നെയ്യാറ്റിന്‍കര: സരിത നായര്‍ ഉള്‍പ്പെട്ട തൊഴില്‍തട്ടിപ്പ് കേസില്‍ ഒന്നാം പ്രതിയായ സി.പി.ഐ പഞ്ചായത്തംഗം അറസ്റ്റില്‍. കുന്നത്തുകാല്‍ പഞ്ചായത്തിലെ പാലിയോട് വാര്‍ഡ് അംഗമായ രതീഷ് (32) ആണ് അറസ്റ്റിലായത്. ഓലത്താന്നി, തിരുപുറം സ്വദേശികളില്‍ നിന്ന് കെ.ടി.ഡി.സി, ബെവ്കോ എന്നിവിടങ്ങളില്‍ ജോലി വാഗ്ദാനം നല്‍കി പണം കൈപ്പറ്റിയതായാണ് പരാതി. പരാതിക്കാരില്‍ നിന്ന് പണം കൈപ്പറ്റിയതായി രതീഷ് സമ്മതിച്ചതായും പൊലീസ് പറയുന്നു.
ആനാവൂര്‍ കോട്ടയ്ക്കല്‍ പാലിയോട് വാറുവിളാകത്ത് പുത്തന്‍വീട്ടില്‍ രതീഷ് കേസിലെ ഒന്നാം പ്രതിയാണ്. ഇടനിലക്കാരനായി പ്രവർത്തിച്ച കുന്നത്തുകാൽ പഞ്ചായത്തിലെ ഇടത് സ്ഥാനാർഥി ഷാജു പാലിയോടും സരിത നായരുമാണ് രണ്ടും മൂന്നും പ്രതികൾ. ഷാജുവിനും സരിതക്കും വേണ്ടി തിരച്ചില്‍ ഊർജിതമാക്കിയതായി നെയ്യാറ്റിന്‍കര സി.ഐ. മാധ്യമങ്ങളെ അറിയിച്ചു.
തൊഴിൽതട്ടിപ്പ് കേസിൽ സരിത നായർക്കെതിരെ ഗുരുതര ആരോപണം ഹൈകോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ രതീഷ് ഉന്നയിച്ചിരുന്നു. തൊഴിൽ തട്ടിപ്പിൽ സരിത മുഖ്യ കണ്ണിയാണ്. പണം കൈമാറിയത് സരിതയുടെ അക്കൗണ്ടിലേക്കാണ്. വ്യാജ നിയമന ഉത്തരവുകള്‍ നല്‍കിയതും സരിതയാണ്. ഷൈജുവും സരിതയും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു. അതിന്‍റെ ഭാഗമായിട്ടാണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്. ഷൈജുവിനാണ് കൂടുതൽ പണം ലഭിച്ചത്. അത് സരിതക്ക് കൈമാറിയിട്ടുണ്ട്. പണം നൽകിയിട്ടും ജോലി ലഭിക്കാൻ വൈകുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ സരിതയാണ് വ്യാജ നിയമന ഉത്തരവുകൾ നൽകിയത്.
പലതരം സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ജോലിയിൽ പ്രവേശിക്കുന്നതിൽ നിന്ന് ഉദ്യോഗാർഥികളെ തടഞ്ഞു. എന്നാൽ, ജോലി അല്ലെങ്കിൽ പണം എന്ന നിലപാടിലേക്ക് ഉദ്യോഗാർഥികൾ സ്വീകരിച്ചതോടെയാണ് മൂന്നു ലക്ഷം രൂപയുടെ ചെക്ക് പരാതിക്കാരൻ അരുണിന് സരിത നൽകിയതെന്നും രതീഷ് പറയുന്നു. മൂന്നു ലക്ഷം നൽകുന്നതിന് സരിത നൽകിയ ചെക്കും ജാമ്യാപേക്ഷയോടൊപ്പം കോടതിയിൽ ഹാജരാക്കിയിരുന്നു.
ബിവറേജസ് കോർപറേഷനിലും കെ.ടി.ഡി.സിയിലും ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ വാങ്ങി ഇരുപതോളം യുവാക്കൾക്ക് വ്യാജ നിയമന ഉത്തരവുകൾ നൽകി എന്നാണ് സരിതക്കെതിരെ നെയ്യാറ്റിൻകര പൊലീസ് രജിസ്റ്റർ ചെയ്ത കേസ്. 11 ലക്ഷം തട്ടിയെന്ന ഓലത്താന്നി സ്വദേശി അരുണിന്‍റെ പരാതിയിൽ സരിത നായരെ രണ്ടാം പ്രതിയാക്കി നെയ്യാറ്റിൻകര പൊലീസ് കേസെടുത്തിരുന്നു.
മന്ത്രി കടകംപള്ളി സുരേന്ദ്രൻ അടക്കം ഒപ്പിട്ട വ്യാജ നിയമന ഉത്തരവ് നൽകിയാണ് തട്ടിപ്പ് നടത്തിയതെന്നാണ് വിവരം. കഴിഞ്ഞ നവംബറിൽ കെ.ടി.ഡി.സിയിൽ ജോലി വാഗ്ദാനം ചെയ്ത് അഞ്ച് ലക്ഷം തട്ടിയെടുത്തതായി പാലിയോട് സ്വദേശി നെയ്യാറ്റിൻകര പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ അന്വേഷണം പുരോഗമിക്കവെയാണ് അരുണിന്‍റെ പരാതി ലഭിച്ചത്. തമിഴ്നാട്ടിൽ താമസിക്കുന്ന സരിത എന്ന യുവതിയുടെ തിരുെനൽവേലിയിലെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം കൈമാറിയത്.
നെയ്യാറ്റിൻകരയില തൊഴിൽ തട്ടിപ്പിന് ഇരയായ യുവാവുമായുള്ള സരിതയുടേതെന്ന് കരുതുന്ന പുതിയ ശബ്ദരേഖയും പുറത്തുവന്നിരുന്നു. പരാതിക്കാരനായ അരുണുമായുള്ള സംഭാഷണമാണ് പുറത്തുവന്നത്. സി.പി.എമ്മിന് തന്നെ പേടിയാണെന്നും പിൻവാതിൽ നിയമനം പാർട്ടി ഫണ്ടിനാണെന്നും സരിത അവകാശവാദം ഉന്നയിക്കുന്നുണ്ട്. ആരോഗ്യകേരളം പദ്ധതിയില്‍ നാലുപേര്‍ക്ക് ജോലി നല്‍കി. പിന്‍വാതില്‍ നിയമനത്തില്‍ ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാർക്കും പങ്കുണ്ടെന്നും ശബ്ദരേഖയിൽ സരിത പറഞ്ഞിരുന്നു.
''ഒരുവീട്ടിൽ ഒരാൾക്ക് ജോലികൊടുത്താൽ വീട്ടുകാർ മൊത്തം കൂടെനിൽക്കുമെന്ന് സി.പി.എം കരുതുന്നുണ്ട്. അതുവഴി അവർക്ക് പാർട്ടിഫണ്ട് സ്വരൂപിക്കുകയും ചെയ്യാം. എന്നെ അവർക്ക് ചെറുതായി പേടിയുണ്ട്. അത് ഞാൻ യൂസ് ചെയ്യുകയാണ്'' -സരിത ശബ്ദരേഖയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.