കോഴിക്കോട്: പ്രതീക്ഷിച്ചതുപോലെ ഫലസ്തീൻ റാലിയിൽ പങ്കെടുക്കാനുള്ള സി.പി.എം ക്ഷണം മുസ്ലിം ലീഗ് നിരസിച്ചെങ്കിലും സി.പി.എമ്മിനെ തഴുകിത്തലോടിയുള്ള നിരാസത്തിന് പിന്നിൽ രാഷ്ട്രീയ മാനങ്ങളേറെ. ഇ.ടി.മുഹമ്മദ് ബഷീറിന്റെ പ്രസ്താവനയിൽ വിവാദം കത്തുകയും അത് യു.ഡി.എഫിന്റെ കെട്ടുറപ്പിനെ ബാധിക്കുമെന്ന സാഹചര്യമുണ്ടാവുകയും ചെയ്തതോടെയാണ് ഉടൻ തീരുമാനം പ്രഖ്യാപിക്കാൻ ശനിയാഴ്ച ലീഗ് ഹൗസിൽ നേതാക്കൾ യോഗം ചേർന്നത്.
തന്റെ സാന്നിധ്യം കൊണ്ട് ഗൗരവമാക്കേണ്ട കാര്യമില്ല എന്നതിനാൽ പാർട്ടി അധ്യക്ഷൻ സാദിഖലി തങ്ങൾ നേരിട്ട് യോഗത്തിൽ പങ്കെടുത്തിരുന്നില്ല. എന്നാൽ, അദ്ദേഹവുമായി ആശയവിനിമയം നടത്തിയാണ് തീരുമാനം പ്രഖ്യാപിച്ചത്.
ഫലസ്തീൻ സർവ മനുഷ്യരുടെയും ഉള്ളുലക്കുന്ന വൈകാരിക വിഷയമായതിനാലാണ് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ഏത് പരിപാടിയുമായും സഹകരിക്കണമെന്ന അഭിപ്രായം പ്രകടിപ്പിച്ചതെന്നാണ് ഇ.ടി യോഗത്തിൽ വിശദീകരിച്ചത്. അന്താരാഷ്ട്ര തലത്തിൽ തന്നെ ഇസ്രായേലിനെതിരെ കക്ഷി രാഷ്ട്രീയത്തിനതീതമായി രോഷം ഉയരുന്ന സാഹചര്യത്തിൽ ഏത് പാർട്ടിയോടും വിഷയത്തിൽ സഹകരിക്കാമെന്ന വ്യക്തിപരമായ നിലപാടാണ് സി.പി.എം റാലിയുടെ കാര്യത്തിലും സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നും സി.പി.എമ്മിനോട് കടുത്ത നിലപാട് സ്വീകരിച്ച നേതാവെന്ന നിലയിൽ ഇ.ടിയുടെ ഭാഗത്തുനിന്ന് പൊടുന്നനെ ഉണ്ടായ സി.പി.എം അനുകൂല നിലപാട് നിരവധി വ്യാഖ്യാനങ്ങൾക്കിടയാക്കിയിരുന്നു. പാർട്ടി പ്രവർത്തകർക്കിടയിൽ പ്രസ്താവന ആശ്ചര്യം സൃഷ്ടിച്ചു.
നേതാക്കൾക്കിടയിലും ഭിന്നാഭിപ്രായങ്ങൾ ഉയർന്നു. കോൺഗ്രസിനകത്തും കടുത്ത നിരാശയും നീരസവുമുണ്ടാക്കിയതോടെയാണ് ഉടൻ വിഷയത്തിൽ തീരുമാനം പ്രഖ്യാപിച്ച് ആശയക്കുഴപ്പം ഒഴിവാക്കിയത്.
ക്ഷണിച്ചാൽ പങ്കെടുക്കുമെന്ന ഇ.ടിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് റാലിയിൽ പങ്കെടുക്കാൻ സി.പി.എം ക്ഷണമുണ്ടായത് എന്നതിനാൽ തീരുമാനം പ്രഖ്യാപിക്കുന്നത് മാന്യത ഉയർത്തിപ്പിടിച്ചാകണമെന്ന യോഗ വികാരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റു വ്യാഖ്യാനങ്ങളിലേക്ക് പോകാതിരിക്കാൻ നേതാക്കൾ ജാഗ്രത പാലിച്ചത്.
മുസ്ലിം ലീഗിന്റെ ഫലസ്തീൻ റാലിയിൽ ഇസ്രായേലിനെതിരെ നടന്നത് ഭീകരാക്രമണമാണെന്ന ശശി തരൂരിന്റെ പരാമർശത്തിൽ വിവാദം കത്തിയപ്പോൾ അതിൽ സി.പി.എം മുതലെടുപ്പിന് ശ്രമിച്ചിരുന്നില്ല. കെ.ടി. ജലീൽ വിഷയം കത്തിക്കാൻ ശ്രമിച്ചിട്ടും അതിനെ തള്ളി മാന്യമായ രീതിയിലാണ് പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ വിവാദത്തിൽ പ്രതികരിച്ചത് എന്നതും ലീഗ് നേതൃയോഗം വിലയിരുത്തി. അങ്ങനെയാണ് കോൺഗ്രസിനെ പങ്കെടുപ്പിക്കാത്തതുകൊണ്ടുമാത്രം ഘടകകക്ഷിയെന്ന നിലയിൽ റാലിയിൽ പങ്കെടുക്കില്ലെന്ന തീരുമാനം നേതാക്കൾ പ്രഖ്യാപിച്ചത്.
വിവാദത്തിൽനിന്ന് പാർട്ടി മൃദുവായി തലയൂരിയെങ്കിലും നേട്ടമുണ്ടാക്കിയത് സി.പി.എമ്മാണ്. ലീഗ് പങ്കെടുക്കുമോ എന്നതിനെച്ചൊല്ലിയുള്ള വിവാദത്തിൽ ഏകസിവിൽ കോഡ് റാലിക്ക് കിട്ടിയ വമ്പൻ പ്രചാരണം പോലെ, ഫലസ്തീൻ റാലിയുടെ പ്രചാരണം പാർട്ടി ഏറ്റെടുക്കുന്നതിന് മുമ്പുതന്നെ യു.ഡി.എഫിനെക്കൊണ്ട് ഏറ്റെടുപ്പിക്കാൻ സാധിച്ചു എന്നതാണ് ഒരുനേട്ടം.
അതോടൊപ്പം, സി.പി.എമ്മിനോടുള്ള ലീഗിന്റെ മൃദുസമീപനം യു.ഡി.എഫിലുണ്ടാക്കിയ ആശയക്കുഴപ്പവും കെ.പി.സി.സി അധ്യക്ഷൻ നിരുത്തരവാദ പ്രസ്താവന നടത്തി കുഴിയിൽ ചാടിയതും അതിനോട് ലീഗ് കടുത്ത ഭാഷയിൽ പ്രതികരിച്ചതും കണ്ട് സി.പി.എം നേതാക്കൾ ചിരിച്ചു. റാലി കോഴിക്കോട് വെച്ചതിലൂടെ സി.പി.എം ഉദ്ദേശിച്ച ലക്ഷ്യത്തിന്റെ പ്രഥമ ദൗത്യം പൂർത്തിയായെന്ന വിലയിരുത്തലിലാണ് പാർട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.