സർക്കാറിൽ പിടിമുറുക്കാൻ സി.പി.എം; മന്ത്രി ഓഫിസുകളിൽ ബ്രാഞ്ച് കമ്മിറ്റികൾ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫിസുകളിൽ ബ്രാഞ്ച് കമ്മിറ്റി രൂപവത്കരിച്ച് സി.പി.എം. സർക്കാറിൽ പാർട്ടി നിയന്ത്രണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കമെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സി.പി.എമ്മിൽ ഇത്തരമൊരു നീക്കം ആദ്യമായാണ്. എറണാകുളം സംസ്ഥാന സമ്മേളനത്തിന് ശേഷമാണ് മന്ത്രി ഓഫിസുകളിൽ പാർട്ടി ബ്രാഞ്ച് രൂപവത്കരിക്കാൻ തീരുമാനമായത്. മന്ത്രി ഓഫിസുകളിൽ പാർട്ടി അംഗത്വമുള്ള പത്തിലധികം പേരാണുള്ളത്. അത്തരം ഓഫിസുകൾ കേന്ദ്രീകരിച്ചാണ് ബ്രാഞ്ച് രൂപവത്കരിച്ചത്. ഇത് എ.കെ.ജി സെന്ററിന് കീഴിലുള്ള ബ്രാഞ്ചായി പ്രവർത്തിക്കും.

പാർട്ടി നിർദേശങ്ങളും ഭരണപരമായ ഉത്തരവാദിത്വങ്ങളും റിപ്പോർട്ട് ചെയ്യുന്ന വിധത്തിൽ മന്ത്രി ഓഫിസ് ബ്രാഞ്ചുകളുടെ യോഗം ഒരുമിച്ചാണ് ചേരുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുടെ നേതൃത്വത്തിലാണ് യോഗം നടക്കുന്നത്. സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശനാണ് ഇതുവരെയുള്ള യോഗങ്ങളിൽ പാർട്ടി റിപ്പോർട്ടിങ് നടത്തിയത്. മുഖ്യമന്ത്രിയുടെ മുൻ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു ദിനേശൻ.

രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയപ്പോഴാണ് മന്ത്രിമാരുടെ സ്റ്റാഫുകളിൽ പാർട്ടി നിയന്ത്രണം കൊണ്ടുവരാൻ സി.പി.എം തീരുമാനിച്ചത്. മുതിർന്ന പാർട്ടി നേതാക്കൾ മാത്രം മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരായാൽ മതിയെന്ന തീരുമാനം അങ്ങനെ ഉണ്ടായതാണ്. ധന-വ്യവസായ മന്ത്രിമാർക്ക് മാത്രമാണ് ഇതിൽ ഇളവുള്ളത്. പ്രൈവറ്റ് സെക്രട്ടറിമാർ എല്ലാ മാസവും സ്റ്റാഫ് അംഗങ്ങളുടെ യോഗം വിളിച്ചു ചേർക്കണമെന്ന് നിർദേശമുണ്ടായതും ഇതേ തുടർന്നാണ്.

നേരത്തെ സർക്കാറിൽ പാർട്ടിയുടെ സെൽഭരണം ഉണ്ടാകരുതെന്ന് നിർദേശിച്ച സി.പി.എമ്മാണ് ഇപ്പോൾ സർക്കാർ തലത്തിൽ പാർട്ടി സെൽ രൂപവത്കരിച്ചത്.

Tags:    
News Summary - CPM Branch Committees in Ministerial Offices

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.