തിരുവനന്തപുരം: ആശയക്കുഴപ്പങ്ങളും പുനരാലോചനയുമുണ്ടായെങ്കിലും യുവപ്രാതിനിധ്യം, പരിചയസമ്പന്നത, വനിതാപങ്കാളിത്തം എന്നിവക്കൊപ്പം വിജയഘടകങ്ങളും ഉറപ്പുവരുത്തിയാണ് സി.പി.ഐ അന്തിമ സ്ഥാനാർഥി പട്ടിക തയാറാക്കിയത്. സ്ഥാനാർഥിനിർണയത്തിനായി ചേർന്ന സി.പി.ഐയുടെ നിർണായ എക്സിക്യുട്ടിവിലും പല പേരുകൾ ഉയർന്നു. മാവേലിക്കര മണ്ഡലത്തിലെ സ്ഥാനാർഥിനിർണയമായിരുന്നു പ്രധാനമായും ചർച്ചകൾക്കാധാരം. സി.എ. അരുൺകുമാറിന്റേതിനൊപ്പം ചിറ്റയം ഗോപകുമാർ, സി.കെ. ആശ, പ്രിജി ശശിധരൻ എന്നിവരുടെ പേരും ചർച്ചയിൽ വന്നു. ചർച്ച പലവഴിക്ക് തിരിഞ്ഞതോടെ സെക്രട്ടറി ഇടപെട്ടു. തെരഞ്ഞെടുപ്പാണ്, അഭിപ്രായവ്യത്യാസങ്ങൾ മറികടന്ന് ഒറ്റക്കെട്ടായി മുന്നോട്ടുപോകണം, പ്രാഥമിക പട്ടിക അംഗീകരിക്കണം എന്നിങ്ങനെയായിരുന്നു സെക്രട്ടറിയുടെ അഭ്യർഥന. തുടർന്നാണ് എക്സിക്യുട്ടിവും ഏകാഭിപ്രായത്തിലെത്തിയത്.
എക്സിക്യുട്ടിവ് തിരുമാനം കൗൺസിലിൽ അവതരിപ്പിച്ചപ്പോൾ കാര്യമായ വിയോജിപ്പുണ്ടായില്ല. ഇതോടെ സ്ഥാനാർഥിനിർണയ ചർച്ചകൾ അവസാനിച്ചു. മാവേലിക്കരയിലെ സ്ഥാനാർഥിത്വത്തെക്കുറിച്ച് വാർത്തസമ്മേളനത്തിൽ ചോദ്യമുയർന്നപ്പോൾ, ആശയക്കുഴപ്പമുണ്ടായില്ലെന്നും എല്ലാ സ്ഥാനാർഥികളെയും ഐകകണ്ഠ്യേനയാണ് തീരുമാനിച്ചതെന്നുമായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം. ആരെങ്കിലും തെറ്റായ വിവരം തന്ന് വഴിതെറ്റിക്കാന്‍ നോക്കുന്നുണ്ടെങ്കില്‍ അത്തരം ആളുകളുടെ കൈകളിലെ കളിപ്പാവ ആകരുതെന്ന ഉപദേശവുമുണ്ടായി. പന്ന്യനൊഴികെ മൂന്നുപേർക്കും ലോക്സഭയിലേക്ക് കന്നിയങ്കമാണ്. 2011ന് ശേഷം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് മുഖംതിരിഞ്ഞ് നിൽക്കുകയായിരുന്നു പന്ന്യൻ രവീന്ദ്രൻ. 2005 ഉപതെരഞ്ഞെടുപ്പിൽ ജയിച്ച ശേഷം കൈവിട്ട തിരുവനന്തപുരം തിരികെപ്പിടിക്കാൻ മറ്റൊരു സ്ഥാനാർഥിയെ കണ്ടെത്താൻ സി.പി.ഐക്കായിട്ടില്ല. 40 വർഷമായുള്ള പന്ന്യന്റെ മണ്ഡലത്തിലെ വ്യക്തിബന്ധമാണ് താൽപര്യമില്ലാഞ്ഞിട്ടും അദ്ദേഹത്തെ സ്ഥാനാർഥിത്വത്തിലേക്കെത്തിച്ചത്.
രാഹുൽ ഗാന്ധി മത്സരിക്കാനെത്തിയാലും ശക്തമായ മത്സരം വയനാട്ടിൽ ഉറപ്പിക്കുകയാണ് ആനി രാജയുടെ സ്ഥാനാർഥിത്വത്തിലൂടെ സി.പി.ഐ ലക്ഷ്യമിടുന്നത്. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ തീരുമാനിച്ചാൽ അതോടെ മണ്ഡലം ദേശീയതലത്തില്‍ ചര്‍ച്ചയാകുമെന്നുറപ്പ്. വി.എസ്. സുനിൽ കുമാറിനൊപ്പം കെ.പി. രാജേന്ദ്രന്റെ പേര് കൂടി പരിഗണനയിലുണ്ടായിരുന്നെങ്കിലും യുവനേതാവെന്ന പരിഗണനക്കാണ് തൃശൂരിൽ മേൽക്കൈ കിട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.