സി.പി.എം പഞ്ചായത്തംഗം ‍‍‍‍ആർ.എസ്.എസ് നേതാവിനെ വിവാഹം ചെയ്തു; പിന്നാലെ മെമ്പർ സ്ഥാനം രാജിവെച്ചു

പയ്യോളി: ആർ.എസ്.എസ് നേതാവിനൊപ്പം ഒളിച്ചോടി വിവാഹിതയായ സി.പി.എം പഞ്ചായത്ത് മെംബർ രാജിവെച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ ശ്രീലക്ഷ്മി കൃഷ്ണയാണ് തൽസ്ഥാനം രാജിവെച്ചൊഴിഞ്ഞത്.

കണ്ണൂർ ഇരിട്ടി പുന്നാട് സ്വദേശിയും ആർ.എസ്.എസ് ശാഖ മുൻമുഖ്യശിക്ഷകാണ് ശ്രീലക്ഷ്മിയുടെ വരൻ. കഴിഞ്ഞ ദിവസം മെമ്പറെ കാണാതാവുകയായിരുന്നു. തുടർന്ന് പയ്യോളി പൊലീസ് സ്റ്റേഷനിൽ വീട്ടുകാർ പരാതിപ്പെട്ടു. പിന്നാലെ ഇരുവരും ചൊവ്വാഴ്ച പൊലീസിനുമുമ്പാകെ ഹാജരാവുകയായിരുന്നു. വൈകീട്ടോടെ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് ശ്രീലക്ഷ്മി രാജി സമർപ്പിച്ചു.

2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ മൃഗീയ ഭൂരിപക്ഷത്തിനാണ് സി.പി.എം സ്ഥാനാർത്ഥിയായ ശ്രീലക്ഷ്മി അഞ്ചാം വാർഡിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്. തിക്കോടി പഞ്ചായത്തിലെ തന്നെ റെക്കോർഡ് ഭൂരിപക്ഷമായ 526 വോട്ടിനാണ് എതിരാളിയായ ബി.ജെ.പി സ്ഥാനാർത്ഥിയെ തോൽപിച്ചത്.

മെമ്പർ രാജിവെച്ചതോടെ എൽ.ഡി.എഫ് ഭരിക്കുന്ന തിക്കോടിയിലെ അഞ്ചാം വാർഡായ പള്ളിക്കര സൗത്തിൽ വീണ്ടും ഉപതെരെഞ്ഞെടുപ്പിന് കളമൊരുങ്ങി. 17 വാർഡുകളുള്ള തിക്കോടി ഗ്രാമപഞ്ചായത്ത് ഏറെക്കാലത്തെ ഇടവേളക്ക് ശേഷമാണ് എൽ.ഡി.എഫ് പിടിച്ചെടുത്തത്. നിലവിൽ എൽ.ഡി.എഫിന് പത്തും യു.ഡി.എഫിന് ഏഴും സീറ്റുകളായത് കൊണ്ട് ശ്രീലക്ഷ്മിയുടെ രാജി ഭരണകക്ഷിക്ക് ഭീഷണിയാവില്ല. 

Tags:    
News Summary - CPM thikkodi panchayat member marries RSS leader; resigned member later

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.