മലപ്പുറം: ഇന്ത്യയിൽനിന്നുള്ള ഹജ്ജ് യാത്രക്കാർ കോവിഡ് പ്രതിരോധ കുത്തിവെപ്പ് ഒന്നാം ഡോസ് മേയ് 13നുമുമ്പും രണ്ടാം ഡോസ് സൗദി അറേബ്യയിലേക്കു പ്രവേശിക്കുന്നതിന് 14 ദിവസം മുമ്പും എടുക്കണമെന്ന് നിർദേശിച്ചതായി ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി അറിയിച്ചു. നിശ്ചിത സമയത്ത് ഒന്നാം ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് രണ്ടാം ഡോസ് വാക്സിൻ ഹജ്ജ് യാത്രക്ക് 14 ദിവസം മുമ്പ് എടുക്കുന്നതിന് ക്രമീകരണം ചെയ്യാൻ ഹജ്ജ്കാര്യ വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ നിർദേശിച്ചിട്ടുണ്ട്.
കോവിഷീൽഡ് വാക്സിൻ ഒന്നാം ഡോസ് സ്വീകരിച്ചവർക്ക് രണ്ടാം ഡോസ് എടുക്കുന്നതിനുള്ള ഇടവേള 4-6 ആഴ്ചയായി ചുരുക്കി ക്രമീകരിക്കണമെന്നും അപേക്ഷകരെ മുൻഗണന ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്നും കോവിഡ് സർട്ടിഫിക്കറ്റിൽ പാസ്പോർട്ട് നമ്പർ ചേർക്കണമെന്നും ഹജ്ജ് കമ്മിറ്റി ചെയർമാൻ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് മന്ത്രി തിരുവനന്തപുരത്ത് യോഗം വിളിച്ചത്. ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി, മെംബർ അനസ് ഹാജി, വകുപ്പ് സെക്രട്ടറിമാർ, കോഓഡിനേറ്റർ അഷ്റഫ് അരയൻകോട് എന്നിവർ പങ്കെടുത്തു. സ്ത്രീകൾക്കായി ഹജ്ജ് ഹൗസ് നിർമിക്കുന്നതിനുള്ള നിർദേശം ധനവകുപ്പിന് സമർപ്പിക്കാനും തീരുമാനിച്ചു.
വാക്സിനേഷന് ഹജ്ജ് തീർഥാടകർക്കും ഇളവ് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പഠനാവശ്യങ്ങൾക്കും തൊഴിലിനുമായി വിദേശത്ത് പോകുന്നവർക്ക് നൽകിയ വാക്സിനേഷൻ ഇളവുകളായിരിക്കും ഹജ്ജ് തീർഥാടകർക്കും നൽകുക. വാക്സിൻ ലഭിക്കാത്ത സാഹചര്യം ഹജ്ജ് തീർഥാടകർക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
• 40 വയസ്സിന് മുകളിലുള്ളവർക്ക് എസ്.എം.എസ് അയക്കുന്ന മുറയ്ക്ക് വാക്സിൻ നൽകും.
•ആദിവാസി വിഭാഗങ്ങൾക്ക് മുൻഗണന നോക്കാതെ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ നൽകും.
•പരിശീലനത്തിൽ പങ്കെടുക്കുന്ന പൊലീസ് ട്രെയിനികൾ, സാമൂഹിക സന്നദ്ധസേന പോർട്ടലിൽ രജിസ്റ്റർ ചെയ്ത് ഫീൽഡിൽ പ്രവർത്തിക്കുന്ന സന്നദ്ധപ്രവർത്തകർ, ഐ.എം.ഡിയുടെ ഫീൽഡ് സ്റ്റാഫ്, കൊച്ചി മെട്രോയിലെ ഫീൽഡ് സ്റ്റാഫ്, കൊച്ചി വാട്ടർ മെട്രോ ഫീൽഡ് സ്റ്റാഫ് എന്നിവരെ വാക്സിനേഷൻ ഫ്രണ്ട് ലൈൻ തൊഴിലാളികളായി പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.