പാര്‍ട്ടി അറിയാതെ എം.എല്‍.എയുടെ മകന് ‘കില’യില്‍ ജോലി

കാസര്‍കോട്: പാര്‍ട്ടി നേതൃത്വം അറിയാതെ എം.എല്‍.എയുടെ മകന് ‘കില’യില്‍ നിയമനം ലഭിച്ചത് സി.പി.എമ്മില്‍ പുതിയ വിവാദത്തിന് വഴിതുറന്നു. കാസര്‍കോട് ജില്ലക്കാരനായ സി.പി.എം എം.എല്‍.എയുടെ മകനാണ് പാര്‍ട്ടിയുടെ ജില്ലാ ഘടകം പോലുമറിയാതെ തദ്ദേശ ഭരണ വകുപ്പിന് കീഴിലുള്ള തൃശൂര്‍ ‘കില’യില്‍ ജോലി നേടിയത്. ഒരു മന്ത്രി  നേരിട്ട്  ഇടപെട്ടാണ് നിയമനം നല്‍കിയതെന്ന് പറയുന്നു.കഴിഞ്ഞ ദിവസം ചേര്‍ന്ന സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ഈ വിഷയം ചര്‍ച്ചയായി. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എസ്. അച്യുതാനന്ദന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച്, സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനെതിരെ പ്രകടനം നടത്തിയതിന് അച്ചടക്ക നടപടിക്ക് വിധേയനായ ആളാണ് ജോലി ലഭിച്ച യുവാവ്.

ബന്ധുനിയമന വിവാദം സജീവമായ സാഹചര്യത്തില്‍ മന്ത്രി തന്നെ വിവരം ജില്ലാ നേതൃത്വത്തെ അറിയിക്കുകയാണുണ്ടായത്. ഇതിന്‍െറ അടിസ്ഥാനത്തില്‍ ജില്ലാ സെക്രട്ടറി കെ.പി. സതീഷ് ചന്ദ്രനാണ്  സെക്രട്ടേറിയറ്റ് യോഗത്തില്‍ വിഷയം ഉന്നയിച്ചത്. മുന്‍ എം.എല്‍.എ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇക്കാര്യത്തില്‍ വിയോജിപ്പ് അറിയിച്ചു.

മന്ത്രിയുടെ പേഴ്സനല്‍ സ്റ്റാഫില്‍ ജോലിക്ക് തെരഞ്ഞെടുത്തതായി അറിയിപ്പ് കിട്ടിയതിനെ തുടര്‍ന്ന്  തിരുവനന്തപുരത്തേക്ക് യാത്രതിരിച്ച ചെറുവത്തൂരിലെ പാര്‍ട്ടി പ്രവര്‍ത്തകനെ മറ്റൊരാളെ നിയമിച്ചതായി പറഞ്ഞ് തിരികെ വിളിച്ച സംഭവം പുകഞ്ഞുകൊണ്ടിരിക്കേയാണ് പുതിയ നിയമന വിവാദം ഉയരുന്നത്. ജോലിയും വരുമാന മാര്‍ഗവുമില്ലാത്ത നിരവധി പ്രവര്‍ത്തകര്‍ പാര്‍ട്ടിയിലുണ്ടായിരിക്കെ നേതാക്കളുടെയും ജനപ്രതിനിധികളുടെയും ഉറ്റവര്‍ എളുപ്പവഴിയിലൂടെ ജോലി നേടുന്നത് അംഗീകരിക്കാന്‍ കഴിയില്ളെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്‍െറ നിലപാട്.

‘കില’യില്‍ നിയമിതനായ എം.എല്‍.എയുടെ മകന്‍ നേരത്തെ പൊലീസ് സര്‍വിസിലും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കോര്‍പറേഷനിലും  ലഭിച്ച ജോലികള്‍ ഉപേക്ഷിച്ചയാളാണ്. കാസര്‍കോട്ടെ കേന്ദ്ര സര്‍വകലാശാലയിലും മംഗളൂരുവിലെ സ്വകാര്യ സര്‍വകലാശാലയിലും ഇയാള്‍ ജോലി ചെയ്തിട്ടുണ്ട്.

 

Tags:    
News Summary - cpm mla son get govt job

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.