തൊടുപുഴ: എം.എം. മണിക്ക് എന്തും പറയാമെന്ന നിലപാടാണെന്നും തെറിക്കുത്തരം മുറിപ്പത്തൽ എന്ന മട്ടിൽ തിരിച്ചടിക്കുക തന്റെ ഭാഷാ ശൈലിയല്ലെന്നും ഡീൻ കുര്യാക്കോസ്. എം.എം. മണിയുടെ അധിക്ഷേപങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എം.എം. മണി എന്ത് അനാവശ്യം പറഞ്ഞാലും അത് നാട്ടുഭാഷയായി ചിത്രീകരിക്കുകയും ലഘൂകരിക്കുകയുമാണ് രാഷ്ട്രീയക്കാരും മാധ്യമങ്ങളുമെന്ന് ഡീൻ കുറ്റപ്പെടുത്തി.
സ്വന്തം മണ്ഡലത്തിലെ ജനങ്ങളെപ്പോലും വഞ്ചിച്ചയാളാണ് മണി. അദ്ദേഹം മന്ത്രിയായിരുന്ന കാലത്താണ് പട്ടയഭൂമിയിൽ വീട് ഒഴികെ നിർമാണ പ്രവർത്തനങ്ങൾക്ക് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയത്. ഏലം പട്ടയഭൂമിയിൽ തൊഴിലാളികൾക്ക് താമസിക്കാനുള്ള ലയമോ, ഏലം സ്റ്റോറോ ഉൾെപ്പടെ ഒരു നിർമാണത്തിനും അനുമതി നൽകാൻ പാടിെല്ലന്ന് ഉത്തരവ് ഇറക്കി.
ഉടുമ്പൻചോല താലൂക്ക് പൂർണമായും സി.എച്ച്.ആറിന്റെ പരിധിയിലാണ്. സ്വന്തം നിയോജകമണ്ഡലത്തെ പ്രതികൂലമായി ബാധിക്കുന്ന ഈ ഉത്തരവ് ഇറക്കിയപ്പോഴും അദ്ദേഹം മന്ത്രിയാണ്. ജനവാസമേഖലകൾ ഉൾെപ്പടെ ബഫർ സോണിന്റെ പരിധിയിലാക്കി ശിപാർശ നൽകാൻ തീരുമാനിച്ചത് അദ്ദേഹം പങ്കെടുത്ത മന്ത്രിസഭാ യോഗത്തിലാണ്. മതികെട്ടാനിൽ ജനവാസമേഖലകൾ ഉൾെപ്പടെ ഒരു കിലോമീറ്റർ ബഫർ സോണിന്റെ പരിധി തീരുമാനിച്ച് നിർദേശം നൽകിയതും കരട് വിജ്ഞാപനം ഇറക്കിയതും അന്തിമ വിജ്ഞാപനം ഇറക്കിയതും എം.എം. മണി മന്ത്രി ആയിരുന്നപ്പോഴാണ് -ഡീൻ കുര്യാക്കോസ് ആരോപിച്ചു.
ഡീൻ കുര്യാക്കോസിനും പി.ജെ. കുര്യനുമെതിരെ അധിക്ഷേപവുമായി എം.എം. മണി
നെടുങ്കണ്ടം: ഇടുക്കി എം.പിയും യു.ഡി.എഫ് സ്ഥാനാർഥിയുമായ ഡീൻ കുര്യാക്കോസിനും മുൻ എം.പി പി.ജെ. കുര്യനുമെതിരെ ആക്ഷേപവർഷവുമായി എം.എം. മണി എം.എൽ.എ. ഡീൻ കുര്യാക്കോസ് പൗഡറിട്ട് നടക്കുന്ന ഷണ്ഡനാണെന്നും പി.ജെ. കുര്യൻ പെണ്ണുപിടിയനാണെന്നുമായിരുന്നു എം.എം. മണിയുടെ അധിക്ഷേപം. തിങ്കളാഴ്ച വൈകീട്ട് നെടുങ്കണ്ടത്തിനടുത്ത് തൂക്കുപാലത്ത് നടന്ന അനീഷ് രാജൻ അനുസ്മരണ സമ്മേളനത്തിലായിരുന്നു ആക്ഷേപം.
