കത്ത് വിവാദത്തിന് പിന്നിൽ സി.പി.എം; കെ. മുരളീധരൻ ഏതു മണ്ഡലത്തിലും മത്സരിപ്പിക്കാൻ യോഗ്യനായ ആൾ -രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട്: ഡി.സി.സി എ.ഐ.സി.സിക്ക് അയച്ച കത്ത് പുറത്ത് ഇപ്പോൾ വന്നതിന് പിന്നിൽ സി.പി.എം, ബി.ജെ.പി ഗൂഢാലോചനയാണെന്ന് യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. പി.പി ദിവ്യയുമായി ബന്ധപ്പെട്ടതും പാലക്കാട് ആർ.എസ്.എസ് പിന്തുണ തേടി സി.പി.എം കൊടുത്തതുമായ രണ്ട് കത്തുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നു. ആ കത്തുകൾ ചർച്ച ചെയ്യാതിരിക്കാൻ വേണ്ടി പുറത്തുവിട്ടിരിക്കുന്നതാണ് ഡി.സി.സിയുടെ കത്തെന്നും രാഹുൽ ആരോപിച്ചു. 

കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ്. തെരഞ്ഞെടുപ്പിന് മുമ്പ് സ്ഥാനാർഥിയെ കുറിച്ച് പറയാൻ ആർക്കും അവകാശമുണ്ട്. കേരളത്തിലെ 140 മണ്ഡലങ്ങളിൽ മത്സരിക്കാൻ ഏറ്റവും അനുയോജ്യനായ സ്ഥാനാർഥിയാണ് കെ. മുരളീധരൻ. അതിൽ ആർക്കും തർക്കമില്ല. അത്കൊണ്ടാണ് പല പ്രധാന പോരാട്ടങ്ങളിലും അദ്ദേഹത്തെ പാർട്ടി കളത്തിലിറക്കുന്നത്. ഡി.സി.സി അദ്ദേഹത്തെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് കത്ത് കൊടുത്തതിൽ ഒരു തെറ്റുമില്ലെന്നും രാഹുൽ പറഞ്ഞു.

സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിന് ശേഷം കത്ത് ചർച്ച ചെയ്യുന്നതിൽ പ്രസക്തിയില്ലെന്നും ഒരു സ്ഥാനാർഥി മികച്ചതാണെന്ന് പറയുമ്പോൾ മറ്റൊരാൾ മോശമാണെന്ന് അർഥമില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.

കെ. മുരളീധരനെ സ്ഥാനാർഥിയാക്കണമെന്ന് നിർദേശിച്ച് ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പൻ കെ.പി.സി.സി നേതൃത്വത്തിന് കൊടുത്ത കത്താണ് വിവാദമായത്. മുരളീധരനെ മത്സരിപ്പിക്കാൻ ഡി.സി.സി ഭാരവാഹികൾ ഐകകണ്‌ഠ്യേനയാണ് തീരുമാനമെടുത്തതെന്നും ബി.ജെ.പിയെ തോൽപിക്കാൻ മുരളീധരന്റെ സ്ഥാനാർഥിത്വം ഗുണം ചെയ്യുമെന്ന് കത്തിൽ പറയുന്നുണ്ട്. രണ്ട് പേജുള്ള കത്തിന്റെ ഒരു ഭാഗമാണ് പുറത്തുവന്നിരിക്കുന്നത്. ഇതിൽ ഒരു ഭാഗത്തും രാഹുൽ മാങ്കൂട്ടത്തിലിന്റെ പേര് പറയുന്നില്ല. 

കത്ത് പ്രചാരണായുധമാക്കുകയാണ് സി.പി.എം. പാലക്കാട് ബി.ജെ.പിയെ സഹായിക്കാനാണ് കെ. മുരളീധരനെ ഒഴിവാക്കിയതെന്ന് മന്ത്രി എം.ബി. രാജേഷ് ആരോപിച്ചിരുന്നു.

Tags:    
News Summary - CPM is behind letter controversy says Rahul Mamkootathil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.