പത്തനംതിട്ട: നഗരസഭയിൽ എസ്.ഡി.പി.ഐയുമായി ബന്ധമില്ലാതെ മുന്നോട്ടുപോകാൻ കഴിയില്ലെന്ന് സി.പി.എം നിലപാട് വ്യക്തമാക്കിയതോടെ പരസ്യ പ്രതിഷേധവുമായി സി.പി.ഐ. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിൽ മുന്നണി നയത്തിന് വിരുദ്ധമായി വർഗീയ കക്ഷികളുമായി സി.പി.എം അവിഹിത ബന്ധങ്ങൾ സ്ഥാപിക്കുകയാണെന്ന് സി.പി.ഐ ആരോപിച്ചു.
പത്തനംതിട്ട നഗരസഭയിൽ എസ്.ഡി.പി.ഐയുമായുള്ള സി.പി.എമ്മിൻെറ വഴിവിട്ട ബന്ധത്തെ ചൊല്ലി നഗരസഭ സ്ഥിരം സമിതി അധ്യക്ഷ തെരഞ്ഞെടുപ്പ് സി.പി.ഐ ബഹിഷ്കരിച്ചു. റാന്നിയിൽ ബി.ജെ.പിയോടൊപ്പം സി.പി.എം അംഗങ്ങളും വോട്ടുചെയ്ത് കേരള കോൺഗ്രസ് അംഗത്തെ പഞ്ചായത്ത് പ്രസിഡൻറാക്കിയതിനെതിരെയും സി.പി.ഐ പരസ്യ നിലപാട് സ്വീകരിച്ചിരുന്നു. അതിന് പിന്നാലെയാണ് പത്തനംതിട്ടയിൽ സി.പി.ഐയുടെ ഏക അംഗം സ്ഥിരം സമിതി അധ്യക്ഷ തെരെഞ്ഞടുപ്പ് ബഹിഷ്കരിച്ചത്. വെള്ളിയാഴ്ച നടന്ന നഗരസഭ എൽ.ഡി.എഫ് നേതൃയോഗത്തിൽനിന്ന് സി.പി.ഐ അംഗങ്ങൾ ഇറങ്ങിപ്പോയി.
എസ്.ഡി.പി.ഐയുമായി ബന്ധമില്ലാതെ മുന്നോട്ടുപോകാൻ കഴിയില്ലെന്ന് നേതൃയോഗത്തിൽ പങ്കെടുത്ത സി.പി.എം നേതാക്കൾ പറഞ്ഞു. ഇതേച്ചൊല്ലി യോഗത്തിൽ രൂക്ഷമായ വാക്കേറ്റമാണ് നടന്നത്. എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗം കൂടി ചർച്ച ചെയ്യാതെ എസ്.ഡി.പി.ഐയുടെ സമ്മർദത്തിന് വഴങ്ങി സ്ഥിരം സമിതിയിലേക്കുള്ള അംഗങ്ങളെ രഹസ്യമായി തെരഞ്ഞെടുത്തതായി സി.പി.ഐ പറഞ്ഞു.
ജില്ലയുെട മറ്റ് ഭാഗങ്ങളിൽ ഉടലെടുത്ത സി.പി.എമ്മിന്റെ രഹസ്യബന്ധങ്ങളും സി.പി.ഐ അംഗങ്ങൾ വിമർശിച്ചു. ഇതോടെ യോഗത്തിൽനിന്ന് അംഗങ്ങൾ ഇറങ്ങിപ്പോകുകയായിരുന്നു. സി.പി.എമ്മിൽനിന്നും സംസ്ഥാന കമ്മിറ്റി അംഗം ആർ. ഉണ്ണികൃഷ്ണപിള്ള, ഏരിയ സെക്രട്ടറി എൻ. സജികുമാർ, നഗരസഭ ചെയർമാൻ സക്കീർ ഹുസൈൻ തുടങ്ങിയവരാണ് പങ്കെടുത്തത്. എസ്.ഡി.പി.ഐയെ ഭയന്നുള്ള ഭരണമാണ് നഗരസഭയിൽ നടക്കുന്നതെന്ന് സി.പി.ഐ തുറന്നടിച്ചു.
ഇതോടെ സി.പി.എം-സി.പി.ഐ പോര് പത്തനംതിട്ടയിൽ രൂക്ഷമായി. സി.പി.എമ്മുമായുള്ള മുൻധാരണ പ്രകാരമാണ് എസ്.ഡി.പി.ഐക്ക് വിദ്യാഭ്യാസ - കലാകായിക സ്ഥിരംസമിതി അധ്യക്ഷൻ സ്ഥാനം ലഭിച്ചതെന്ന ആക്ഷേപം ശക്തമാണ്. സ്ഥിരംസമിതിയിൽ ഒരു പാർട്ടിയിൽനിന്നും മൂന്നുപേർ വരുന്ന വിധം വീതിക്കുകയായിരുന്നു.
