പട്ടാമ്പി (പാലക്കാട്): നഗരസഭ പിടിച്ചെടുക്കാനുള്ള സി.പി.എം തന്ത്രം ഫലിച്ചു. ഭരണം പിടിച്ചെടുക്കുമെന്ന എൽ.ഡി.എഫ് പ്രഖ്യാപനം യാഥാർഥ്യമാകുമ്പോൾ ചെയർപേഴ്‌സൻ സ്ഥാനത്തേക്ക് കണ്ടുവെച്ചിരുന്ന പ്രഫ. സി.പി. ചിത്രയുടെ പരാജയ൦ മാത്രമാണ് ക്ഷീണ൦.
കൈത്തളി വാർഡിൽ കെ.പി.സി.സി അംഗവും മുൻ നഗരസഭ വൈസ് ചെയർേപഴ്സനുമായ സി. സംഗീതയാണ് ചിത്രയെ പരാജയപ്പെടുത്തിയത്. കാലാവധി പൂർത്തിയാക്കിയ ഭരണസമിതിയിൽ ആറ൦ഗങ്ങളുണ്ടായിരുന്ന സി.പി.എം പത്തിലേക്കുയർന്നപ്പോൾ പത്തൊമ്പതംഗങ്ങളുണ്ടായിരുന്ന യു.ഡി.എഫിന് എട്ട് വാർഡുകൾ നഷ്ടമായി.
നഗരസഭ ചെയർമാനായിരുന്ന കെ.എസ്.ബി.എ. തങ്ങളുടെ പരുവക്കടവ് വാർഡിൽ സി.പി.എം-കോൺഗ്രസ് നേരിട്ടുള്ള മത്സരത്തിലും എൽ.ഡി.എഫ് വെന്നിക്കൊടി പാറിച്ചു. കോൺഗ്രസ് അച്ചടക്ക നടപടിയെടുത്ത് പുറത്താക്കിയ മുൻ കെ.പി.സി.സി അംഗം ടി.പി. ഷാജിയുടെ മിന്നുന്ന പ്രകടന൦ യു.ഡി.എഫിനെ ഏറെക്കാലം വേട്ടയാടും.
വി ഫോർ പട്ടാമ്പി എന്ന കൂട്ടായ്മയുണ്ടാക്കി സി.പി.എം പിന്തുണയോടെ ഷാജിയടക്കം മത്സരിച്ച ആറു സ്വതന്ത്ര സ്ഥാനാർഥികളും വിജയിച്ചപ്പോൾ നാലംഗങ്ങളുമായി കോൺഗ്രസ് ഇവർക്ക് പിന്നിൽ ദയനീയാവസ്ഥയിലായി. ഒമ്പതംഗങ്ങളുണ്ടായിരുന്ന കോൺഗ്രസിന് അഞ്ചു വാർഡുകളാണ് നഷ്ടമായത്.
കഴിഞ്ഞതവണ പത്തു വാർഡുകളുണ്ടായിരുന്ന ലീഗ് ഏഴിടത്ത് വിജയിച്ച് പരിക്കില്ലാതെ രക്ഷപ്പെട്ടു. അതേസമയം മൂന്നംഗങ്ങളുണ്ടായിരുന്ന ബി.ജെ.പി.ക്ക് മൂന്ന് സിറ്റിങ് വാർഡുകളും നഷ്ടമായി. ചോരക്കുന്ന് വാർഡിൽ ബി.ജെ.പി സ്വതന്ത്ര ടി.പി. പ്രിയ 355 വോട്ട് നേടി രണ്ടാ൦ സ്ഥാനത്തെത്തിയപ്പോൾ ബി.ജെ.പി ഏഴു വാർഡുകളിൽ രണ്ടക്കത്തിലൊതുങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.