കോവിഡ് വ്യാപന വർധനവ് കുറയുന്നു, സമ്പർക്കത്തിൽ വരുന്ന എല്ലാവരും ക്വാറന്‍റീനിൽ പോകേണ്ട -മന്ത്രി വീണാ ജോർജ്​

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്‍റെ വർധനവ് മുൻ ആഴ്ചകളെ അപേക്ഷിച്ച്​ കുറയുന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഡിസംബർ അവസാനത്തെ ആഴ്ച അടിസ്ഥാനമാക്കിയുള്ള പരിശോധനയിൽ, ഈ മാസത്തിന്‍റെ ആദ്യത്തെ മൂന്ന് ആഴ്ചകളേക്കാൾ അവസാന ആഴ്ചയിൽ രോഗവ്യാപനത്തിലെ വർധന കുറഞ്ഞതായി മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ജനുവരി ഒന്നു മുതലാണു കേരളത്തിൽ കോവിഡിന്‍റെ മൂന്നാം തരംഗം ആരംഭിച്ചത്. ഡിസംബർ അവസാന ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ ജനുവരി ആദ്യ ആഴ്ചയിൽ രോഗ വ്യാപനത്തിലെ വർധന 45 ശതമാനം ഉയർന്നു. രണ്ടാമത്തെ ആഴ്ച ഇത് 148 ശതമാനമായി. മൂന്നാമത്തെ ആഴ്ചയിൽ 215 ശതമാനമായി ഉയർന്ന വർധന ഈ ആഴ്ചയിൽ 71 ശതമാനത്തിലേക്കു താഴ്ന്നുവെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നതെന്നു മന്ത്രി ചൂണ്ടിക്കാട്ടി.

കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നവരുടെ എണ്ണം മൂന്നു ശതമാനം മാത്രമാണ്. സർക്കാർ ആശുപത്രികളിലെ 40.6 ശതമാനം ഐ.സി.യു ബെഡുകളിൽ മാത്രമേ ഇപ്പോൾ രോഗികളുള്ളൂ. കോവിഡ്, കോവിഡ് ഇതര രോഗികളുടെ എണ്ണമാണിത്.

വെന്‍റിലേറ്റർ ഉപയോഗം 13 ശതമാനം മാത്രമാണ്. സ്വകാര്യ ആശുപത്രികളിലെ 9.3 ശതമാനം ഐ.സി.യു ബെഡുകളിലും 9.99 ശതമാനം വെന്‍റിലേറ്ററുകളിലും മാത്രമേ രോഗികളുള്ളൂ. ഒമിക്രോൺ മൂലമാണ് വലിയ തോതിലിലുള്ള രോഗവ്യാപനം സംസ്ഥാനത്തുണ്ടായിരിക്കുന്നത്.

കോവിഡിന്‍റെ ഡെൽറ്റ വകഭേദവുമായി താരതമ്യം ചെയ്യുമ്പോൾ ഒമിക്രോൺ താരതമ്യേന തീവ്രമല്ല. രോഗിയുമായി സമ്പർക്കത്തിൽ വരുന്ന മുഴുവൻ പേരും ക്വാറന്‍റീനിൽ പോകേണ്ടതില്ല. രോഗിയുമായി നിരന്തരം സമ്പർക്കം പുലർത്തുന്നവരും പരിചരിക്കുന്നവരും മാത്രം ക്വാറന്‍റീനിലായാൽ മതി.

സംസ്ഥാനത്ത് എം.ബി.ബി.എസ് നേടിയിട്ടുള്ളവരും ടി.എം.സിയിൽ താൽക്കാലികമോ സ്ഥിരമോ ആയ രജിസ്ട്രേഷൻ നേടിയിട്ടുള്ളവരുമായ ഡോക്ടർമാരും മെഡിക്കൽ പ്രൊഫഷണലുകളും വൊളന്‍ററി സേവനത്തിനിറങ്ങണമെന്ന്​ മന്ത്രി അഭ്യർഥിച്ചു. രണ്ടു മാസത്തെ സേവനം പൂർത്തിയാക്കുന്നവർക്ക് ആരോഗ്യ വകുപ്പ് സർട്ടിഫിക്കറ്റ് നൽകും.

ടെലിമെഡിസിൻ സംവിധാനം ശക്തമാക്കുന്നതിനായി വിരമിച്ച ഡോക്ടർമാരുടെ സേവനം കൂടുതലായി ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. ജനുവരിയിൽ 40,000നു മുകളിൽ ആളുകൾ ടെലി മെഡിസിൻ സേവനം പ്രയോജനപ്പെടുത്തി. അത്യാവശ്യ ഘട്ടത്തിൽ മാത്രം ആശുപത്രിയിലേക്ക് പോയാൽ മതിയെന്നും അല്ലാത്ത സാഹചര്യങ്ങളിൽ ഇ-സഞ്ജീവനി ടെലിമെഡിസിൻ സംവിധാനം ഉപയോഗിക്കണമെന്നും മന്ത്രി പറഞ്ഞു.

കോവിഡ് ബാധിതരായി ഒറ്റക്കു കഴിയുന്ന സ്ത്രീകൾ, ഗർഭിണികൾ, പ്രായംചെന്നവർ, ആരോഗ്യ പ്രശ്നങ്ങളുള്ളവർ തുടങ്ങിയവരുടെ ആരോഗ്യനില യഥാസമയം അറിയാൻ അംഗൻവാടി വർക്കേഴ്സിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കോവിഡ് പോസിറ്റീവാകുന്ന എല്ലാവരുമായും അതതു പ്രാഥമികാരോഗ്യ കേന്ദ്രത്തിന്‍റെ പരിധിയിൽ വരുന്ന ആരോഗ്യ പ്രവർത്തകർ ബന്ധപ്പെടും.

ഏതെങ്കിലും കാരണവശാൽ ടെലഫോണിലോ മറ്റോ വിളിക്കാൻ കഴിയാതെ പോയാൽ ദിശയുടെ 104, 1056 എന്നീ നമ്പറുകളിലും ജില്ലകളിലെ കോവിഡ് കൺട്രോൾ റൂമുകളിലും ആവശ്യങ്ങൾക്കായി ബന്ധപ്പെടാം. കോവിഡ് രോഗികളെ ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഏകോപിപ്പിക്കാൻ മെഡിക്കൽ കോളജുകളിൽ കൺട്രോൾ റൂമുകൾ വെള്ളിയാഴ്ച സജ്ജമാകുമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - covid spread is declining, not everyone in contact should go to the quarantine - Minister Veena George

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.