തിരുവനന്തപുരം: കോവിഡ് തീവ്രവ്യാപനം തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജില്ലകളില്‍ കടുത്ത നിയന്ത്രണം. കോവിഡ് മൂലം ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം അടിസ്ഥാനമാക്കി കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളെക്കൂടി നിയന്ത്രണം കർക്കശമായ സി വിഭാഗത്തിൽ ഉൾപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകനയോഗം തീരുമാനിച്ചു. തലസ്ഥാന ജില്ലയെ കഴിഞ്ഞദിവസം സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരുന്നു.
ഈ ജില്ലകളിൽ പൊതുപരിപാടികൾ പാടില്ല. തിയറ്റർ, ജിംനേഷ്യം, നീന്തൽകുളങ്ങൾ തുടങ്ങിയവ അടയ്ക്കണം. ആരാധനാലയങ്ങളിൽ ഓൺലൈൻ ആരാധനയേ പാടുള്ളൂ. ഡിഗ്രി^ പി.ജി അവസാന സെമസ്റ്റർ, 10, പ്ലസ് ടു ഒഴികെ എല്ലാ ക്ലാസും ട്യൂഷൻ സെൻററുകൾ ഉൾപ്പെടെ ഓൺലൈനായി മാത്രമേ അനുവദിക്കൂ. നിലവിൽ കോട്ടയം ജില്ല എ കാറ്റഗറിയിലും മറ്റ് ജില്ലകൾ ബി കാറ്റഗറിയിലും ആയിരുന്നു. വെള്ളിയാഴ്ച നിയന്ത്രണങ്ങള്‍ നിലവിൽവരും.
ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട്, കണ്ണൂർ എന്നിവ ബി കാറ്റഗറിയിലും മലപ്പുറം, കോഴിക്കോട് ജില്ലകൾ എ കാറ്റഗറിയിലുമാണ്. കാസർകോട് ജില്ല ഒരു കാറ്റഗറിയിലും ഉള്‍പ്പെട്ടിട്ടില്ല. മലപ്പുറത്തും കോഴിക്കോടും രോഗികളുടെ എണ്ണം ഉയരുന്നുണ്ട്. കാറ്റഗറി തിരിച്ച് ജില്ലകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഫലപ്രദമെന്നാണ് പൊതുവിലയിരുത്തല്‍. ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗികളില്‍ 25 ശതമാനത്തില്‍ കൂടുതല്‍ കോവിഡ് രോഗികളാണെങ്കിലാണ് ആ ജില്ല സി കാറ്റഗറിയില്‍ വരിക.
തിരുവനന്തപുരം ജില്ലക്ക് പുറമെ ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ കോവിഡ് രോഗികളുടെ എണ്ണം 20 ശതമാനം കടന്നു. ആശുപത്രി സൗകര്യങ്ങള്‍ കുറവായ ഇടുക്കിയില്‍ 377 പേരാണ് ചികിത്സയിലുള്ളത്. 17 ഐ.സി.യു കിടക്കകളും 23 ഓക്സിജന്‍ കിടക്കകളുമാണ് കോവിഡ് ചികിത്സക്ക് മാറ്റിവെച്ചിരിക്കുന്നത്. 36 കിടക്കകളില്‍ രോഗികളുണ്ട്.
കോട്ടയത്ത് വ്യാഴാഴ്ച വരെയുള്ള കണക്കനുസരിച്ച് 826 രോഗികള്‍ ചികിത്സയിലുണ്ട്. ആകെ രോഗികള്‍ 21,249 ആയി ഉയര്‍ന്നു. 12,434 പേര്‍ പോസിറ്റിവായ പത്തനംതിട്ടയില്‍ 677 പേര്‍ ആശുപത്രികളിലുണ്ട്. കോവിഡ് കിടക്ക പകുതിയിലേറെ നിറഞ്ഞു.
സെക്രട്ടേറിയറ്റിൽ വീണ്ടും കോവിഡ് വാർ റൂം
തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കോവിഡ് വാര്‍ റൂം പുനരാരംഭിച്ചു. കോവിഡ് കിടക്ക, ഐ.സി.യു കിടക്ക, വെൻറിലേറ്റര്‍ ഉള്‍പ്പെടെ ഇതിലൂടെ മോണിറ്റര്‍ ചെയ്യും. കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുമ്പോള്‍ ആനുപാതികമായി ആശുപത്രികളിലും തിരക്ക് വർധിക്കുമെന്നതിനാല്‍ മുന്‍കരുതല്‍ എടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. കരുതല്‍ വാസകേന്ദ്രങ്ങള്‍ ആരംഭിക്കാൻ നടപടി സ്വീകരിക്കണം. പ്രാദേശികമായ ഇടപെടല്‍ ഇതിന് വളരെ പ്രധാനമാണെന്നും കോവിഡ് ജാഗ്രതസമിതികള്‍ ശക്തിപ്പെടുത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
ലക്ഷണമുണ്ടെങ്കില്‍ മാത്രം പരിശോധന മതി
തിരുവനന്തപുരം: രോഗലക്ഷണം ഉണ്ടെങ്കില്‍ മാത്രം ആശുപത്രികളില്‍ ചികിത്സക്ക് മുമ്പ് കോവിഡ് പരിശോധന നടത്തിയാല്‍ മതിയെന്ന ആരോഗ്യ വിദഗ്ധസമിതി നിർദേശം അവലോകനയോഗം അംഗീകരിച്ചു. ഡയാലിസിസ് സൗകര്യമുള്ള സ്വകാര്യ ആശുപത്രികളിൽ കോവിഡ് രോഗികൾക്ക് ഡയാലിസിസിന് പ്രത്യേക സംവിധാനമൊരുക്കാനും നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.