തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ അധ്യയന ദിവസങ്ങളുടെ എണ്ണം ഏകപക്ഷീയമായി വർധിപ്പിക്കുകയും ഏപ്രിലിലേക്ക് നീട്ടുകയും ചെയ്ത വിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്കെതിരെ സി.പി.എം അനുകൂല സംഘടനയായ കെ.എസ്.ടി.എ പരസ്യമായി രംഗത്ത്.
വേണ്ടത്ര കൂടിയാലോചനയും ചർച്ചയും ഇല്ലാതെ വിദ്യാഭ്യാസ കലണ്ടർ ഏകപക്ഷീയമായി പ്രഖ്യാപിച്ചത് അംഗീകരിക്കാനാവില്ലെന്ന് കെ.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി എൻ.ടി. ശിവരാജൻ വാർത്തക്കുറിപ്പിൽ അറിയിച്ചു. പ്രതിപക്ഷ അധ്യാപക സംഘടനകൾ തീരുമാനത്തിനെതിരെ പ്രക്ഷോഭം തുടങ്ങാൻ തീരുമാനിച്ചതിന് പിന്നാലെയാണ് ഭരണപക്ഷ സംഘടനയും അതൃപ്തി പരസ്യപ്പെടുത്തിയത്. അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിൽപോലും ചർച്ചചെയ്യാത്ത കാര്യങ്ങളാണ് വിദ്യാഭ്യാസ കലണ്ടർ രൂപത്തിൽ പുറത്തുവന്നതെന്ന് കെ.എസ്.ടി.എ കുറ്റപ്പെടുത്തി.
നിലവിൽ വിദ്യാഭ്യാസ അവകാശ നിയമപ്രകാരവും കെ.ഇ.ആർ വ്യവസ്ഥകളനുസരിച്ചും ൈപ്രമറിയിൽ 800ഉം സെക്കൻഡറിയിൽ 1000ഉം ഹയർസെക്കൻഡറിയിൽ 1200 ഉം മണിക്കൂറുകളാണ് അധ്യയന സമയമായി വരേണ്ടത്. ഇതിൽ ൈപ്രമറി വിഭാഗത്തിൽ മാത്രം പ്രതിദിനം അഞ്ച് മണിക്കൂർ എന്ന നിലയിൽ 200 പ്രവൃത്തിദിനങ്ങൾ നിലവിലുള്ളതിനാൽ ശനിയാഴ്ച പ്രവൃത്തി ദിനമാക്കേണ്ട സാഹചര്യമില്ല. മുൻകാലങ്ങളിൽ അധിക പ്രവൃത്തിദിവസങ്ങൾക്കായി തുടർച്ചയായി ആറു പ്രവൃത്തിദിനം വരാത്ത തരത്തിൽ ശനിയാഴ്ചകൾ ഉപയോഗപ്പെടുത്തിയിരുന്നത് അധ്യാപക സംഘടനകളുമായി ചർച്ചചെയ്തു മാത്രമായിരുന്നു. ഈ നില തുടരുന്നതിനു പകരം അനാവശ്യ വിവാദങ്ങൾക്കിടനൽകും വിധം പുതിയ പ്രഖ്യാപനം ഒഴിവാക്കേണ്ടതായിരുന്നു.
വിവാദങ്ങൾക്കിടനൽകാതെ ശാസ്ത്രീയമായ പഠനങ്ങൾക്കും ബോധ്യങ്ങൾക്കും വിധേയമായി വിദ്യാഭ്യാസ കലണ്ടർ അധ്യാപക സംഘടനകളുമായി ചർച്ച ചെയ്ത് ഭേദഗതികൾ വരുത്തി നടപ്പാക്കണമെന്നും എൻ.ടി. ശിവരാജൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.