സി.പി.എം ഓഫിസിന് ​നേരെ എറിഞ്ഞത് ജീവാപായം ഉണ്ടാക്കുന്ന കരിങ്കല്ല് -ഇ.പി. ജയരാജൻ

തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ല കമ്മിറ്റി ഓഫിസായ കാട്ടായിക്കോണം വി. ശ്രീധർ സ്മാരക മന്ദിരത്തിന് നേരെ ആക്രമണം വളരെ ആസൂത്രിതമാണെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി.​ ജയരാജൻ. 'ക്രിമിനലുകൾ മൂന്ന് ബൈക്കുകളിൽ വന്ന് ആക്രമിക്കുകയായിരുന്നു. ജില്ലാ സെക്രട്ടറിയുടെ കാറിന് നേരെയാണ് ശക്തമായ ഏറ് നടന്നത്. ഈ സമയത്ത് ആരെങ്കിലും ഉണ്ടെങ്കിൽ അവരെ അപായപ്പെടുത്താനും അക്രമികൾ ലക്ഷ്യമിട്ടിരുന്നുവെന്ന് വേണം കരുതാൻ. ജീവാപായം ഉണ്ടാക്കാൻ സാധിക്കത്തക്ക നിലയിലുള്ള കരിങ്കല്ലാണ് ഉപയോഗിച്ചത്' -ജയരാജൻ പറഞ്ഞു.

സി.പി.എം പരിപാടിക്ക് നേരെ ആയുധങ്ങളുമായി എത്തിയ കലാപം അഴിച്ചുവിടാനുള്ള ബി.​ജെ.പി ശ്രമം പാളിയപ്പോൾ അത് വഴിതിരിച്ചുവിടാനാണ് സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസിന് നേരെ ആക്രമണം നടത്തിയത്. മതവിദ്വേഷം പ്രചരിപ്പിക്കുക, സാമൂഹ്യവിഭനം നടത്തുക എന്നതാണ് ലക്ഷ്യം. അവരെ ജനങ്ങൾ പരാജയപ്പെടുത്തി. സംഘ് പരിവാർ നീക്കത്തിനെതിരെ ജനങ്ങൾ അണി നിരന്നു.

ഇതുപോലെ മന്ത്രി പ​​ങ്കെടുക്കുന്ന ബി.ജെ.പി യോഗത്തിൽ ആളുകൾ കയറി മന്ത്രിയെ ആക്രമിക്കാൻ പറ്റുമോ? ഇവിടെ ബോധപൂർവമായി അക്രമം സംഘടിപ്പിക്കുക എന്ന സംഘ്പരിവാർ അജൻഡയാണ്. തിരുവനന്തപുരം വളരെ സമാധാനപരമായ നാടാണ്. ഈ തിരുവനന്തപുരത്തെ ജനത അക്രമത്തെ ഇഷ്ടപ്പെടുന്നവരല്ല. അത്തരമൊരു സംസ്കാരമുള്ള തിരുവനന്തപുരത്ത്, ആയുധങ്ങളും ഗുണ്ടകളെയും കൊണ്ടുവന്ന് ബി.ജെ.പി ഓഫിസിലും നേതാക്കളുടെ വസതിയിലും താമസിപ്പിച്ച് അക്രമം നടത്തുക എന്നത് അപലപനീയമാണ് -ജയരാജൻ പറഞ്ഞു.

ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് മൂന്ന് ബൈക്കുകളിലെത്തിയ ആറംഗ സംഘം ഓഫിസിന് നേരെ കല്ലെറിഞ്ഞത്. ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പന്‍റെ കാറിന് കേടുപാട് സംഭവിച്ചു. കാറിന്‍റെ ബോണറ്റിലാണ് കല്ല് പതിച്ചത്. ബൈക്കിലെത്തിയ സംഘം വാഹനം നിർത്താതെ തന്നെ ഓഫിസിന് നേരെ കല്ലെറിഞ്ഞ ശേഷം തൈക്കാട് ഭാഗത്തേക്ക് പോവുകയായിരുന്നു. ആക്രമണ സമയത്ത് ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പന്‍റെ കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ ഉറക്കത്തിലായിരുന്നു.

ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ അക്രമികളെ പിന്തുടർന്നെങ്കിലും കണ്ടെത്താനായില്ല. അക്രമികൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ആക്രമണ സമയത്ത് കെട്ടിടത്തിനുള്ളിൽ ഓഫിസ് ജീവനക്കാരും ഉണ്ടായിരുന്നു. ഓഫിസിലെ സി.സി.ടിവിയിൽ കല്ലെറിയുന്നതിന്‍റെ ദൃശ്യങ്ങളുണ്ടെന്ന് പൊലീസ് പറയുന്നു.

വെള്ളിയാഴ്ച വൈകിട്ട് വഞ്ചിയൂരിൽ സി.പി.എം- ആർ.എസ്.എസ്. പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതേതുടർന്ന് പൊലീസ് കനത്ത ജാഗ്രതയിലായിരുന്നു. അതിനാൽ, സി.പി.എം ജില്ല കമ്മിറ്റി ഓഫിസിലും എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി ഓഫിസിലും പൊലിസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു.

ആക്രമണത്തിന് പിന്നിൽ ആർ.എസ്.എസ് ആണെന്ന് ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - CPM office attack: EP Jayarajan against bjp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.