കോഴിക്കോട്: ശബരിമല വിഷയത്തിൽ ദേവസ്വം മന്ത്രിയേയും സർക്കാറിനെയും വിമർശിച്ച് സി.പി.ഐ മുഖപത്രം ജനയുഗത്തിൽ ലേഖനം. ദർശനത്തിന് സ്പോട്ട് ബുക്കിങ്ങിന് അവസരം നൽകണമെന്നും ദുശ്ശാഠ്യങ്ങൾ ശത്രുവർഗത്തിന് ആയുധമാകരുതെന്നും ലേഖനത്തിൽ പറയുന്നു. വൈകാരിക വിഷയങ്ങളിൽ കടുംപിടിത്തം പാടില്ലെന്നും ശബരിമല വിഷയത്തിൽ ഒരിക്കൽ കൈപൊള്ളിയിട്ടും പഠിച്ചില്ലെന്നും ‘മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്...’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു.
“ദുശ്ശാഠ്യങ്ങൾ ശത്രുവർഗത്തിന് ആയുധമാകരുത്. പ്രത്യേകിച്ചും സെൻസിറ്റീവായ വിഷയങ്ങളിലെ കടുംപിടിത്തം നമ്മെ ആപത്തിൽ കൊണ്ടുചാടിക്കുകയേയുള്ളൂ. ശബരിമലയിലെ ദർശനത്തിന് വെർച്വൽ ബുക്കിങ് മാത്രം പോരെന്നും സ്പോട്ട് ബുക്കിങ് കൂടി വേണമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അടക്കമുള്ള നേതാക്കൾ പറഞ്ഞു. ദർശനത്തിനുള്ള പരിഷ്കാരം ബി.ജെ.പിയുടെയും ഹിന്ദു സംഘടനകളുടെയും ഭക്തജനങ്ങളുടെയാകെ എതിർപ്പിന് കാരണമാകുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
രംഗം തണുപ്പിക്കാൻ വരട്ടെ, നോക്കട്ടെ എന്നു പോലും പറയാതെ നിലപാടെടുത്തപ്പോൾ ഹിന്ദു സംഘടനകളും പന്തളം കൊട്ടാരവും അയ്യപ്പ സേവാ സംഘങ്ങളും പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഇതിനിടെ ദേവസ്വം മന്ത്രി വാസവൻ പറയുന്നത് ഒരു കാരണവശാലും സ്പോട്ട് ബുക്കിങ് അനുവദിക്കില്ലെന്നാണ്. ഒരിക്കൽ ഇടതു മുന്നണിക്ക് കൈപൊള്ളിയതാണ് ശബരിമല വിഷയമെന്ന ഓർമയെങ്കിലും വാസവൻ മന്ത്രിക്ക് വേണ്ടേ” -എന്നിങ്ങനെയാണ് ലേഖനത്തിലെ പരാമർശം.
നേരത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കനത്ത തോൽവി നേരിടാൻ കാരണമായത് ശബരിമല വിഷയത്തിൽ സ്വീകരിച്ച നിലപാടും കാരണമായെന്ന് എൽ.ഡി.എഫ് വിലയിരുത്തലുണ്ടായിരുന്നു. ഇതിനു പിന്നാലെ തെറ്റുതിരുത്തൽ നടപടിയും മുന്നണി സ്വീകരിച്ചിരുന്നു. ഇതിനിടെയാണ് ഇത്തവണ സ്പോട്ട് ബുക്കിങ് വേണ്ടെന്ന തീരുമാനവുമായി സർക്കാറും ദേവസ്വം ബോർഡും മുന്നോട്ടുപോകുന്നത്. ഈ നിലപാടിനെതിരെ സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി തന്നെ രംഗത്തുവന്നിരുന്നു. ഭക്തരുടെ സുരക്ഷ പരിഗണിച്ചാണ് നീക്കമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് വ്യക്തമാക്കിയെങ്കിലും സ്പോട്ട് ബുക്കിങ് വേണമെന്ന ആവശ്യം തന്നെയാണ് സി.പി.ഐയും മുന്നോട്ടുവെക്കുന്നത്.
സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഭക്തരുടെ ആവശ്യങ്ങൾ പരിഗണിക്കണമെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അല്ലാത്ത പക്ഷം സംഘപരിവാർ സംഘടനകൾ മുതലെടുപ്പിന് ശ്രമിക്കുമെന്നും പിടിവാശി ഒഴിവാക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു. എന്നാൽ ഇതിനെ ഖണ്ഡിച്ചുകൊണ്ടാണ് ദേവസ്വം മന്ത്രി വി.എൻ. വാസവൻ സ്പോട്ട് ബുക്കിങ് ഇല്ലെന്ന സർക്കാർ നിലപാട് വ്യക്തമാക്കിയത്. ഇതിനുള്ള മറുപടി എന്ന നിലയിൽ കൂടിയാണ് ജനയുഗത്തിൽ വന്ന ലേഖനത്തെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.