കോട്ടയം: കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം. മാണി ഇപ്പോഴും അഴിമതിക്കാരന്‍ തന്നെയെന്ന് സി.പി.ഐ കോട്ടയം ജില്ല സെക്രട്ടറി സി.കെ. ശശിധരൻ. കളങ്കിതനായ മാണിയെ എൽ.ഡി.എഫിൽ എടുക്കേണ്ട സാഹചര്യം നിലവിലില്ല. മാണി കുറ്റക്കാരനല്ലെന്നത് സംബന്ധിച്ച അന്വേഷണ റിപ്പോർട്ടുകളും കോടതി നടപടികളും സാങ്കേതികം മാത്രമാണ്. പാർട്ടി ജില്ല സമ്മേളനവുമായി ബന്ധപ്പെട്ട വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാണിയുമായി കൂട്ടുകെട്ട് വേണ്ടെന്ന നിലപാടാണ് സി.പി.െഎക്കുള്ളത്. ഇതിൽ മാറ്റം വരുത്തേണ്ട സാഹചര്യമില്ല. യു.ഡി.എഫ് സര്‍ക്കാറിെൻറ കാലത്ത് മാണിക്കെതിരായ അഴിമതി അക്കമിട്ടുനിരത്തിയാണ് എൽ.ഡി.എഫ് സമരം ചെയ്തത്. മാണിയെക്കൊണ്ട് ബജറ്റ് അവതരിപ്പിക്കാതിരിക്കാൻ നിയമസഭയിൽ നടന്ന പ്രതിഷേധങ്ങളൊന്നും ജനം മറന്നിട്ടില്ല. സി.പി.എമ്മും സി.പി.ഐയും രണ്ടു പാര്‍ട്ടികളാണ്. വ്യത്യസ്ത അഭിപ്രായങ്ങൾ സ്വഭാവികമാണ്. എല്ലാ കാര്യത്തിലും യോജിച്ചുകൊള്ളാമെന്ന കരാറിലല്ല പ്രവര്‍ത്തിക്കുന്നത്. അവരുമായി തങ്ങള്‍ക്ക് ശത്രുതയൊന്നുമില്ല. സി.പി.ഐയുടേത് മാത്രമല്ല, എല്ലാ വകുപ്പുകളിലും അഴിമതിയുണ്ടെന്നത് യാഥാര്‍ഥ്യമാണ്. ഉദ്യോഗസ്ഥതലത്തിലാണ് അഴിമതിയുള്ളത്. ഇതിന് വേഗത്തിൽ അറുതിവരുത്താനുള്ള ശ്രമത്തിലാണ് സർക്കാറെന്നും ശശിധരന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.