കോഴിക്കോട്: ഏറെ വിവാദങ്ങൾക്ക് തിരികൊളുത്തിയ സി.പി.എമ്മിന്റെ ഏക സിവിൽ കോഡ് സെമിനാർ ശനിയാഴ്ച കോഴിക്കോട്ട്. ഏകീകൃത സിവിൽകോഡ് നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ നടക്കുന്ന ‘ജനകീയ ദേശീയ സെമിനാർ’ വൈകീട്ട് നാലിന് സ്വപ്ന നഗരിയിലെ ട്രേഡ് സെന്ററിൽ സി.പി.എം അഖിലേന്ത്യ ജന. സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. പ്രഖ്യാപനം മുതൽ ഇരു മുന്നണികൾക്കകത്തും വിവിധ സംഘടനകൾക്കിടയിലും ഉടലെടുത്ത ഭിന്നതയും വിമർശനങ്ങളുമാണ് സെമിനാറിനെ ശ്രദ്ധേയമാക്കുന്നത്. മുസ്ലിം സംഘടനകൾക്കിടയിലെ വിവിധ ആശയധാരയിലുള്ളവർ ഒരേ വേദിയിൽ എത്തുന്നുവെന്നതും പ്രത്യേകതയാണ്.
കോൺഗ്രസിനെ മാറ്റിനിർത്തിയ പ്രഖ്യാപനത്തോടെ തന്നെ സെമിനാറിന്റെ രാഷ്ട്രീയ അജണ്ട മറനീക്കിയിരുന്നു. വിഷയത്തിൽ വ്യക്തമായ നിലപാടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസിനെ മാറ്റിനിർത്തിയതെങ്കിൽ വ്യക്തിനിയമങ്ങളിൽ സി.പി.എമ്മിന്റെ വ്യക്തത എന്താണെന്ന മറുചോദ്യം ഉയർത്തിയാണ് കോൺഗ്രസ് നേരിട്ടത്. സി.പി.എം താത്ത്വികാചാര്യൻ ഇ.എം.എസ് നമ്പൂതിരിപ്പാട് അടക്കം എടുത്ത ശരീഅത്ത് വിരുദ്ധ നിലപാടുകളും കോൺഗ്രസ് ഉയർത്തി.
പ്രതിരോധത്തിലായ സി.പി.എം, യു.ഡി.എഫ് ഘടകകക്ഷിയായ മുസ്ലിം ലീഗിനെ സെമിനാറിലേക്ക് ക്ഷണിച്ച് രാഷ്ട്രീയ അജണ്ടകൾക്ക് നിറം പകർന്നു. പങ്കെടുക്കുന്നതു സംബന്ധിച്ച തീരുമാനമെടുക്കുന്നതിലുള്ള അനിശ്ചിതത്വം ലീഗിനകത്ത് വിമർശനങ്ങളുയർത്തിയപ്പോൾ പാണക്കാട്ട് അടിയന്തര നേതൃയോഗം ചേർന്ന്, സെമിനാറിൽ ലീഗ് പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചു.
യു.ഡി.എഫിൽ വിള്ളലുണ്ടാക്കാനുള്ള സി.പി.എം തന്ത്രം ഇതോടെ പൊളിഞ്ഞെങ്കിലും ലോക്സഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയ നേട്ടത്തിനുള്ള അവസരമായി സെമിനാർ മാറുമെന്നാണ് സി.പി.എമ്മിന്റെ പ്രതീക്ഷ. വിവിധ മത വിഭാഗങ്ങളെ ബാധിക്കുന്നതാണെങ്കിലും ഇതൊരു മുസ്ലിം വിഷയമാക്കി ഉയർത്തി സമുദായ പിന്തുണ ഉറപ്പാക്കുകയെന്ന തന്ത്രമാണ് സി.പി.എം ഉയർത്തുന്നതെന്ന വിമർശനവുമുണ്ട്.
ബി.ജെ.പി പ്രഖ്യാപിച്ച ഏക സിവിൽകോഡിന് എതിരാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുമ്പോഴും വ്യക്തിനിയമ പരിഷ്കരണം തങ്ങളുടെ അജണ്ടയാണെന്ന് വ്യക്തമാക്കുന്നതായിരുന്നു പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ കഴിഞ്ഞദിവസം ദേശാഭിമാനിയിൽ എഴുതിയ ലേഖനം. മതങ്ങളിലെ വ്യക്തി നിയമങ്ങൾ പുരുഷാധിപത്യാധിഷ്ഠിതമാണെന്നും മതസമൂഹങ്ങളിൽ ജനാധിപത്യവത്കരണം നടക്കണമെന്നും ലേഖനത്തിൽ വ്യക്തമാക്കിയിരുന്നു.
