ആലപ്പുഴ: സി.പി.എം ആലപ്പുഴ ജില്ല കമ്മിറ്റിയിൽ മുഖ്യമന്ത്രിക്കെതിരെ വിമർശനം. മുഖ്യമന്ത്രി ശൈലി തിരുത്തണമെന്ന് ആവശ്യമുയർന്നു. വെള്ളിയാഴ്ച നടന്ന ജില്ല സെക്രട്ടേറിയറ്റിൽ ആരും മുഖ്യമന്ത്രിയെ വിമർശിച്ചിരുന്നില്ല. അതിൽനിന്ന് വിഭിന്നമായ സമീപനമാണ് ജില്ല കമ്മിറ്റി അംഗങ്ങളിൽ നിന്നുണ്ടായത്.
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പിന്തുണച്ചും വിമർശിച്ചും അംഗങ്ങൾ രംഗത്തെത്തി. തെരഞ്ഞെടുപ്പ് സമയത്ത് ആദ്യം കണ്ടപ്പോൾ സഹായിക്കാമെന്ന് വെള്ളാപ്പള്ളി പറഞ്ഞിരുന്നുവെന്ന് ആലപ്പുഴയിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന എ.എം. ആരിഫ് പറഞ്ഞു. പിന്നീട് നിലപാട് മാറ്റുകയായിരുന്നു. ഇ.ഡിയുടെ പേരുപറഞ്ഞ് ബി.ജെ.പി വെള്ളാപ്പള്ളിയെ ഭീഷണിപ്പെടുത്തിയിട്ടുണ്ടാകാമെന്നും ആരിഫ് പറഞ്ഞു.
പെൻഷൻ കൃത്യമായി നൽകാത്തതിൽ മറുപടി നൽകാനായില്ല, പാർട്ടിക്ക് അകത്തെ വിഭാഗീയതാണ് ഹരിപ്പാടും കായംകുളത്തും മൂന്നാം സ്ഥാനത്ത് എത്താൻ കാരണം, കുട്ടനാട്ടിലെ വിഷയം പരിഹരിക്കൻ ജില്ല സെക്രട്ടറി ആർ. നാസർ ഇടപെട്ടില്ല എന്നിങ്ങനെയുള്ള വിമർശനങ്ങളും ജില്ല കമ്മിറ്റിയിൽ ഉയർന്നു.
വെള്ളാപ്പള്ളിയെ രൂക്ഷമായി വിമർശിച്ച് ജില്ല കമ്മിറ്റി അംഗം ടി.കെ. ദേവകുമാറും രംഗത്തെത്തി. കുട്ടനാട്ടിലെ വിഷയം പരിഹരിക്കാൻ സെക്രട്ടറി ഇടപെട്ടില്ലെന്നായിരുന്നു ജില്ല കമ്മിറ്റി അംഗം ശിവദാസന്റെ വിമർശനം. ധന, ആരോഗ്യ മന്ത്രിമാർക്കെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. ധനമന്ത്രി കെ.എൻ. ബാലഗോപാലിനെ പേരെടുത്ത് പറഞ്ഞ് അംഗങ്ങൾ വിമർശിച്ചു. ജി. സുധാകരന്റെ മോദി പ്രശംസയിലും വിമർശനം ഉയർന്നു. ജി. സുധാകരന്റെ പേര് പറയാതെയായിരുന്നു വിമർശനം. അമ്പലപ്പുഴ ഏരിയ സെക്രട്ടറി ഓമനക്കുട്ടനാണ് വിമർശനമുന്നയിച്ചത്.
ആദ്യം പ്രശംസിച്ചിട്ട് പിന്നീട് വ്യാഖ്യാനിച്ചിട്ട് കാര്യമില്ല. മുതിർന്ന നേതാക്കൾക്ക് വാക്കുകൾ പിഴച്ചുകൂടാ. മാധ്യമങ്ങൾക്ക് വാർത്തയുണ്ടാക്കാൻ അവസരം കൊടുക്കരുതെന്നും സംസ്ഥാന കമ്മിറ്റി പരിശോധിക്കണമെന്നും ഓമനക്കുട്ടൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.