പത്തനംതിട്ട: ഏരിയ സമ്മേളനത്തിൽ ഏറെ വിമർശനത്തിന് വിധേയയായ മന്ത്രി വീണ ജോർജിനെ പിന്തുണച്ച് ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു. പാർട്ടിയിൽ ചില കുലംകുത്തികളുണ്ടെന്നും അവർ അടുത്ത സമ്മേളനം കാണില്ലെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി. സമ്മേളനത്തിലെ ചർച്ചകൾക്കുശേഷം മറുപടി പറയുകയായിരുന്നു അദ്ദേഹം.
2016 മുതൽ ചില സീറ്റ് മോഹികൾ വീണ ജോർജിനെതിരെ വ്യക്തിഹത്യ തുടങ്ങിയതാണെന്നും ഇക്കൂട്ടർ രണ്ട് തെരെഞ്ഞടുപ്പിലും വീണയെ തോൽപിക്കാൻ ശ്രമിച്ചെന്നും ഉദയഭാനു പറഞ്ഞു. വീണയെ തോൽപിക്കാൻ ശ്രമിച്ച കുലംകുത്തികളെ പാർട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. മൂന്നുവർഷത്തിനുശേഷം നടക്കുന്ന അടുത്ത സമ്മേളനത്തിൽ ഈ കുലംകുത്തികളാരും പാർട്ടിയിൽ ഉണ്ടാകില്ല. പാർലമെൻററി മോഹവുമായി ആറന്മുള സീറ്റിൽ കണ്ണുവെച്ച ചില ജില്ല നേതാക്കളാണ് ഇതിന്‍റെ പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
ദൈവനാമത്തിൽ വീണ ജോർജ് സത്യപ്രതിജ്ഞ നടത്തിയതിനെതിരായ വിമർശനത്തിലും ഉദയഭാനു വീണയെ പിന്തുണച്ചു. വിശ്വാസികൾക്ക് പാർട്ടി എതിരല്ല. ജനപ്രതിനിധിയായ ശേഷം വീണ ജോർജ് പാർട്ടി അംഗത്വത്തിൽ വന്നതാണ്. പാർട്ടി പ്രവർത്തനങ്ങളുമായി ബന്ധെപ്പട്ട് പ്രവർത്തിക്കാൻ കുടുതൽ സമയമെടുക്കും. പാർട്ടിക്കുള്ളിലെ ചർച്ചകളും തീരുമാനങ്ങളും ചിലർ മാധ്യമങ്ങൾക്ക് ചോർത്തി കൊടുക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പത്തനംതിട്ട നഗരസഭ കേന്ദ്രീകരിച്ച് ഒരു ജില്ല കമ്മിറ്റി അംഗത്തിെൻറയും ആരോഗ്യമന്ത്രിയുടെയും നേതൃത്വത്തിൽ രണ്ട് വിഭാഗങ്ങളായി ചേരിതിരിഞ്ഞ് വിഭാഗീയ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന വിമർശനങ്ങൾ സമ്മേളനത്തിലുയർന്നു. അതിന്‍റെ അലയൊലികൾ ജില്ല സമ്മേളനത്തിലും ഉണ്ടാകുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.