പി.എസ്.സി നിയമനങ്ങൾ വൈകുന്നതുമായി ബന്ധപ്പെട്ട് സർക്കാറിനെതിരെയും പാർട്ടിക്കെതിരെയും ഉയർന്ന ആരോപണങ്ങളെ പ്രതിരോധിക്കാൻ സി.പി.എം പുറത്തിറക്കിയ വിഡിയോക്ക് യൂട്യൂബിൽ ലൈക്കുകളുടെ ഇരട്ടിയോളം ഡിസ്ലൈക്. സൈബർ സഖാക്കൾ ആഞ്ഞുപിടിച്ചിട്ടും ഡിസ്ലൈക് മറികടക്കാൻ സാധിച്ചിട്ടില്ല.
സംസ്ഥാന കമ്മിറ്റി അംഗം എം.ബി. രാജേഷാണ് സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക യുട്യൂബ് ചാനലിൽ 'പി.എസ്.സി നിയമന വിവാദം - സത്യം പറയുന്ന രേഖകളും കണക്കുകളും' എന്ന തലക്കെട്ടോടെ ട്രൂ സ്റ്റോറി എന്ന വിഡിയോ അവതരിപ്പിച്ചത്. ആഗസ്റ്റ് രണ്ടിന് വിഡിയോ പുറത്തിറക്കിയതു മുതൽ ലൈക്കുകളുടെ എണ്ണത്തെക്കാൾ ഡിസ്ലൈക്കാണ് മുന്നിട്ടുനിന്നത്.
സമൂഹമാധ്യമങ്ങളിൽ കൂടുതൽ ഇടപെടുന്നതിന്‍റെ ഭാഗമായി പ്രമുഖ നേതാക്കളെല്ലാം സി.പി.എമ്മിന്‍റെ യൂട്യൂബ്, ഫേസ്ബുക്ക് പേജുകളിലൂടെ വിവിധ വിഷയങ്ങളിൽ വിഡിയോ അവതരിപ്പിക്കുന്നുണ്ട്. അവയ്ക്കെല്ലാം പാർട്ടി അണികളിൽനിന്ന് മികച്ച പിന്തുണ കിട്ടിയപ്പോൾ പി.എസ്.സി വിശദീകരണ വിഡിയോ അനുഭാവികൾ തന്നെ ഡിസ്ലൈക് ചെയ്ത് തോൽപ്പിച്ചതായാണ് വിവരം.
ലൈക്കുകളുടെ എണ്ണം കൂട്ടണമെന്ന് ആവശ്യപ്പെട്ട് അനുഭാവികളുടെ ഗ്രൂപ്പുകളിൽ ഉൾപ്പടെ സന്ദേശമെത്തിയിരുന്നു. എന്നിട്ടും ഡിസ്ലൈകിനാണ് വൻ വർധനവുണ്ടായത്. വിഡിയോ ഡിസ്ലൈക് ചെയ്തതായി ഫേസ്ബുക്, വാട്സാപ് കൂട്ടായ്മകളിലെ ചർച്ചകളിൽ പ്രവർത്തകർ തന്നെ സമ്മതിക്കുന്നുണ്ട്. അനുഭാവിയാണെന്ന് പറഞ്ഞുകൊണ്ടുതന്നെ നിരവധി പേർ സി.പി.എം വാദങ്ങളെ എതിർത്ത് കമന്‍റ് ചെയ്യുന്നുമുണ്ട്.
വിഡിയോ പുറത്തിറക്കി രണ്ട് ദിവസം പിന്നിടുമ്പോൾ 41k ലൈക്കും 78kഡിസ്ലൈക്കുമാണ് ലഭിച്ചത്. പി.എസ്.സി നിയമനങ്ങളുമായി ബന്ധപ്പെട്ട വിവാദത്തിൽ സി.പി.എം നിലപാട് അണികൾക്കുപോലും സ്വീകാര്യമാകുന്നില്ലെന്ന് ഈ കണക്ക് വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.