സി.പി.എം നേതാക്കള്‍ക്കെതിരെ കലാപ ആഹ്വാനത്തിന് കേസെടുക്കണം -പ്രതിപക്ഷ നേതാവ്

പയ്യന്നൂര്‍: വിമാനത്തിനുള്ളിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം അനുവദിച്ചുള്ള ഉത്തരവില്‍ യു.ഡി.എഫ് പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് കോടതിയും ആവര്‍ത്തിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സര്‍ക്കാരിന് കോടതി ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനായില്ല. പ്രതിഷേധം മാത്രമാണ് അവിടെ നടന്നതെന്നാണ് യു.ഡി.എഫും പറഞ്ഞത്. ഇതിന്റെ പേരിലാണ് മുഖ്യമന്ത്രിയെ വധിക്കാനും കലാപമുണ്ടാക്കാനും ശ്രമിച്ചെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ കേസെടുത്തതെന്നും സതീശൻ ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന് പറഞ്ഞ് കലാപാഹ്വാനം നടത്തിയത് സി.പി.എം നേതാക്കളാണ്. അതിന്റെ പേരില്‍ കേരളത്തിലെ കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ ബോംബ് എറിഞ്ഞതും കത്തിച്ചതും പ്രവര്‍ത്തകരെ ആക്രമിച്ചതും. പൊലീസ് മര്‍ദനത്തില്‍ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുടെ കണ്ണ് തകര്‍ന്നു. നൂറിലധികം പ്രവര്‍ത്തകര്‍ പരിക്കേറ്റ് ആശുപത്രിയിലാണ്. കെ.പി.സി.സി ഓഫീസിലേക്കും പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്കും അക്രമികളെ വിട്ടു. കലാപാഹ്വാനം നടത്തിയ സി.പി.എം നേതാക്കളാണ് ഈ അക്രമങ്ങള്‍ക്കെല്ലാം ഉത്തരവാദികള്‍. അവര്‍ക്കെതിരെ കേസെടുക്കണം. മുഖ്യമന്ത്രിയും സി.പി.എമ്മും എത്തിച്ചേര്‍ന്നിരിക്കുന്ന അപമാനകരമായ അവസ്ഥയില്‍ നിന്നും ശ്രദ്ധതിരിക്കുന്നതിന് വേണ്ടി നടത്തിയ ഗൂഡാലോചനയെ തുടര്‍ന്നാണ് സംസ്ഥാന വ്യപകമായി കലാപമുണ്ടാക്കിയതെന്നും സതീശൻ ആരോപിച്ചു.

എം.വി രഘവനെ ട്രെയിനില്‍ ആക്രമിച്ചതും കരി ഓയില്‍ ഒഴിച്ചതും സി.പി.എമ്മാണ്. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വഴിയില്‍ തയുമെന്ന് തീരുമാനിച്ചതും അവരാണ്. മട്ടന്നൂരില്‍ ബസ് കത്തിച്ച് നാല് പേരെ കൊലപ്പെടുത്തിയ പാര്‍ട്ടിയും സി.പി.എമ്മാണ്. ഞങ്ങളെയൊക്കെ ഭീഷണിപ്പെടുത്താന്‍ പാര്‍ട്ടിയുടെ തലപ്പത്ത് സി.പി.എം ഗുണ്ടകളെയും ക്രിമിനലുകളെ നിയോഗിച്ചിരിക്കുകയാണ്. അതൊക്കെ കണ്ട് പേടിച്ചോടില്ല. ഇതൊക്കെ കേള്‍ക്കുമ്പോള്‍ പൊലീസുകാര്‍ക്കിടയിലേക്ക് ഓടിയൊളിക്കുന്നത് മുഖ്യമന്ത്രിയാണ്.

പയ്യന്നൂരില്‍ രക്തസാക്ഷി ഫണ്ട് അടിച്ചുമാറ്റിയെന്ന വിവാദത്തില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് ഗാന്ധി പ്രതിമയുടെ തലയറുത്തത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നാണക്കേടുണ്ടാക്കുന്നതാണ് രക്തസാക്ഷി ഫണ്ട് അടിച്ചു മാറ്റല്‍. രക്തസാക്ഷിക്ക് വേണ്ടി പൊതുജനങ്ങളുടെ പണം പിരിച്ചിട്ട് ആഭ്യന്തര കാര്യമാണെന്ന് പറയാനാകില്ല. അതിനെതിരെ പൊലീസ് അന്വേഷണം നടത്തണം. ഇതിനെ ന്യായീകരിച്ച സി.പി.എം, പരാതി നല്‍കിയ ആള്‍ക്കെതിരെ നടപടി എടുത്തു എന്നത് തന്നെ വിചിത്രമാണ്. ഇതാണ് പാര്‍ട്ടിയില്‍ നടക്കുന്ന നീതി. കൊള്ളക്കാരനെയും അഴിമതിക്കാരെയും രക്തസാക്ഷി ഫണ്ട് അടിച്ചു മാറ്റുന്നവനെയുമൊക്കെ ചേര്‍ത്ത് നിര്‍ത്തുകയാണ്.

