പത്തനംതിട്ട: ആറന്മുളയിൽ വീണാ ജോർജിനെയും കോന്നിയിൽ ജനീഷ് കുമാറിനെയും വീണ്ടും സ്ഥാനാർഥികളാക്കണമെന്ന് സി.പി.എം പത്തനംതിട്ട ജില്ല സെക്രേട്ടറിയറ്റ്. റാന്നിയിൽ അഞ്ചുതവണ മത്സരിച്ച രാജു എബ്രഹാമിന് ഒരു തവണകൂടി അവസരം നൽകണമെന്നും സെക്രേട്ടറിയറ്റ് ശിപാർശ ചെയ്തിട്ടുണ്ട്.
ജില്ലയിൽ കേരള കോൺഗ്രസ്-എമ്മിന് സീറ്റ് നൽകേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്. ഇതോടെ ജില്ലയിലെ അഞ്ച് സീറ്റിൽ സി.പി.എം മത്സരിക്കുന്ന മൂന്നിടത്തും സിറ്റിങ് എം.എൽ.എമാരാവും സ്ഥാനാർഥികൾ. അന്തിമ തീരുമാനം സംസ്ഥാന നേതൃത്വമാവും കൈക്കൊള്ളുക. അടൂരിൽ സി.പി.ഐയിലെ ചിറ്റയം ഗോപകുമാറും തിരുവല്ലയിൽ ജനതാദൾ-എസിലെ മാത്യു ടി. തോമസുമാണ് എം.എൽ.എമാർ.
തിരുവല്ല സീറ്റ് ജനതാദളിനുതന്നെ നൽകാൻ തീരുമാനിച്ചതിനാൽ മാത്യു ടി. തോമസാവും സ്ഥാനാർഥി. അടൂരിൽ രണ്ടുതവണ മത്സരിച്ച ചിറ്റയത്തിന് പാർട്ടി ഒരവസരംകൂടി നൽകുമെന്നാണ് കരുതുന്നത്. മന്ത്രി തോമസ് ഐസക്, സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം കെ.ജെ. തോമസ് എന്നിവരുടെ സാന്നിധ്യത്തിലാണ് ജില്ല സെക്രേട്ടറിയറ്റ് യോഗം നടന്നത്. ജില്ലയിൽ യു.ഡി.എഫിൽ സ്ഥാനാർഥികളെ സംബന്ധിച്ച സൂചനയൊന്നുമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.