ഓരോ സമുദായത്തിനകത്തും നടക്കുന്ന ലിംഗനീതി നിഷേധത്തിനെതിരായും സ്ത്രീകളുടെ തുല്യാവകാശങ്ങൾക്ക് വേണ്ടിയുമുള്ള നിയമ നിർമാണം ഉറപ്പാക്കണമെന്നും ഇതിന് എല്ലാ സമുദായങ്ങളിലെയും വ്യക്തിനിയമങ്ങളിൽ മാറ്റം വരുത്തണമെന്നും ലേഖനത്തിൽ വിജയരാഘവൻ ആവശ്യപ്പെട്ടിരുന്നു. ഈ നിലപാട് തന്നെയാണ് പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനും പരസ്യമാക്കിയത്. ഇതുതന്നെയായിരുന്നു മുമ്പ് ഇ.എം.എസ് ഉയർത്തിയ നിലപാടും.
ബി.ജെ.പി പ്രഖ്യാപിച്ചതിനാൽ ഏക സിവിൽ കോഡിന് തങ്ങൾ എതിരാണെന്നും എന്നാൽ, വക്തിനിയമ പരിഷ്കരണം അനിവാര്യമാണെന്നുമുള്ള സി.പി.എം നിലപാടിന്റെ വൈരുധ്യത്തെ സെമിനാറിൽ പങ്കെടുക്കുന്ന മത സംഘടനകൾ എങ്ങനെ സമീപിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.
സമസ്ത നേതാക്കളായ ബഹാഉദ്ദീൻ നദ്വിയും അബ്ദുസ്സമദ് പൂക്കോട്ടൂരും സി.പി.എം നിലപാടിനെതിരെ പരസ്യ വിമർശനമുയർത്തിയിരുന്നു. സെമിനാറിൽ മുക്കം ഉമർ ഫൈസിയും പി.എം. അബ്ദുസ്സലാം ബാഖവിയുമാണ് സമസ്തയെ പ്രതിനിധീകരിക്കുന്നത്. കാന്തപുരം വിഭാഗം സമസ്തയുടെ ഔദ്യോഗിക ഭാരവാഹികളെ പങ്കെടുപ്പിക്കുന്നതിനുപകരം കേരള മുസ്ലിം ജമാഅത്ത് ഭാരവാഹികളായ സി. മുഹമ്മദ് ഫൈസിയെയും എൻ. അലി അബ്ദുല്ലയെയും അയക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
കെ.എൻ.എമ്മിനെ പ്രതിനിധാനംചെയ്ത് പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനിയും വൈസ് പ്രസിഡന്റ് ഡോ. ഹുസൈൻ മടവൂരും പങ്കെടുക്കും. 1985ൽ ശരീഅത്ത് വിവാദ കാലത്ത് ജമാഅത്ത്, മുജാഹിദ് വിഭാഗങ്ങളുമായി വേദി പങ്കിട്ടതിന്റെ പേരിൽ ഇ.കെ. അബൂബക്കർ മുസ്ലിയാർ വഴികേടിലായെന്ന് പറഞ്ഞാണ് കാന്തപുരം വിഭാഗം വിഘടിച്ച് പുതിയ സമസ്ത രൂപവത്കരിച്ചത്. രണ്ട് സമസ്തയുടെയും പ്രതിനിധികളും മുജാഹിദ് വിഭാഗങ്ങളും ഒരുമിച്ചിരിക്കുന്നു എന്ന പ്രത്യേകതയും ഇന്നത്തെ സി.പി.എം സെമിനാറിനുണ്ട്. അതേസമയം, എൽ.ഡി.എഫ് ഘടകകക്ഷിയായ സി.പി.ഐയുടെ മുതിർന്ന നേതാക്കളാരും സെമിനാറിൽ പങ്കെടുക്കുന്നില്ല. സംസ്ഥാന കൗൺസിൽ അംഗം ഇ.കെ. വിജയൻ പങ്കെടുക്കുമെന്നാണ് അവർ അറിയിച്ചിരിക്കുന്നത്.
ആലപ്പുഴ: സി.പി.എം സെമിനാറിൽ തന്നെ ക്ഷണിച്ചിരുന്നുവെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവോത്ഥാന സമിതിയുടെ നേതൃയോഗമുള്ളതിനാൽ പോകാൻ പറ്റിയില്ല.
എസ്.എൻ.ഡി.പി പ്രതിനിധിയായി ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് പങ്കെടുക്കുന്നുണ്ട്. ഏക സിവിൽ കോഡ് വിഷയത്തിൽ അഭിപ്രായം പറയുന്നില്ല. ആരെയും കിട്ടിയില്ലെങ്കിൽ തന്നെ ഇരയാക്കരുത്. ഏക സിവിൽ കോഡിന്റെ നിയമവും നിയമാവലിയും ഏങ്ങനെയാണ് ആർക്കും അറിയില്ല. ബില്ലിന്റെ കരട് വരുന്നതിന് മുമ്പ് തമ്മിൽതല്ലുകയാണ്. ഏകദേശം രൂപവും തോന്നലുകളും വെച്ചുള്ള ചർച്ചയും സംവാദവുമാണ് നടക്കുന്നത്. ഇത് എൻ.ഡി.എ അജണ്ടയുടെ പ്രധാന വാഗ്ദനമല്ലേയെന്ന് ചോദിച്ചപ്പോൾ ഞാൻ പാവംപിടിച്ച എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയാണെന്നായിരുന്നു മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.