തിരുവനന്തപുരം: ആഭ്യന്തരവകുപ്പിനെതിരെ പി.വി. അൻവർ എം.എൽ.എ ഉയർത്തിയ ആരോപണങ്ങൾ ചർച്ചയും പരിശോധനയും നടത്തി തീരുമാനമെടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ‘ആവശ്യമുണ്ടെങ്കിൽ പൊലീസിനെ വിമർശിക്കാം. വിമർശിക്കാൻ പാടില്ലെന്നൊന്നും ആരും പറഞ്ഞിട്ടില്ല. ഞങ്ങളും വിമർശിക്കാറുണ്ട്. എന്നാൽ എല്ലാ വിമർശനവും ആവശ്യത്തിനേ പാടുള്ളൂ’ -ഗോവിന്ദൻ വ്യക്തമാക്കി. അൻവർ പാർട്ടിക്ക് മുകളിൽ വളരുന്നോയെന്ന ചോദ്യത്തിന് ‘പാർട്ടിക്ക് മുകളിൽ ആരും വളരില്ല’ എന്നായിരുന്നു മറുപടി.
മലപ്പുറം: പി.വി. അൻവർ എം.എൽ.എയും ജില്ല പൊലീസ് സൂപ്രണ്ട് എസ്. ശശിധരനുമായുള്ള പ്രശ്നം പരിശോധിക്കാൻ സി.പി.എം മലപ്പുറം ജില്ല കമ്മിറ്റി തീരുമാനം. സംഭവം വിവാദമായി ഉയർന്ന സാഹചര്യത്തിലാണ് നടപടി. എം.എൽ.എയോട് പാർട്ടി ജില്ല കമ്മിറ്റി വിഷയം ചോദിച്ചറിയും. എം.എൽ.എയുടെ പരാതിയുടെ നിജസ്ഥിതി പരിശോധിച്ച് പാർട്ടി സംസ്ഥാന കമ്മിറ്റിയെ അറിയിക്കേണ്ടതുണ്ടെങ്കിൽ അറിയിച്ച് പ്രശ്നം പരിഹരിക്കും. ജില്ല കമ്മിറ്റി ഇടപെട്ട് പരിഹരിക്കേണ്ടതാണെങ്കിൽ അത്തരത്തിലും കാര്യങ്ങൾ ചെയ്യാനാണ് പാർട്ടി നേതൃത്വത്തിന്റെ തീരുമാനം.
പി.വി. അൻവർ എം.എൽ.എ നേരിടുന്ന പ്രയാസങ്ങൾ പാർട്ടിയെ രേഖാമൂലം അറിയിച്ചിട്ടില്ലെന്ന് സി.പി.എം നേതൃത്വം വ്യക്തമാക്കി. വാർത്തയായി പുറത്തുവന്നതോടെയാണ് വിഷയങ്ങൾ ജില്ല കമ്മിറ്റി അറിയുന്നതെന്ന് ജില്ല സെക്രട്ടറി ഇ.എൻ. മോഹൻദാസ് പറഞ്ഞു. അടുത്ത ദിവസങ്ങളിലായി എം.എൽ.എയോട് കാര്യങ്ങൾ തിരക്കി വ്യക്തത വരുത്താനാകുമെന്നാണ് ജില്ല നേതൃത്വത്തിന്റെ പ്രതീക്ഷ. പോര് പാർട്ടിയിൽ ചർച്ചയായിട്ടുണ്ട്.
കേരള പൊലീസ് അസോസിയേഷൻ മലപ്പുറം ജില്ല സമ്മേളനത്തിൽ ജില്ല പൊലീസ് മേധാവിക്കെതിരെ പി.വി. അൻവർ രംഗത്തുവന്നതോടെയാണ് എം.എൽ.എ-പൊലീസ് പോര് തുടങ്ങിയത്. തുടർന്ന് എം.എൽ.എ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് സേന രംഗത്തെത്തിയെങ്കിലും അതിന് ഒരുക്കമല്ലെന്ന് പി.വി. അൻവർ വ്യക്തമാക്കിയതോടെ പോര് മുറുകി. ആഗസ്റ്റ് 29ന് എസ്.പിയുടെ വസതിയിൽ മരംമുറി നടന്നത് ചൂണ്ടിക്കാട്ടി എസ്.പിയുടെ ഔദ്യോഗിക വസതി സന്ദർശിക്കാനെത്തിയ പി.വി. അൻവറിനെ പൊലീസ് തടഞ്ഞു. പ്രതിഷേധം ശക്തമാക്കിയ എം.എൽ.എ ആഗസ്റ്റ് 30ന് എസ്.പിയുടെ വസതിക്കു മുന്നിൽ കുത്തിയിരിപ്പ് സമരവുമായി രംഗത്തുവരുകയും മുൻ മലപ്പുറം എസ്.പിയായിരുന്ന എസ്. സുജിത്ത് ദാസുമായി നടത്തിയ ഫോൺ സംഭാഷണങ്ങൾ പുറത്തുവിടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.