സി.പി.എം ആയുധത്തിന്‍റെ മുനയൊടിഞ്ഞു; ആവിയായി സോളാർ പീഡനക്കേസ്

തിരുവനന്തപുരം: നീണ്ട ഒമ്പതു വര്‍ഷം കേരള രാഷ്ട്രീയത്തെയും കോണ്‍ഗ്രസിനെയും പിടിച്ചുലച്ച സോളാര്‍ പീഡനക്കേസ് സി.ബി.ഐ കണ്ടെത്തലോടെ ആവിയായി. കഴിഞ്ഞ രണ്ടു നിയമസഭ തെരഞ്ഞെടുപ്പിലും ലോക്സഭ തെരഞ്ഞെടുപ്പിലും യു.ഡി.എഫിനെതിരെ സി.പി.എം ആയുധമാക്കിയ സോളാറിന്‍റ മുനയൊടിഞ്ഞെന്ന് സാരം. കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തിനൊടുവിലാണ് ക്ലീൻചിറ്റ് കിട്ടിയതെന്നത് തങ്ങളുടെ നിരപരാധിത്വത്തിന്‍റെ മാറ്റ് വർധിപ്പിക്കുന്നെന്ന് കോൺഗ്രസ് നേതാക്കൾ അവകാശപ്പെടുന്നു.

2013 ജൂൺ മൂന്നിന് സോളാർ തട്ടിപ്പിലെ മുഖ്യപ്രതിയായ വനിത അറസ്റ്റിലായതോടെയാണ് യു.ഡി.എഫിന്‍റെ തലവേദന തുടങ്ങുന്നത്. പിറ്റേദിവസം തന്നെ തട്ടിപ്പ് അന്വേഷിക്കാൻ കോടതി ഉത്തരവിട്ടു. അതിനിടെ, മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും അദ്ദേഹത്തിന്‍റെ ഓഫിസിനെയും പ്രതിക്കൂട്ടിലാക്കുന്ന ആരോപണങ്ങൾ വന്നു. പിന്നീടാണ് തട്ടിപ്പ് പ്രതി പീഡനപരാതി ഉന്നയിക്കുന്നത്. കോണ്‍ഗ്രസിനെ നിരന്തരം വേട്ടയാടുന്നതിന് കൃത്യമായി സി.പി.എം സോളാര്‍ കേസ് ഉപയോഗിക്കുകയും ചെയ്തു.

അന്വേഷണം നടത്തി സ്വയം വെട്ടിലായി

എ.ഡി.ജി.പി എ. ഹേമചന്ദ്രന്‍റെ നേതൃത്വത്തിലെ സംഘത്തെയാണ് അന്വേഷിക്കാൻ ഉമ്മൻ ചാണ്ടി സർക്കാർ നിയോഗിച്ചത്. പിന്നാലെ ഉമ്മൻ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം തുടങ്ങി. അദ്ദേഹത്തിന്‍റെ പേഴ്സനൽ സ്റ്റാഫുകൾ അറസ്റ്റിലായതോടെ പ്രശ്നം രൂക്ഷമായി. പിന്നീട് പുറത്തുവന്ന ഫോൺവിളി പട്ടികയിൽ മന്ത്രിമാരും ഉൾപ്പെട്ടതോടെ യു.ഡി.എഫ് സർക്കാർ പ്രതിരോധത്തിലായി.

2013 ഒക്ടോബർ 23ന് പിന്നാക്ക വിഭാഗ കമീഷൻ ചെയർമാൻ ജസ്റ്റിസ് ശിവരാജൻ അധ്യക്ഷനായി സോളാർ തട്ടിപ്പ് കേസ് അന്വേഷിക്കാൻ ഉമ്മൻ ചാണ്ടി സർക്കാർതന്നെ ജുഡീഷ്യൽ കമീഷനെ നിയമിച്ചു. അതിനിടെ, 2013 ഒക്ടോബർ 27ന് കണ്ണൂരിൽ എൽ.ഡി.എഫ് പ്രതിഷേധത്തിനിടെയുണ്ടായ കല്ലേറിൽ ഉമ്മൻ ചാണ്ടിക്ക് പരിക്കേറ്റു.

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എൽ.ഡി.എഫിന്‍റെ നേതൃത്വത്തിൽ 17 ദിവസം ക്ലിഫ്ഹൗസ് വളഞ്ഞു. പിന്നീട് സെക്രട്ടേറിയറ്റ് വളയലിലേക്കും സമരം മാറി. ഇതിനിടയിൽ പരാതിക്കാരി ലൈംഗികാരോപണങ്ങളും ഉന്നയിച്ചു. തുടർന്ന് 2016 ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെതിരായ ശക്തമായ പ്രചാരണവിഷയമായി സോളാർ മാറി. തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് തോറ്റതോടെ ഉമ്മൻ ചാണ്ടി പിന്നിലേക്ക് മാറി. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായി.

