തിരുവനന്തപുരം: തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ യൂനിറ്റ് പിരിച്ചുവിടാൻ സി.പി.എം തീരുമാനം. ‘ഇടിമുറി’ വിവാദത്തെ തുടർന്നാണ് ജില്ല സെക്രട്ടേറിയറ്റ് ചേർന്ന് തീരുമാനം കൈക്കൊണ്ടത്.
ജില്ലയിൽ എസ്.എഫ്.ഐയുടെ ശക്തികേന്ദ്രമാണ് യൂനിവേഴ്സിറ്റി കോളജ്. യൂനിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ പ്രവർത്തകരുടെ ഭാഗത്തുനിന്ന് പാർട്ടിക്കും സർക്കാറിനും കളങ്കമുണ്ടാക്കുന്ന പ്രവർത്തനങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിലാണ് പാർട്ടി ഇടപെട്ടത്. പുതിയ അഡ്ഹോക് കമ്മിറ്റി രൂപവത്കരിക്കാൻ എസ്.എഫ്.ഐ ജില്ല നേതൃത്വത്തിന് സി.പി.എം നിർദേശം നൽകി.
ഭിന്നശേഷിക്കാരനായ വിദ്യാർഥിയെ എസ്.എഫ്.ഐക്കാർ ഇടിമുറിയിലിട്ട് മർദിച്ചത് ഏതാനും ദിവസം മുമ്പാണ്. മർദനമേറ്റ വിദ്യാർഥിയും എസ്.എഫ്.ഐക്കാരനാണ്. ഇത് വിവാദമായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ എസ്.എഫ്.ഐ യൂനിറ്റ് ഭാരവാഹികളടക്കം നാലു വിദ്യാർഥികളെ പ്രിൻസിപ്പൽ സസ്പെൻഡ് ചെയ്തിരുന്നു.
കോളജിലെ അച്ചടക്ക സമിതി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. അതേസമയം, മർദനത്തിൽ പൊലീസിൽ പരാതി നൽകിയിട്ടും മെല്ലെപ്പോക്ക് നയമാണെന്ന് ആക്ഷേപവുമുണ്ട്. അതിനിടെ, ഭിന്നശേഷിക്കാരനെ മർദിച്ച കേസിൽ സാക്ഷി പറഞ്ഞതിന് മറ്റൊരു വിദ്യാർഥിക്കും മർദനമേറ്റു. ഇതോടെയാണ് പാർട്ടി നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.