കാസർകോട്: കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡന്റും സി.പി.എം ജില്ല കമ്മിറ്റി അംഗവുമായ ടി.കെ. രവിയെ കീഴ്ഘടകത്തിലേക്ക് തരംതാഴ്ത്താൻ ജില്ല കമ്മിറ്റി യോഗം തീരുമാനിച്ചു. തീരുമാനം സംസ്ഥാന കമ്മിറ്റിയിലേക്ക് റിപ്പോർട്ട് ചെയ്തു. നടപടി സംബന്ധിച്ച് അന്തിമതീരുമാനം സംസ്ഥാന കമ്മിറ്റി കൈക്കൊള്ളും. നീലേശ്വരം ഏരിയ കമ്മിറ്റിയിലേക്ക് തരംതാഴ്ത്താനാണ് സൂചന. ടി.കെ. രവി നീലേശ്വരം ഏരിയ കമ്മിറ്റി സെക്രട്ടറിയായിരിക്കെ ഇ.എം.എസ് മന്ദിരം നിർമാണവുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേട് നടത്തിയെന്നതാണ് പരാതി.
തുടർന്ന് ജില്ല കമ്മിറ്റി നിയോഗിച്ച അന്വേഷണ കമീഷൻ പി. ജനാർദനൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുക്കാൻ പാർട്ടി തീരുമാനിച്ചത്. നീലേശ്വരം ലോക്കൽ കമ്മിറ്റി അംഗം കെ.വി. വേണുഗോപാലാണ് ജില്ല സെക്രട്ടറിക്ക് പരാതി നൽകിയത്. രണ്ടുവർഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് മുൻ നീലേശ്വരം ഏരിയ സെക്രട്ടേറിയറ്റ് അംഗവും ഇപ്പോൾ കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡന്റുമായ ടി.കെ. രവി സാമ്പത്തികതിരിമറി നടത്തിയതായി കമീഷൻ കണ്ടെത്തിയത്. നീലേശ്വരത്തും മലയോര മേഖലയിലെയും പാർട്ടി പ്രവർത്തകരിൽ വിഷയം വൻ ചർച്ചയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.