തിരുവനന്തപുരം: രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിനും സി.പി.ഐക്കും വിട്ടുനൽകി ഇടതുമുന്നണിയുടെ കെട്ടുറപ്പിനു ശ്രമിക്കുന്ന സി.പി.എമ്മിന് മുന്നിൽ വെല്ലുവിളികൾ ബാക്കി. മന്ത്രിസഭാ പ്രവേശനത്തിൽ തഴയപ്പെട്ട ആർ.ജെ.ഡി രാജ്യസഭ സീറ്റിനായുള്ള ആവശ്യവും അവഗണിക്കപ്പെട്ടതിൽ കടുത്ത രോഷത്തിലാണ്. മോദി മന്ത്രിസഭയിൽ അംഗമായ പാർട്ടിക്ക് പിണറായി മന്ത്രിസഭയിൽ ഇടം നൽകിയിട്ടും ഞങ്ങളോട് മാത്രം അയിത്തം എന്തുകൊണ്ട്..? എന്ന ചോദ്യം ആർ.ജെ.ഡി അധ്യക്ഷൻ എം.വി. ശ്രേയാംസ് കുമാർ ഉന്നയിച്ചു കഴിഞ്ഞു. പ്രതിപക്ഷം ഇടതുമുന്നണിക്ക് നേരെ നേരത്തേ ഉന്നയിക്കുന്ന ആക്ഷേപമാണ് ഘടകകക്ഷി നേതാവ് ഏറ്റുപിടിച്ചത്. ഇടതുമുന്നണി നേതൃത്വത്തെ കുഴക്കുന്ന ചോദ്യത്തിന് നേതൃത്വത്തിൽനിന്ന് മറുപടി ഉണ്ടായില്ല.
എൻ.ഡി.എ ഘടകകക്ഷിയെന്ന നിലയിൽ എച്ച്.ഡി. കുമാരസ്വാമി മോദി മന്ത്രിസഭയിൽ ഇടം നേടി. കുമാരസ്വാമിയുടെ പാർട്ടിക്കാരനായ കെ. കൃഷ്ണൻകുട്ടി പിണറായി മന്ത്രിസഭയിലും അംഗമാണ്. ബി.ജെ.പി - സി.പി.എം അന്തർധാരക്ക് തെളിവായി പ്രതിപക്ഷം ഈ ബന്ധം ഉയർത്തിക്കാട്ടി. ദേശീയ നേതൃത്വവുമായി ബന്ധം വേർപെടുത്തിയെന്നും കുമാരസ്വാമിയുമായി ബന്ധമില്ലെന്നുമാണ് ജെ.ഡി.എസ് കേരള ഘടകം വിശദീകരിച്ചത്. അക്കാര്യം അംഗീകരിച്ച് ജെ.ഡി.എസിനെ ഇടതുമുന്നണിയിലും മന്ത്രിസഭയിലും തുടരാൻ സി.പി.എം അനുവദിച്ചു. എന്നാൽ, പിണറായി മന്ത്രിസഭയിൽ തുടരുന്ന കൃഷ്ണൻകുട്ടി സാങ്കേതികമായി ഇപ്പോഴും കുമാരസ്വാമി നേതൃത്വം നൽകുന്ന ജെ.ഡി.എസിന്റെ ഭാഗമാണ്. കേന്ദ്രത്തിലും കർണാടകയിലും എൻ.ഡി.എയിലും കേരളത്തിൽ എൽ.ഡി.എഫിലുമായി തുടരുന്നതിൽ ജെ.ഡി.എസിലും ഭിന്നതയുണ്ട്. ജെ.ഡി.എസ് കേരള ഘടകം പുതിയ പാർട്ടിയായി മാറുന്നത് ഉൾപ്പെടെ ചർച്ച പാർട്ടിയിൽ സജീവമാണ്. അഭിപ്രായ ഐക്യത്തിലെത്താൻ കഴിയാത്തതിനാൽ തീരുമാനം നീളുകയാണ്. അതിനിടെയാണ്, അവഗണിച്ച് മാറ്റിനിർത്തിയ സി.പി.എം നേതൃത്വത്തെ പ്രതിരോധത്തിലാക്കാൻ ജെ.ഡി.എസിന്റെ മുന്നണി ബന്ധത്തിലെ വൈരുധ്യം ചൂണ്ടിക്കാട്ടി ആർ.ജെ.ഡി രംഗത്തുവന്നത്. മുന്നണിക്കുള്ളിൽനിന്നുതന്നെ വിമർശനം ഉയർന്നുവന്നത് സി.പി.എമ്മിനുണ്ടാക്കുന്ന സമ്മർദം ചെറുതല്ല. പുതിയ സാഹചര്യത്തിൽ ജെ.ഡി.എസിനോടുള്ള മൃദുസമീപനത്തിൽ സി.പി.എമ്മിന് മാറ്റം വരുത്തേണ്ടി വരും. എൻ.ഡി.എ ബന്ധം പൂർണമായി വിച്ഛേദിക്കുന്ന നടപടികളിലേക്ക് ഉടൻ നീങ്ങാൻ നിർദേശം നൽകിയേക്കുമെന്നാണു സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.