ്ങലയുമൊക്കെ ഭക്തരെ മാത്രമല്ല ചരിത്രാന്വേഷകരെയും ഉൽസുകരാക്കുന്നതാണ്. ആമയൂർ മന മധു ഭട്ടതിരിപ്പാടിൻെറ നേതൃത്വത്തിലേക്കുള്ള ട്രസ്റ്റാണ് മലയിൽ പൂജാദി കർമ്മങ്ങൾ നടത്തുന്നത്. കൊപ്പം-വളാഞ്ചേരി പാതയിൽ നടുവട്ടം, ഒന്നാന്തിപ്പടി എന്നിവിടങ്ങളിൽ നിന്നാണ് മല കയറുന്നത്.

Tags:    
News Summary - covid restrictions Rayiranellur Mala rituals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.