കൊച്ചി: രാഷ്ട്രീയമായി ഞെട്ടിച്ച തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പരാജയത്തിൽ തുടർ നടപടിക്ക് ഒരുങ്ങി സി.പി.എം. ജില്ലയിലെ മുതിർന്ന നേതാക്കൾ അടക്കമുള്ളവർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് പരാജയം പരിശോധിക്കാൻ പാർട്ടി ചുമതലപ്പെടുത്തിയ മുതിർന്ന നേതാക്കളായ എ.കെ. ബാലൻ, ടി.പി. രാമകൃഷ്ണൻ എന്നിവരടങ്ങിയ സമിതി നേരത്തേ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഏകോപനത്തിലടക്കം അടിമുടി വീഴ്ച സംഭവിച്ചുവെന്നായിരുന്നു സമിതി കണ്ടെത്തൽ. ഈമാസം അവസാനമോ അടുത്തമാസം ആദ്യമോ നടപടി പ്രഖ്യാപിക്കുമെന്നാണ് വിവരം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളുൾപ്പെടെയുള്ളവർക്കെതിരെ നടപടി ഉണ്ടായിരുന്നു.
മികച്ച വിജയവുമായി രണ്ടാമതും അധികാരത്തിലെത്തിയ പിണറായി സർക്കാർ ശുഭപ്രതീക്ഷ വെച്ചുപുലർത്തിയ ഒന്നായിരുന്നു തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്. പി.ടി. തോമസിന്റെ നിര്യാണത്തെ തുടർന്നുണ്ടായ ഉപതെരഞ്ഞെടുപ്പിൽ വിജയമാണ് ഇടതുമുന്നണി കണക്കുകൂട്ടിയിരുന്നത്. യു.ഡി.എഫ് മണ്ഡലമായി അറിയപ്പെടുന്ന തൃക്കാക്കര പിടിച്ചെടുത്ത് നിയമസഭയിൽ എൽ.ഡി.എഫ് അംഗസംഖ്യ 100 തികക്കുമെന്നും അവകാശപ്പെട്ടു.
യു.ഡി.എഫ് വലിയ തർക്കങ്ങളില്ലാതെ പി.ടി. തോമസിന്റെ ഭാര്യ ഉമയെ സ്ഥാനാർഥിയാക്കി ആദ്യമുന്നേറ്റം നടത്തിയപ്പോൾ സ്ഥാനാർഥി നിർണയത്തിൽ സർവത്ര ആശയക്കുഴപ്പമായിരുന്നു ഇടതുപക്ഷത്ത്. അനിശ്ചിതത്വത്തിന് ഒടുവിൽ നാടകീയമായാണ് ഡോ. ജോ ജോസഫിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയടക്കം മുഴുവൻ മന്ത്രിമാരും തമ്പടിച്ച് നടത്തിയ പ്രചാരണം അൽപംപോലും ഏശിയില്ല. ഉമ തോമസ് 25,016 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.
കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് പെരുമ്പാവൂർ, തൃക്കാക്കര, തൃപ്പൂണിത്തുറ, പിറവം മണ്ഡലങ്ങളിലാണ് നടപടി ഉണ്ടായത്. സംസ്ഥാന, ജില്ല, ഏരിയ നേതാക്കൾ നടപടി നേരിട്ടവരിലുണ്ടായിരുന്നു. ഇതിൽ കൂത്താട്ടുകുളം ഏരിയ സെക്രട്ടറിയായിരുന്ന ഷാജു ജേക്കബ് ഒഴികെയുള്ളവർ പാർട്ടിയിൽ തിരിച്ചെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.