അൻവറിന് സി.പി.എം അന്ത്യശാസനം: ഇനി വാ തുറക്കുമോ?

പി.വി. അൻവറിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് രംഗത്തെത്തിയതോടെ ഏവരും ഉറ്റുനോക്കുന്നത് ഇനി വാ തുറക്കുമോ​യെന്നാണ്. അൻവറിന്റെ നീക്കങ്ങൾ സി.പി.എം നേതൃത്വവും വിലയിരുത്തി​കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ അൻവറിന് അനുകൂലമായി രംഗത്തുണ്ടായിരുന്ന സി.പി.എം അനുകൂല സൈബർ ഗ്രൂപ്പുകൾ ഏറെയും ഇന്നലെയോടെ ഇൗ വിഷയത്തിൽ പ്രതികരിക്കാതെയായി. സെക്രട്ടറി​േയറ്റിന്റെ പ്രസ്താവന സി.പി.എം നേതാക്കൾക്കൊപ്പം അനുഭാവി സഖാക്കളും സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി ഷെയർചെയ്യുകയാണിപ്പോൾ. പാർട്ടിയുടെ പിന്തുണ ഇനി അൻവറില്ലെന്ന പരസ്യപ്രഖ്യാപനം നടത്തുകയാണിതിലൂടെ സി.പി.എം.

അൻവറിന്റെ ആരോപണങ്ങൾ പാർട്ടിയേയും മുന്നണിയേയും ദുർബലപ്പെടുത്തുന്നുവെന്നും പരസ്യ പ്രതികരണങ്ങളിൽ നിന്ന് പിന്മാറണമെന്നുമാണ് സി.പി.എം വാർത്താകുറിപ്പിലൂടെ ആവശ്യപ്പെടുന്നത്. അൻവറിനോട് ഒരു തരത്തിലും യോജിപ്പില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ വ്യക്തമാക്കുന്നു. ഒരു മണിക്കൂർ 40 മിനിട്ട് നീണ്ട മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താസമ്മേളനം അൻവറിനും അതുവഴി ആഭ്യന്തര വകുപ്പിനെ വിമർശിക്കുന്ന അനുയായികൾക്കുള്ള മറുപടിയാണ് നൽകിയത്. ഇടതുമുന്നണിയുടെ ചരിത്രത്തിൽ അൻവറിനെപ്പേ​ാലെ പ്രതിസന്ധി സൃഷ്ടിച്ച എം.എൽ.എ ഉണ്ടായിരുന്നില്ലെന്ന തരത്തിൽ ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാനും അതുവഴി ഉൾപാർട്ടി ജനാധിപത്യമെന്ന കമ്മ്യൂണിസ്റ്റ് പാർട്ടി രീതിയാണ് ​ശരിയെന്ന് സ്ഥാപിച്ചെടുക്കാനുള്ള നീക്കത്തിലാണ് സി.പി.എം.

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം കഴിഞ്ഞ് 24മണിക്കൂർ തികയുമ്പോൾ പാർട്ടിസെക്രട്ടറിയേറ്റ് അൻവറിനെ തള്ളിപ്പറഞ്ഞു​കൊണ്ടുള്ള പ്രസ്താവനയുമായി രംഗത്തെത്തുകയാണ്. ആഭ്യന്തരവകുപ്പിനെ പ്രതിക്കൂട്ടിൽ നിർത്തിയുള്ള വിമർശനവുമായി പോകാൻ അൻവറിനെ അനുവദിക്കില്ലെന്ന കൃത്യമായ സ​ന്ദേശമാണ് സി.പി.എം നൽകുന്നത്. ഇതിനിടെ, അൻവറിന്റെ നീക്കങ്ങൾക്ക് പിന്നിലാരെന്ന് കണ്ടെത്തുന്നതിനായി സംസ്ഥാന ഇന്റലിജിൻസ് രഹസ്യാന്വേഷണം നടത്താൻ തീരുമാനിച്ചിരിക്കയാണ്. അൻവറിന്റെ ആരോപണങ്ങൾക്ക് പുറകിൽ ആരൊക്കെയുണ്ടെന്ന് കണ്ടെത്താനാണ് അന്വേഷണം.

പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി, എ.ഡി.ജി.പി എം.ആർ. അജിത് കുമാർ എന്നിവരെ ലക്ഷ്യം വെക്കുന്നതിനു പിന്നിലുള്ള ഗൂഢാലോചന അന്വേഷിക്കും. സ്വർണകടത്തു സംഘങ്ങൾക്ക് ഗൂഢാലോചനയിൽ പങ്കുണ്ടോയെന്നതും അന്വേഷണത്തിന്റെ പരിധിയിൽ വരും. തന്റെ പിന്നിൽ ദൈവം മാത്രമാണെന്നാണ് അൻവർ ആഭ്യന്തരവകുപ്പിനെതിരെ വാർത്താസമ്മേളനം നടത്തികൊണ്ട് പറഞ്ഞിരുന്നത്. ഏറ്റവും ഒടുവിൽ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിന് മറുപടിയായി രംഗത്തെത്തിയപ്പോൾ പേരാട്ടം തുടരുമെന്നും ഇത്, ഈ നാടിനുവേണ്ടിയുള്ളതാതെന്നാണ് അൻവർ പറഞ്ഞത്. പാർട്ടി പൂർണമായും കൈവെടിഞ്ഞ സാഹചര്യത്തിൽ ഇനി എന്ത് നീക്കമാണ് അൻവർ നടത്തുകയെന്നാണ് ​രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്. വേണ്ടി വന്നാൽ പാർട്ടിക്ക് പുറത്തേക്ക് എന്ന നിലപാടാണ് അൻവറിനുള്ളതെന്നാണ് സൂചന.

സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ പുറപ്പെടുവിച്ച പ്രസ്‌താവന

നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്വതന്ത്ര എം.എല്‍.എ എന്ന നിലയിലാണ്‌ നിയമസഭയിലും, നിലമ്പൂര്‍ മണ്ഡലത്തിലും പ്രവര്‍ത്തിച്ചുവരുന്നത്‌. അദ്ദേഹം സി.പി.ഐ (എം) പാര്‍ലമെന്ററി പാര്‍ട്ടി അംഗവുമാണ്‌. ചില വിഷയങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അദ്ദേഹം മുഖ്യമന്ത്രിയുടെ മുന്‍പാകെ രേഖാമൂലം സമര്‍പ്പിച്ചിട്ടുണ്ട്‌. പരാതിയുടെ കോപ്പി പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്കും നല്‍കിയിട്ടുണ്ട്‌. പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ സര്‍ക്കാരിന്റെ അന്വേഷണത്തിലും, പാര്‍ട്ടി പരിശോധിക്കേണ്ട വിഷയങ്ങള്‍ പാര്‍ട്ടിയുടെ പരിഗണനയിലുമാണ്‌.

വസ്‌തുതകള്‍ ഇതായിരിക്കെ ഗവണ്‍മെന്‍റിനും, പാര്‍ടിക്കുമെതിരെ അദ്ദേഹം തുടര്‍ച്ചയായ ആരോപണങ്ങള്‍ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചു വരികയാണ്‌. പി.വി അന്‍വര്‍ എം.എല്‍.എയുടെ ഈ നിലപാടിനോട്‌ പാര്‍ട്ടിക്ക്‌ യോജിക്കാന്‍ കഴിയുന്നതല്ല. പി.വി അന്‍വര്‍ എം.എല്‍.എ സ്വീകരിക്കുന്ന ഇത്തരം നിലപാടുകള്‍ പാര്‍ട്ടി ശത്രുക്കള്‍ക്ക്‌ ഗവണ്‍മെന്‍റിനെയും, പാര്‍ട്ടിയെയും അക്രമിക്കാനുള്ള ആയുധങ്ങളായി മാറുകയാണ്‌. ഇത്തരം നിലപാടുകള്‍ തിരുത്തി പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള സമീപനത്തില്‍ നിന്നും പിന്തിരിയണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ അഭ്യര്‍ഥിക്കുന്നു.

Tags:    
News Summary - CPM Secretariat rejects PV Anvar's allegations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.