എറണാകുളം: കൊച്ചി കോർപറേഷനിലെ എൽ.ഡി.എഫ് ഭരണസമിതിക്കെതിരെ യു.ഡി.എഫ് അവിശ്വാസ പ്രമേയം. കലക്ടർക്ക് അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയെന്ന് പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ അറിയിച്ചു. ടൗൺ പ്ലാനിങ് സ്ഥിരം സമിതിയിൽ എൽ.ഡി.എഫിന് ഭൂരിപക്ഷമില്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.
അതിനിടെ, കോർപറേഷനിലെ സി.പി.എം കൗൺസിലറായ എം.എച്ച്.എം അഷ്റഫ് യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചു. ഭരണസമിതിക്കെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണക്കുമെന്ന് എം.എച്ച്.എം അഷ്റഫ് മാധ്യമങ്ങളോട് പറഞ്ഞു. കോർപറേഷൻ അഴിമതിയുടെ കൂത്തരങ്ങായി മാറിയെന്നും അഷ്റഫ് ആരോപിച്ചു.
ടൗൺ പ്ലാനിങ് സ്ഥിരം സമിതിയിൽ പരിഗണന കിട്ടിയില്ലെന്ന് ചൂണ്ടിക്കാട്ടി പാർട്ടിയിൽ നിന്ന് എം.എച്ച്.എം അഷ്റഫ് ജനുവരിയിൽ രാജിവെച്ചിരുന്നു. മട്ടാഞ്ചേരി ലോക്കൽ കമ്മിറ്റി മുൻ അംഗമായ അഷ്റഫ് കോർപറേഷൻ ആറാം ഡിവിഷനിൽ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്.
ആകെ 74 അംഗ കോർപറേഷനിൽ സി.പി.എം അംഗത്തിന്റെ രാജിയോടെ എൽ.ഡി.എഫ്, യു.ഡി.എഫ് കക്ഷിനില 33-33 ആയി. മുസ്ലിംലീഗ് വിമതനായ ടി.കെ. അഷറഫും സ്വതന്ത്രൻ ജെ. സനിൽമോനും നൽകിയ പിന്തുണയിലാണ് എൽ.ഡി.എഫിലെ അഡ്വ. എം. അനിൽകുമാർ മേയറായത്. ബി.ജെ.പിക്ക് അഞ്ച് അംഗങ്ങളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.