തീവ്രവാദികളെ പോലെ കൊലപാതക സംഘമായി സി.പി.എം മാറി -വി.ഡി സതീശൻ

കുപ്രസിദ്ധ തീവ്രവാദസംഘങ്ങളെ പോലെ ആസൂത്രിതമായി കൊലപാതകം നടത്തുന്ന സംഘടനയായി സി.പി.എം മാറിയിരിക്കുകയാണെന്ന്​ പ്രതിപക്ഷ നേതാവ്​ വി.ഡി സതീശൻ. മുന്‍ എം.എല്‍.എ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് സി.ബി.ഐ കണ്ടെത്തിയതോടെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ പാര്‍ട്ടിക്ക് ഒരു പങ്കുമില്ലെന്ന് സ്ഥിരമായി ആവര്‍ത്തിക്കുന്ന സി.പി.എമ്മിന്‍റെ ഒരു കെട്ടുകഥകൂടി പൊളിഞ്ഞിരിക്കുകയാണ്.

പാര്‍ട്ടിയിലെ നേതാക്കളെല്ലാം കൊലപാതകത്തിന്‍റെ വിവിധ ഘട്ടങ്ങളില്‍ പങ്കാളികളായിട്ടുണ്ട്. ഇത്രയും ആസൂത്രിതമായി കൊലപാതകം നടത്തുന്ന സംഘടന ലോകത്തെങ്ങുമില്ല. പാര്‍ട്ടി അറിയാതെ ഒരു രാഷ്ട്രീയ കൊലപാതകവും നടക്കില്ലെന്ന് വ്യക്തമായിരിക്കുകയാണ്. വല്ലവരുടെയും മക്കളുടെ ശിരസ്സ് വെട്ടിപ്പിളര്‍ന്നും നെഞ്ച് വെട്ടിപ്പിളര്‍ന്നും ചോരകുടിച്ച് വീര്‍ത്ത പാര്‍ട്ടിയാണ് സി.പി.എമ്മെന്ന് വീണ്ടും തെളിഞ്ഞിരിക്കുകയാണ്.

കൊലയാളികളെ സംരക്ഷിക്കാന്‍ ഖജനാവില്‍ നിന്നും എത്ര കോടികളാണ് ചെലവഴിച്ചത്. പാര്‍ട്ടി നേതാക്കള്‍ക്കുള്ള പങ്ക് വ്യക്തമാകുമെന്നതിനാലാണ് സി.ബി.ഐ അന്വേഷണത്തെ തുടക്കം മുതല്‍ക്കെ എതിര്‍ത്തത്. സംസ്ഥാനത്ത് സി.ബി.ഐ അന്വേഷിക്കുന്ന മറ്റു കേസുകളെ എതിര്‍ക്കാത്തത് എന്തുകൊണ്ടാണ്?

കൊല ചെയ്യപ്പെട്ട കുട്ടികളുടെ മാതാപിതാക്കള്‍ കോടതിയില്‍ പോയതുകൊണ്ടാണ് സി.ബി.ഐ അന്വേഷിച്ചത്. ഈ കേസിന്‍റെ അവസാനം വരെ കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും കുടുംബത്തിനൊപ്പം കോണ്‍ഗ്രസുണ്ടാകും. ഇപ്പോഴും കൊലയാളികളുടെ ഭാര്യമാര്‍ക്ക് ജോലി കൊടുക്കുന്ന തിരക്കിലാണ് സര്‍ക്കാര്‍. പാര്‍ട്ടിക്കു വേണ്ടി കൊലപാതകം നടത്തിയാല്‍ ഏതുവിധേനയും സംരക്ഷിക്കുമെന്ന സന്ദേശമാണ് നല്‍കുന്നത്. ഇത് അപകടകരമാണ്.

പാര്‍ട്ടിയുടെ എല്ലാ തലങ്ങളിലുള്ള നേതൃത്വങ്ങളെയും അറിയിച്ചുകൊണ്ടാണ് പെരിയയിലെ കൊലപതകം നടത്തിയത്. അതുകൊണ്ടാണ് കൊലയാളികളെ സംരക്ഷിക്കാന്‍ ഖജനാവിലെ കോടികള്‍ മുടക്കി സുപ്രീം കോടതി വരെ പോയത്. ക്രൂരന്മാരായ കൊലയാളികളെ സംരക്ഷിക്കാന്‍ നമ്മുടെ നികുതിപ്പണം കൊണ്ടാണ് കേസ് നടത്തിയത്. അല്ലാതെ അവരുടെ വീട്ടില്‍ നിന്നും കൊണ്ടുവന്ന പണമല്ല. കണ്ണൂരില്‍ നിന്നുള്ള വിദഗ്ദ്ധരായ കൊലയാളികളുടെ സേവനവും പെരിയ കൊലപാതകത്തിന് സി.പി.എം ഉപയോഗിച്ചിട്ടുണ്ട്.

ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിട്ടും പൊലീസ് പുരാവസ്തു തട്ടിപ്പുകാരനായ മോന്‍സണ്​ സംരക്ഷണം ഒരുക്കുകയായിരുന്നു. ഇതാണ് ജനങ്ങള്‍ക്കിടയില്‍ മോന്‍സണ് വിശ്വാസ്യത ഉണ്ടാക്കിക്കൊടുത്തത്. ഇതൊക്കെ നിയമസഭയില്‍ ഉന്നയിച്ചിട്ടും സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. ഇതാണ് ഹൈക്കോടതിയും ഇപ്പോള്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

ജയകൃഷ്ണന്‍ ചരമദിനത്തോട് അനുബന്ധിച്ച് തലശേരിയില്‍ പ്രകോപന മുദ്രാവാക്യങ്ങള്‍ മുഴക്കിയുള്ള പ്രകടനം അപലപനീയമാണ്. ജയകൃഷ്ണനെ കൊലപ്പെടുത്തിയ സി.പി.എമ്മിനെതിരെയായിരുന്നു മുദ്രാവാക്യം വിളിക്കേണ്ടിയിരുന്നത്. എന്നാല്‍ മറ്റൊരു മതവിഭാഗത്തിനെതിരെ മുദ്രാവാക്യം മുഴക്കി വര്‍ഗീയ ചേരിതിരിവുണ്ടാക്കാനാണ് സംഘപരിവാര്‍ ശ്രമിച്ചത്. ബി.ജെ.പിക്കും സംഘപരിവാര്‍കക്ഷികള്‍ക്കും കേരളത്തില്‍ ഇടം നഷ്ടപ്പെട്ടിരിക്കുകയാണ്. അത് ഉണ്ടാക്കിയെടുക്കാനാണ് വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ശ്രമിക്കുന്നത്. ന്യൂനപക്ഷ വര്‍ഗീയതയെയും ഭൂരിപക്ഷ വര്‍ഗീയതയെയും കോണ്‍ഗ്രസും യു.ഡി.എഫും ഒരുപോലെ എതിര്‍ക്കും.

Tags:    
News Summary - CPM turned into a murderous gang like terrorists - VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.