സര്‍ക്കാര്‍ നയമാണ് പൊലീസ് നടപ്പാക്കേണ്ടത് –സി.പി.ഐ

തിരുവനന്തപുരം: സര്‍ക്കാര്‍ നയമാണ് പൊലീസ് നടപ്പാക്കേണ്ടതെന്നാണ് സങ്കല്‍പമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വിജിലന്‍സ് കേസുകളുടെ അന്വേഷണത്തിന് വേഗം കൂട്ടണമെന്നാണ് അഭിപ്രായമെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

പൊലീസ് നയത്തിലെ സങ്കല്‍പവും യാഥാര്‍ഥ്യവും തമ്മിലുള്ള അന്തരം മാധ്യമങ്ങള്‍ക്ക് നിരീക്ഷിക്കാം. മൂന്നു ദിവസത്തെ നേതൃയോഗങ്ങളില്‍ പൊലീസ് നയത്തിനെതിരെ ഉയര്‍ന്ന രൂക്ഷവിമര്‍ശനങ്ങള്‍ ശരിവെക്കുന്നതായിരുന്നു കാനത്തിന്‍െറ പ്രതികരണം. പൊലീസിന്‍െറ പല നിലപാടുകളോടും സി.പി.ഐക്ക് വ്യത്യസ്ത അഭിപ്രായമാണുള്ളത്. അത് പ്രകടിപ്പിച്ചിട്ടുമുണ്ട്. യു.എ.പി.എ ജനകീയ പ്രക്ഷോഭത്തിനെതിരെ പ്രയോഗിക്കാന്‍ പാടില്ല. പ്രതിപക്ഷ പാര്‍ട്ടികളോടുള്ള സമീപനമല്ല സി.പി.ഐയോട് പൊലീസ് കാണിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.

മാവോവാദിവേട്ടയുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിലമ്പൂരില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരെ തടഞ്ഞ ബി.ജെ.പിക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തില്ല. എന്നാല്‍ എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ കേസെടുത്തു. രാഷ്ട്രീയ സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫിസ് ആക്രമിക്കുകയോ വീടുകളിലേക്ക് അക്രമം വ്യാപിപ്പിക്കുകയോ ചെയ്യരുതെന്നാണ്  തീരുമാനിച്ചത്. അത് ലംഘിച്ചുവോയെന്ന് അവര്‍ തന്നെ പരിശോധിക്കട്ടെ.

സര്‍ക്കാര്‍ നയം പറയാന്‍ മുഖ്യമന്ത്രിക്ക് മന്ത്രിമാരുടെ പേഴ്സനല്‍ സ്റ്റാഫുകളുടെ യോഗം വിളിക്കാം. അദ്ദേഹത്തിന് അതിന് അധികാരമുണ്ട്. പാര്‍ട്ടി മന്ത്രിമാര്‍  മുഖ്യമന്ത്രി യോഗം വിളിക്കുന്ന കാര്യം പറഞ്ഞിരുന്നു. സര്‍ക്കാര്‍ ഡയറിയില്‍  നടപടിക്രമം തെറ്റിച്ചതാണ് ഇപ്പോള്‍ തിരുത്തുന്നത്. മുഖ്യമന്ത്രിയുടെ പേരിനുശേഷം അക്ഷരമാല ക്രമത്തിലാണ് മന്ത്രിമാരുടെ പേര് ചേര്‍ക്കേണ്ടത്. ഇതിനു മുമ്പും അക്ഷരത്തെറ്റ് സംഭവിച്ചിട്ടുണ്ട്. പി.ആര്‍.ഡിയുടെ ഹാന്‍ഡ്ബുക്കില്‍ ഇതേ തെറ്റ് സംഭവിച്ചത് ശ്രദ്ധയില്‍പെട്ടിരുന്നില്ല.

നിയമസഭയില്‍ മുന്‍ എല്‍.ഡി.എഫ് സര്‍ക്കാറുകളുടെ കാലത്ത് മുഖ്യമന്ത്രിക്ക് അടുത്ത കസേര സി.പി.എം മന്ത്രിമാര്‍ക്കായിരുന്നു. പിണറായി വിജയന്‍ എത്ര ശ്രമിച്ചാലും നരേന്ദ്ര മോദി ആകാന്‍ സാധിക്കില്ല. അദ്ദേഹം എല്‍.ഡി.എഫിന്‍െറ മുഖ്യമന്ത്രിയാണ്. മുന്നണി നയത്തിനും നിലപാടിനും അനുയോജ്യമായാണ് മുന്നോട്ട് പോകുന്നത്. പിണറായിയെ മോദിയോട് അസി. സെക്രട്ടറി സത്യന്‍ മൊകേരി ഉപമിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് കമീഷന്‍ വിലക്കാത്ത ഒരാള്‍ക്ക് എം.എല്‍.എയും മന്ത്രിയും ആവുന്നതിന് തടസ്സമില്ളെന്നായിരുന്നു എം.എം. മണി വിഷയത്തില്‍ പ്രതികരണം. മന്ത്രി മേഴ്സിക്കുട്ടിയമ്മക്കെതിരായ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് വരട്ടെയെന്നും കാനം പറഞ്ഞു.

ജനുവരി 30 മതേതരത്വ പ്രതിരോധദിനമായി ആചരിക്കും. റിപ്പബ്ളിക് ദിനത്തില്‍  ഭരണഘടന സംരക്ഷണത്തിന്‍െറ ഭാഗമായി പാര്‍ട്ടി ഓഫിസുകളില്‍ ദേശീയ പതാക ഉയര്‍ത്തും.

റേഷന്‍ പ്രതിസന്ധിക്കുള്ള ഉത്തരവാദിത്വത്തില്‍നിന്ന് കേന്ദ്ര സര്‍ക്കാറിനും മുന്‍ യു.ഡി.എഫ് സര്‍ക്കാറിനും ഒഴിഞ്ഞുമാറാന്‍ കഴിയില്ളെന്നും അദ്ദേഹം വ്യക്തമാക്കി. അസി.സെക്രട്ടറി സത്യന്‍ മൊകേരി, കെ. പ്രകാശ്ബാബു എന്നിവരും സംബന്ധിച്ചു.

 

Tags:    
News Summary - cpi on pinarayi police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.