മലപ്പുറം: താൻ രൂപവത്കരിക്കുന്ന പുതിയ പാർട്ടിയുമായി കണ്ണൂരിൽനിന്നുള്ള പ്രബലനായ സി.പി.എം നേതാവ് സഹകരിക്കുമെന്ന് പി.വി. അൻവർ എം.എൽ.എ. നിയമസഭയിൽ പ്രതിപക്ഷത്തോടൊപ്പമിരിക്കാൻ താൽപര്യമില്ല. എം.എൽ.എ സ്ഥാനം രാജിവെക്കണോ എന്ന കാര്യം നിയമപരമായി പരിശോധിച്ച് തീരുമാനിക്കും. ഞായറാഴ്ച തയാറാകുന്നത് പാർട്ടിയുടെ എൻജിൻ മാത്രമാണ്. ബോഗികൾ പിന്നാലെ വരും. സർക്കാർ സംബോധന ചെയ്യാത്ത ജനങ്ങളുടെ പ്രശ്നങ്ങളാകും പുതിയ പാർട്ടി ചർച്ച ചെയ്യുകയെന്നും അൻവർ പറഞ്ഞു.
“മാറി നിൽക്കുന്ന പല സി.പി.എം നേതാക്കളും മുൻ എം.എൽ.എമാരും എം.പിമാരും ഞാനുമായി ആശയവിനിമയം നടത്തുന്നുണ്ട്. കണ്ണൂരിൽനിന്നുള്ള പ്രബലനായ നേതാവ് ഈ വിഷയത്തിൽ എന്നോടൊപ്പമാണ്. അവരെല്ലാം ഇക്കാര്യങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. സഖാക്കളെയും കമ്യൂണിസ്റ്റ് പാർട്ടിയെയും സ്നേഹിക്കുന്ന ചെറുതും വലുതുമായ ഒരുപാട് നേതാക്കൾ സംസാരിച്ചിട്ടുണ്ട്. ഞായറാഴ്ച ട്രെയിനിന്‍റെ എൻജിനാണ് തയാറാവുന്നത്. ബോഗികൾ പിന്നാലെ വരും. കേരളം മുഴുവൻ രണ്ട് റൗണ്ട് കറങ്ങുമ്പോഴേക്കും ബോഗികൾ പൂർണമാകും. സർക്കാർ സംബോധന ചെയ്യാത്ത ജനങ്ങളുടെ പ്രശ്നങ്ങളാകും പുതിയ പാർട്ടി ചർച്ച ചെയ്യുക. എല്ലാ വിഭാഗത്തെയും ഉൾക്കൊള്ളും” -അൻവർ പറഞ്ഞു.
നിയമസഭയിൽ പ്രത്യേകമായിരിക്കാൻ സ്പീക്കർക്ക് കത്തു നൽകുമെന്ന് അൻവർ വ്യക്തമാക്കി. മഞ്ചേശ്വരം എം.എൽ.എക്ക് സമീപം ഇരിപ്പിടം അനുവദിച്ചതിനെ അൻവർ പരിഹസിച്ചു. അങ്ങേയറ്റത്ത് എത്തിച്ചുവെന്നും മംഗലാപുരത്തേക്ക് മാറ്റില്ലല്ലോ എന്നുമായിരുന്നു പരാമർശം. പി. ശശി അയച്ച വക്കീൽ നോട്ടീസ് ലഭിച്ചിട്ടില്ല. എം.എൽ.എ എന്ന മൂന്നക്ഷരത്തിൽ തന്നെ തളച്ചിടാനാകില്ല. പൂരം കലക്കൽ അന്വേഷിക്കുന്ന ഇന്‍റലിജൻസ് മേധാവിയുടെ കീഴിലാണ് അന്നത്തെ തൃശൂർ കമീഷണറുള്ളത്. അങ്കിത് അശോകാകും അന്വേഷണത്തെ നിയന്ത്രിക്കുകയെന്നും അൻവർ ആരോപിച്ചു.
അതേസമയം അരീക്കോട് എസ്.ഒ.ജി ക്യാമ്പ് കമാൻഡന്‍റ് നൽകിയ പരാതിയിൽ മഞ്ചേരി പൊലീസ് അൻവറിനെതിരെ കേസെടുത്തു. വാർത്താസമ്മേളനത്തിൽ ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടതിനാണ് കേസ്. ഔദ്യോഗിക രഹസ്യം ചോർത്തിയെന്നാണ് പരാതി. അൻവറിന്റെ പരാമർശങ്ങൾ ആധാരമാക്കി ഒഫീഷ്യൽ സീക്രട്ട് ആക്ട്, ഐ.ടി ആക്ട് എന്നിവ പ്രകാരമാണ് കേസെടുത്തത്. മന്ത്രിമാരുടെ ഫോൺ ചോർത്തുന്നതായി വാർത്താസമ്മേളനത്തിൽ അൻവർ വെളിപ്പെടുത്തിയിരുന്നു. അതോടൊപ്പം താനും ഫോൺ ചോർത്തിയതായി അവകാശപ്പെടുകയും ചെയ്തു. തനിക്കെതിരെ രണ്ടല്ല, മിനിമം 100 കേസുകൾ വരുമെന്ന് അൻവർ പ്രതികരിച്ചു. എൽ.എൽ.ബി പഠിക്കാൻ ആലോചിക്കുകയാണെന്നും പാസായാൽ കേസെല്ലാം സ്വന്തമായി വാദിക്കാമല്ലോ എന്നും അൻവർ പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.