അഞ്ചംഗ വിദ്യാഭ്യാസ - കായിക സമിതിയിൽ എസ്.ഡി.പി.ഐയിലെ മൂന്നുപേരും ഒരു യു.ഡി.എഫ് അംഗവും ഒരു എൽ.ഡി.എഫ് അംഗവുമാണുള്ളത്. രണ്ട് അംഗം എതിർത്താലും അധ്യക്ഷസ്ഥാനം എസ്.ഡി.പി.ഐക്ക് ലഭിക്കുംവിധമായിരുന്നു അംഗങ്ങളെ തെരഞ്ഞെടുത്തത്. എൽ.ഡി.എഫിൽ ഘടകകക്ഷിയായ കേരള കോൺഗ്രസ് - എമ്മിനാണ് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷസ്ഥാനം നൽകിയത്. ഇതും സി.പി.ഐയുടെ എതിർപ്പിനിടയാക്കി.
സി.പി.ഐയുടെ ഏക അംഗമായ സുമേഷ് ബാബുവിനെ ആരോഗ്യ സ്ഥിരംസമിതിയിലാണ് ഉൾപ്പെടുത്തിയത്. സി.പി.ഐയെ തഴയുന്ന നിലപാടാണ് സി.പി.എം സ്വീകരിക്കുന്നതെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. ഇതിനിടെ 10ാം വാർഡിൽ മത്സരിച്ച സി.പി.ഐയിലെ അബ്ദുൽ ഷുക്കൂറിനെ പരാജയപ്പെടുത്താൻ ചില സി.പി.എം നേതാക്കൾ ശ്രമിച്ചതായ പരാതി ഉയർന്നിട്ടും അവർെക്കതിരെ നടപടി എടുക്കാത്തതും സി.പി.ഐയെ ചൊടിപ്പിച്ചു. വാർഡിൽ എസ്.ഡി.പി.ഐയാണ് വിജയിച്ചത്. സി.പി.എം സഹായിച്ചതിനാലാണ് ഇത് സംഭവിച്ചതെന്ന് സി.പി.ഐ ചൂണ്ടിക്കാട്ടിയിരുന്നു. ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് അബ്ദുൽ ഷുക്കൂർ സി.പി.എം ജില്ല സെക്രട്ടറിക്ക് പരാതി നൽകി.
നഗരസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫും യു.ഡി.എഫും 13 സീറ്റുവീതം നേടിയതോടെ മൂന്ന് സ്വതന്ത്രരുടെ പിന്തുണയോടെയാണ് എൽ.ഡി.എഫ് ഭരണം നേടിയത്. ഇതോടൊപ്പം എസ്.ഡി.പി.ഐയിലെ മൂന്ന് അംഗങ്ങളുടെ രഹസ്യ പിന്തുണയുമുണ്ട്. എസ്.ഡി.പി.ഐയുടെ പിന്തുണയോടെ മത്സരിച്ചയാളെയാണ് വൈസ് ചെയർപേഴ്സൻ ആക്കിയത്. റാന്നിയിൽ ബി.ജെ.പി അംഗം നിർദേശിക്കുകയും മറ്റൊരു ബി.ജെ.പി അംഗം പിന്താങ്ങുകയും ചെയ്ത കേരള കോൺഗ്രസ് അംഗത്തിനാണ് പഞ്ചായത്തിലെ സി.പി.എം അംഗങ്ങൾ വോട്ടുചെയ്തത്. ഇതിനെതിരെ സി.പി.എം ഒരു നടപടിയും എടുത്തിട്ടില്ല.
ബി.ജെ.പിക്കും എസ്.ഡി.പി.ഐക്കും ഒപ്പം ൈകകോർക്കുന്നത് എൽ.ഡി.എഫ് നയത്തിന് വിരുദ്ധമാണെന്നും നിയമസഭ തെരെഞ്ഞടുപ്പിൽ അത് ദോഷം ചെയ്യുമെന്നും സി.പി.ഐ ചൂണ്ടിക്കാട്ടുന്നു. കോയിപ്രം പഞ്ചായത്തിൽ സി.പി.ഐയുടെ ആവശ്യങ്ങൾ നിരന്തരം സി.പി.എം അവഗണിക്കുകയാണ്. അതിൽ കോയിപ്രത്ത് സി.പി.ഐ കടുത്ത പ്രതിഷേധത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.