തൊടുപുഴ: തട്ടിപ്പുകേസ് പ്രതി രാജ്കുമാറിെന അനധികൃതമായി കസ്റ്റഡിയിൽ ചോദ്യംചെയ്യുകയും മൂന്നാംമുറ പ്രയോഗിക്കുകയും െചയ്ത സംഭവത്തിൽ പ്രതിക്കൂട്ടിലായ ഇടുക്കി ജില്ല പൊലീസ് മേധാവിയെ രക്ഷിക്കാൻ സി.പി.എം രംഗത്ത്. പാർട്ടി വിധേയനായ ഉദ്യോഗസ്ഥനെതിരെ നടപടി ഉണ്ടായിക്കൂടെന്ന സന്ദേശം മുഖ്യമന്ത്രിക്ക് ജില്ല നേതൃത്വം കൈമാറി. ജില്ല പൊലീസ് മേധാവിക്ക് വീഴ്ചയുണ്ടായോ എന്ന് പ്രത്യേകം പരിശോധിക്കാൻ കൊച്ചി റേഞ്ച് ഐ.ജിക്ക് ഉന്നതതല നിർദേശം എത്തിയതിനു പിന്നാലെയാണിത്. എസ്.പി കുറ്റക്കാരനെന്ന് സി.പി.ഐ അടക്കം നിലപാടെടുത്തിരുന്നു.
പ്രതി അവശനെന്ന സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് അവഗണിച്ച് അനധികൃത കസ്റ്റഡിയിൽ തുടരാൻ അനുവദിച്ചത് വീഴ്ചയായെന്ന വിലയിരുത്തൽ എസ്.പിക്കു വിനയാകുമെന്ന നിഗമനത്തിലുമാണ് പാർട്ടി ഇടപെടൽ. മൂന്നാംമുറ അരേങ്ങറിയത് എസ്.പി അറിയാതെയല്ലെന്ന വിവരങ്ങൾ പുറത്തുവന്നതിനു പിന്നാലെ ഉന്നത ഉദ്യോഗസ്ഥർ അറിഞ്ഞില്ലെന്ന നിലപാടിലാണ് ആഭ്യന്തരവകുപ്പ് കൈയാളുന്ന പാർട്ടിയുടെ ജില്ല നേതൃത്വം. ഒരാഴ്ച മുമ്പ് സ്ഥലംമാറിയ കട്ടപ്പന ഡിവൈ.എസ്.പിയുടെയും നെടുങ്കണ്ടം സി.ഐയുടെയും ഗുരുതരകൃത്യവിലോപമാണ് കസ്റ്റഡിമരണത്തിലേക്ക് എത്തിച്ചതെന്നാണ് സി.പി.എം പറയുന്നത്. കോൺഗ്രസ് നേതൃത്വവുമായി ഈ ഉദ്യോഗസ്ഥർ ഒളിച്ചുകളിച്ചെന്ന ആരോപണവും പാർട്ടി മുന്നോട്ടുവെക്കുന്നു. എസ്.പിക്ക് ‘മുഖംരക്ഷിക്കൽ സ്ഥലംമാറ്റം’ അനിവാര്യമെങ്കിൽ ആകാമെന്നതിനപ്പുറം ശിക്ഷാനടപടിയുണ്ടാകുന്ന അന്വേഷണംപോലും ആവശ്യമില്ലെന്ന നിലയിലാണ് പാർട്ടിയും മന്ത്രിയടക്കം. ഹരിത ഫിനാന്‍സ് ഉടമ രാജ്കുമാറിെൻറ കസ്റ്റഡി മരണത്തില്‍ ജില്ല പൊലീസ് മേധാവിയും കട്ടപ്പന ഡിവൈ.എസ്.പിയും കുറ്റക്കാരാണെന്നാണ് സി.പി.ഐ ഇടുക്കി ജില്ല സെക്രട്ടറി കെ.കെ. ശിവരാമെൻറ ആരോപണം.
പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയെ മർദിച്ചത് നിയമവിരുദ്ധമാണെന്നും മേലുദ്യോഗസ്ഥരുടെ അറിവും സമ്മതവും ഉണ്ടെന്നും അദ്ദേഹം പറയുന്നു. എസ്.പിക്ക് കീഴിലെ രഹസ്യാന്വേഷണ വിഭാഗമാണ് കസ്റ്റഡിയിൽ തീർത്തും അവശനാണെന്ന് ഈ മാസം 13നും 14നും മേലുദ്യോഗസ്ഥർക്കു റിപ്പോർട്ട് നൽകിയത്. എന്നാൽ, ഇതവഗണിച്ച് രണ്ടുദിവസംകൂടി നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ ചോദ്യംചെയ്യൽ തുടർന്നു. ഇവിടെ വിശ്രമമുറിയിലാണ് കുമാറിന് മർദനമേറ്റത്. അവശത സംബന്ധിച്ച റിപ്പോർട്ടിൽ നടപടി നിർദേശിക്കാതിരുന്നതും മൂന്നാംമുറ വിലക്കാതിരുന്നതുമാണ് എസ്.പിയെ പ്രതിക്കൂട്ടിലാക്കുന്നത്. അതിനിടെ എസ്.പിക്ക് സ്ഥലംമാറ്റം ഉണ്ടായേക്കുമെന്ന് സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.