ബ്യൂട്ടി പാർലറിൽ കയറി പൗഡറും പൂശി ഫോട്ടോയെടുത്ത് നടക്കുകയാണ് ഡീൻ എന്നുപറയുന്നതിനിടയിലാണ് ‘ഷണ്ഡൻ’ പ്രയോഗം മണി നടത്തിയത്. ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന അവസ്ഥയാണ് ഡീനിന്റേതെന്നും മണി പറഞ്ഞു. ‘‘വീണ്ടും ഒലത്താം എന്നും പറഞ്ഞാണ് വന്നിരിക്കുന്നത്. കേരളത്തിനു വേണ്ടി ശബ്ദിച്ചിട്ടുണ്ടോ?. പാർലമെന്റിൽ ശബ്ദിച്ചോ..? എന്തു ചെയ്തു..? ചുമ്മാ വന്നിരിക്കുകയാ.. പൗഡറും പൂശി. ജനങ്ങളോടൊപ്പം നിൽക്കാതെ, ജനങ്ങൾക്കുവേണ്ടി ശബ്ദിക്കാതെ, വർത്തമാനം പറയാതെ. പിന്നേം വന്നിരിക്കുവാ ഞാൻ ഇപ്പോ ഒലത്താം ഒലത്താമെന്ന് പറഞ്ഞ്. നന്നായി ഒലത്തും. ഇപ്പോ നന്നാക്കും. നീതിബോധമുള്ളവരാണെങ്കിൽ കെട്ടിവെച്ച കാശുകൊടുക്കാൻ പാടില്ല’’. ഇതായിരുന്നു മണിയുടെ വാക്കുകൾ.
പണ്ടുമുതൽ ഇടുക്കിക്കാർ വിദേശികളെ ചുമക്കുകയാണെന്നും ഡീനിന് മുമ്പുണ്ടായിരുന്ന പി.ജെ. കുര്യന് പെണ്ണുപിടിയായിരുന്നു പണിയെന്നും മണി ആക്ഷേപിച്ചു. ഇപ്പോഴുള്ള ഏക ഇടുക്കിക്കാരൻ ജോയ്സ് ജോർജാണെന്നും ഇടുക്കിക്കാർക്കൊപ്പം എന്നും നിന്നിട്ടുള്ളത് ജോയ്സാണെന്നും മണി പറഞ്ഞു.
എം.എം. മണിയുടെ അധിക്ഷേപം മുഖ്യമന്ത്രിയുടെ അറിവോടെ -വി.ഡി. സതീശൻ
പത്തനംതിട്ട: മുഖ്യമന്ത്രിയുടെയും പാർട്ടി സെക്രട്ടറിയുടെയും അറിവോടെയാണ് എം.എം. മണി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യനെയും യു.ഡി.എഫ് സ്ഥാനാർഥി ഡീന്‍ കുര്യാക്കോസിനെയും അധിക്ഷേപിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പത്തനംതിട്ടയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്തും പറയാന്‍ മടിക്കാത്ത ആളാണ് എം.എം. മണി. സി.പി.എം- ബി.ജെ.പി അവിശുദ്ധ ബാന്ധവവും സി.പി.എം- ബി.ജെ.പി നേതാക്കള്‍ തമ്മിലുള്ള ബിസിനസ് ബന്ധവും ചർച്ചയാവാതിരിക്കാനാണ് വീടിന് മുന്നിലേക്ക് കള്ളും നല്കി ആളെ വിടുന്നതുപോലെ എം.എം. മണിയെ സി.പി.എം വിട്ടത്. മണിയെ നിയന്ത്രിക്കാനോ അല്ലെങ്കില്‍ എന്തെങ്കിലും അസുഖമുണ്ടെങ്കില്‍ ഡോക്ടറെ കാണിക്കാനോ സി.പി.എം തയാറാകണം. ആര്.എസ്.എസ് നേതാക്കളുമായി തിരുവനന്തപുരത്തെ മാസ്കറ്റ് ഹോട്ടലില്‍ ചര്‍ച്ച നടത്തിയ ആളാണ് പിണറായി വിജയന്.
ചര്‍ച്ചക്ക് ഇടനിലക്കാരനായിരുന്ന ശ്രീ എമ്മിന് നാലേക്കര്‍ സ്ഥലം സൗജന്യമായി നല്കി. 1977ല്‍ ആദ്യമായി പിണറായി വിജയന് എം.എല്‍.എ ആയതും ആര്.എസ്.എസ് പിന്തുണയിലാണ്. എല്ലാക്കാലവും ആര്.എസ്.എസുമായി ബന്ധം പുലര്‍ത്തിയിരുന്ന ആളാണ് പിണറായി. ആ ബന്ധം ഇപ്പോള്‍ ഊട്ടിയുറപ്പിക്കുകയാണ്. സി.പി.എമ്മും ബി.ജെ.പിയും ഒന്നിച്ചുനിന്നാലും യു.ഡി.എഫ് അവരെ തോല്പിക്കുമെന്നും സതീശൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.