‘ഗുണമായത്’ ജുഡീഷ്യൽ കമീഷൻ റിപ്പോർട്ട്

2017 സെപ്റ്റംബര്‍ 26ന് സോളാര്‍ കമീഷൻ അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചതോടെ സി.പി.എമ്മിന്‍റെ കൈയിലെ മുഖ്യ ആയുധമായി മാറി.റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഉമ്മൻ ചാണ്ടിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിനും, മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനെതിരെ ക്രിമിനല്‍ കേസിനും, ആര്യാടന്‍ മുഹമ്മദിനെതിരെ വിജിലന്‍സ് കേസിനും മന്ത്രിസഭ അനുമതി നൽകി.

പരാതിക്കാരി പീഡന പരാതി ഉന്നയിച്ച ഉമ്മൻ ചാണ്ടി അടക്കം ആറുപേർക്കെതിരെ ബലാത്സംഗ കേസും.ഉത്തര മേഖല എ.ഡി.ജി.പിയായിരുന്ന രാജേഷ് ദിവാന്റെ നേതൃത്വത്തിൽ ഐ.ജി ദിനേന്ദ്ര കശ്യപായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥൻ. കേസ് ഏറ്റെടുക്കാൻ സംഘം വിമുഖത കാട്ടി.

നിയമ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സർക്കാറിന് കത്തും നൽകിയെങ്കിലും ഒടുവിൽ അന്വേഷണം ഏറ്റെടുത്തു. കാര്യമായ പുരോഗതി ഉണ്ടാകാതിരുന്നതോടെയാണ് അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് പരാതിക്കാരി ആവശ്യപ്പെട്ടത്. 2021 ജനുവരി 24ന് സോളാർ കേസ് സി.ബി.ഐക്ക് വിട്ട് സംസ്ഥാന സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു.

എന്നും തുറന്ന പുസ്തകം -ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുന്നയിച്ച് പൊതുപ്രവര്‍ത്തകരെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നതും കളങ്കിത മുദ്രകുത്തുന്നതും ശരിയാണോയെന്ന് എല്ലാവരും ആലോചിക്കുന്നത് നല്ലതാണെന്ന് ഉമ്മൻ ചാണ്ടി. സോളാര്‍ പീഡനക്കേസില്‍ സി.ബി.ഐ കുറ്റമുക്തരാക്കിയതിന് പിന്നാലെ ഫേസ്ബുക്ക് പേജിലാണ് അദ്ദേഹം പ്രതികരിച്ചത്.

തന്റെ പൊതുജീവിതം എന്നും തുറന്ന പുസ്തകമായിരുന്നു. മനഃസാക്ഷിക്ക് നിരക്കാത്ത ഒരു പ്രവര്‍ത്തിയും ചെയ്തിട്ടില്ല. ജനങ്ങളില്‍ ഒന്നും ഒളിച്ചുവെക്കാനും ശ്രമിച്ചിട്ടില്ല. അന്വേഷണ ഫലത്തെപ്പറ്റി ആശങ്ക ഉണ്ടായിരുന്നില്ല. സത്യം മൂടിവെക്കാന്‍ കഴിയില്ലെന്ന ഉത്തമവിശ്വാസമാണ് എപ്പോഴുമുള്ളത്. എല്‍.ഡി.എഫ് സര്‍ക്കാറിൽ സംസ്ഥാന പൊലീസും ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണങ്ങളിലും ആരോപണങ്ങളില്‍ അടിസ്ഥാനമില്ലെന്ന് കെണ്ടത്തിയെന്നാണ് മനസ്സിലാക്കുന്നത്.

പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലാത്തുകൊണ്ടാണോ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് അറിയില്ല. പെരിയ കൊലക്കേസും മട്ടന്നൂര്‍ ഷുഹൈബ് വധക്കേസും സി.ബി.ഐ അന്വേഷിക്കാതിരിക്കാൻ കോടികള്‍ മുടക്കി ഡല്‍ഹിയില്‍ നിന്നും അഭിഭാഷകരെ കൊണ്ടുവന്ന് കേസ് നടത്തിയ ഇടത് സര്‍ക്കാര്‍, സോളാര്‍ കേസില്‍ സി.ബി.ഐ അന്വേഷണത്തിന് തയാറായതില്‍ അദ്ഭുതമുണ്ട്.

വെള്ളക്കടലാസില്‍ എഴുതിവാങ്ങിയ പരാതിയില്‍ പൊലീസ് റിപ്പോര്‍ട്ട് തേടാതെ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവ് നല്‍കിയതിന് പിന്നിലെ ഉദ്ദേശശുദ്ധി സംശയകരമാണ്. ഭരണ നേതൃത്വത്തിന്റെ സമ്മര്‍ദത്തിന് വഴങ്ങി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്‌തേക്കുമെന്നും മുന്‍കൂര്‍ ജാമ്യത്തിന് നടപടി സ്വീകരിക്കണമെന്നും നിയമോപദേശം ലഭിച്ചു. അത് താൻ നിരാകരിച്ചു. ഈ നീക്കം തിരിച്ചടിക്കുമെന്ന് ഭയപ്പെട്ടിട്ടാകാം അറസ്റ്റ് ചെയ്യാനുള്ള നിർദേശം സര്‍ക്കാര്‍ ഉപേക്ഷിച്ചത് -അദ്ദേഹം കുറിച്ചു.

Tags:    
News Summary - CPM broke the tip of the weapon; Solar harassment case Gone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.