ഇത്തരക്കാര്‍ക്കെതിരെ നടപടി എടുക്കാന്‍ നേതൃത്വത്തില്‍ ഇരിക്കുന്നവര്‍ക്ക് സാധിക്കില്ല. ഇവരേക്കാള്‍ കുഴപ്പക്കാരാണ് അവിടെ ഇരിക്കുന്നത്. അവര്‍ സംസ്ഥാനം തന്നെ അടിച്ച് മാറ്റിക്കൊണ്ടിരിക്കുകയാണ്. എം.എല്‍.എക്കെതിരെയാണ് ഗുരുതര ആരോപണം ഉര്‍ന്നിരിക്കുന്നത്. അദ്ദേഹത്തെ സെക്രട്ടറിയേറ്റില്‍ നിന്നും ജില്ലാ കമ്മിറ്റിയിലേക്ക് മാറ്റിയാല്‍ പരിഹരിക്കപ്പെടുന്ന പ്രശ്‌നമല്ലിത്. സത്യസന്ധരായ ആളുകള്‍ക്കൊന്നും സി.പി.എമ്മില്‍ രക്ഷയില്ല. അവര്‍ വ്യാപകമായി ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കുകയാണ്.

പയ്യന്നൂര്‍ ഗാന്ധി പ്രതിമക്ക് നേരെ സി.പി.എം നടത്തിയ ആക്രമണം ഹൃദയഭേദകമാണ്. കണ്ടിരിക്കാന്‍ പോലും കഴിയുന്നില്ല. ഗാന്ധി ഘാതകര്‍ ഗാന്ധിയോടുള്ള വിരോധം തീരാതെ ഇപ്പോഴും അദ്ദേഹത്തിന്റെ ബോര്‍ഡുകളിലെക്കും ചിത്രങ്ങളിലേക്കും നിറയൊഴിക്കുകയാണ്. ഈ ഗാന്ധി ഘാതകരും കേരളത്തിലെ സി.പി.എമ്മുകാരും തമ്മില്‍ വ്യത്യാസമില്ല. സംഘ്പരിവാര്‍ പോലും ചെയ്യാത്ത തരത്തിലുള്ള ഗാന്ധിനിന്ദയാണ് സി.പി.എം കാട്ടുന്നത്. കണ്ണൂരില്‍ തകര്‍ക്കപ്പെട്ട ഓഫീസുകളിലെ ഗാന്ധി ചിത്രങ്ങള്‍ വലിച്ച് താഴെയിട്ട് ചവിട്ടിപ്പൊട്ടിച്ചു. ഇതെല്ലാം സംഘ്പരിവാറുമായി കേരളത്തിലെ സി.പി.എം അടുക്കുന്ന എന്നതിന്റെ അടയാളങ്ങളാണ്.

പിണറായി സര്‍ക്കാരിന്റെ കാലത്ത് അവതാരങ്ങളെ മുട്ടി നടക്കാന്‍ പറ്റുന്നില്ല. പത്താമത്തെ അവതാരമായാണ് അനിത പുല്ലയില്‍ എത്തിയിരിക്കുന്നത്. അവതാരങ്ങള്‍ എവിടെയും പോയി ഇരിക്കും. മുഖ്യമന്ത്രിക്കൊപ്പം സ്റ്റേജില്‍ കയറി ഇരിക്കാത്തത് ഭാഗ്യം. ഇപ്പോള്‍ സി.പി.എം എതിര്‍ക്കുന്ന സ്വപ്‌ന സുരേഷിനെ എല്ലാ വേദയിലും കൊണ്ടു നടന്നത് ഈ സര്‍ക്കാരാണ്. സര്‍ക്കാരിന് അനുകൂലമായ വെളിപ്പെടുത്തല്‍ നടത്താനാണ്, സ്വര്‍ണക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ ശിവശങ്കറിന് പുസ്തകം എഴുതാന്‍ അനുമതി നല്‍കിയത്. എന്നാല്‍ അതേ കേസിലെ മറ്റൊരു പ്രതിയായ സ്വപ്ന കോടതിയില്‍ വെളിപ്പെടുത്തല്‍ നടത്തിയതിനാണ് കലാപ ആഹ്വാനത്തിന് കേസെടുത്തത്.

ശിവശങ്കറിനെ സര്‍വീസില്‍ തിരിച്ചെടുക്കുകയും സ്വപ്നയെ ഇടനിലക്കാരെ വിട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തു. സ്വപ്‌നയുടെ വെളിപ്പെടുത്തലില്‍ സര്‍ക്കാരിന് ഭീതിയും വെപ്രാളവുമാണ്. അതുകൊണ്ടാണ് നിയമപരമായ മാര്‍ഗങ്ങള്‍ തേടാതെ പേടിച്ചോടുന്നത്. മടിയില്‍ കനമില്ലാത്തവര്‍ എന്തിനാണ് ഭയക്കുന്നത്. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കാത്തതിനാലാണ് സ്വപ്‌ന സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. അതില്‍ തെറ്റില്ല. മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടെങ്കില്‍ സോളാര്‍ കേസ് സി.ബി.ഐക്ക് വിട്ടത് പോലെ ഈ കേസും സി.ബി.ഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു.

Tags:    
News Summary - CPM leaders should be prosecuted for calling for riots: Opposition leader VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.