കൊച്ചി: കേരളത്തിലെ സി.പി.എം പൂതലിച്ച അവസ്ഥയിലായെന്ന് പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ. പാർട്ടി മധ്യമേഖല റിപ്പോർട്ടിങ്ങിലാണ് പാർട്ടിയുടെ അവസ്ഥ സംബന്ധിച്ച പരാമർശം. തെറ്റുകൾ തിരുത്താതെ മുന്നോട്ടു പോകാനാവില്ല. അതിന്റെ ഭാഗമായുള്ള സ്വയംവിമർശനമാണ് കേന്ദ്ര കമ്മിറ്റി മുതൽ നടന്നത്. തെറ്റുതിരുത്തലിന്റെ പ്രായോഗിക നടപടികൾ അടുത്ത സംസ്ഥാന കമ്മിറ്റിയിൽ തീരുമാനിക്കും. മേൽത്തട്ട് മുതൽ അത് കർശനമായി നടപ്പാക്കുമെന്നും വിജയരാഘവൻ വിശദീകരിച്ചു.
വലിയ പ്രതീക്ഷയോടെ ജനം തെരഞ്ഞെടുത്ത രണ്ടാം പിണറായി സർക്കാറിന് അത്തരത്തിൽ ഉയർന്ന് പ്രവർത്തിക്കാൻ സാധിച്ചില്ല. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാറിന് സാധിച്ചില്ലെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. ക്ഷേമപെൻഷൻ മുടങ്ങിയതടക്കം കാര്യങ്ങൾ ഇടതുമുന്നണിക്ക് തിരിച്ചടിയായി. കണ്ണൂരിലെ ബോംബ് സംസ്കാരവുമായി ബന്ധപ്പെടുത്തി പാർട്ടിക്കെതിരെ നടന്ന പ്രചാരണങ്ങൾ, സിദ്ധാർഥന്റെ മരണം, കെ.എസ്.ആർ.ടി.സിയിൽ പതിവായി ശമ്പളം മുടങ്ങിയത്, സംസ്ഥാന ജീവനക്കാരുടെ ആനുകൂല്യങ്ങൾ നൽകാൻ കഴിയാത്തത് ഉൾപ്പെടെ പരാജയത്തിന്റെ പ്രധാന കാരണങ്ങളായി.
എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്ലാമി, എസ്.എൻ.ഡി.പി, എൻ.എസ്.എസ് തുടങ്ങി സാമുദായിക ശക്തികളെല്ലാം ഇടതുപക്ഷത്തിനെതിരെ ഒന്നിച്ചെന്നും റിപ്പോർട്ടിങ്ങിനിടെ അദ്ദേഹം സൂചിപ്പിച്ചു. ജനങ്ങളെ മനസ്സിലാക്കുന്നതിന് പാർട്ടിക്ക് സാധിച്ചില്ല. കണക്കുകളെല്ലാം പാളി. പാലക്കാട് ഒരുലക്ഷത്തിന് ജയിക്കുമെന്നു പറഞ്ഞിട്ട് അത്രയും വോട്ടിന് തോൽക്കേണ്ടിവന്നു. പാർട്ടിക്കൊപ്പം നിന്നിരുന്ന നല്ലൊരു വിഭാഗം പോളിങ് ബൂത്തിലെത്തിയപ്പോൾ മാറ്റി ചെയ്തു. സംസ്ഥാനത്താകെ ലഭിക്കേണ്ടതിൽ 28 ലക്ഷത്തോളം വോട്ടിന്റെ കുറവുണ്ടായെന്നും വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.