തിരുവനന്തപുരം: പിന്നാക്ക വിഭാഗങ്ങളുടെ മേൽത്തട്ട് പരിധി ആറിൽനിന്ന് എട്ട് ലക്ഷം രൂപയായി ഉയർത്തിയ കേന്ദ്ര സർക്കാർ ഉത്തരവ് നടപ്പാക്കേണ്ടതില്ലെന്ന് സംസ്ഥാന സർക്കാർ. പിന്നാക്ക വിഭാഗങ്ങൾക്ക് ഉദ്യോഗ സംവരണത്തിലും വിവിധ ആനുകൂല്യങ്ങൾക്കും ഏറെ ഗുണകരമാകുന്ന കേന്ദ്ര ഉത്തരവാണ് സംസ്ഥാന സർക്കാർ പൂഴ്ത്തിയത്. കേന്ദ്ര നിർദേശം നടപ്പാക്കാനുള്ള ഫയലിൽ തൽക്കാലം ഇതിൽ തീരുമാനം വേണ്ടെന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയൻ കൈക്കൊണ്ടതെന്നാണ് ലഭിക്കുന്ന വിവരം.
സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങൾക്ക് വൻ നഷ്ടമാണ് സർക്കാറിെൻറ നിലപാട് മൂലം വരാൻ പോകുന്നത്. ദേവസ്വം നിയമനങ്ങളിൽ മുന്നാക്ക സംവരണം വേണമെന്ന നിലപാടെടുക്കുന്ന സർക്കാർ കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസിൽ സ്ട്രീം രണ്ട്, മൂന്ന് വിഭാഗങ്ങളിൽ പിന്നാക്ക-പട്ടിക വിഭാഗ സംവരണം ഇല്ലാതാക്കുന്ന തീരുമാനം കൈക്കൊള്ളുകയും ചെയ്തതിനു പുറമേയാണ് മേൽത്തട്ട് പരിധി ഉയർത്തലും അട്ടിമറിക്കുന്നത്.
2017 സെപ്റ്റംബർ 13നാണ് കേന്ദ്ര പേഴ്സനൽ മന്ത്രാലയം മേൽത്തട്ട് പരിധി ആറിൽനിന്ന് എട്ട് ലക്ഷം രൂപയായി വർധിപ്പിച്ച് ഉത്തരവിറക്കിയത്. 1993 സെപ്റ്റംബർ എട്ടിന് ഇറക്കിയ ഒാഫിസ് മെമ്മോറാണ്ടത്തിലെ ആറാം കാറ്റഗറിയിൽ എട്ട് ലക്ഷം രൂപ എന്നു ചേർക്കുന്നതായും ഉത്തരവിലുണ്ട്. കേന്ദ്ര സർക്കാറിെൻറ അണ്ടർ സെക്രട്ടറി ദേവബ്രത ദാസ് പുറപ്പെടുവിച്ച ഉത്തരവിൽ 2017 സെപ്റ്റംബർ ഒന്നു മുതൽ വർധനക്ക് പ്രാബല്യമുണ്ടെന്ന് വ്യക്തമാക്കുന്നു. ഇതു നടപ്പാക്കാൻ ബന്ധപ്പെട്ട മന്ത്രാലയങ്ങളോടും വകുപ്പുകളോടും ഉത്തരവ് നിർദേശിക്കുന്നു. ഉത്തരവ് എല്ലാ സംസ്ഥാന/ കേന്ദ്ര ഭരണ പ്രദേശ ചീഫ് െസക്രട്ടറിമാർക്കും അടിയന്തര നടപടി എടുക്കാൻ നിർദേശിച്ച് അയക്കുകയും ചെയ്തു. ഭൂിഭാഗം സംസ്ഥാനങ്ങളും ഇത് നടപ്പാക്കാൻ നടപടി എടുത്തുവരികയാണ്. സെപ്റ്റംബറിൽ കിട്ടിയ ഉത്തരവ് കേരളം പൂഴ്ത്തുകയായിരുന്നു. സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങൾ ഏറെ നാളായി ആവശ്യപ്പെടുന്നതാണ് മേൽത്തട്ട് പരിധി വർധിപ്പിക്കൽ.
കേന്ദ്ര സർക്കാറിെൻറ ജോലിക്കും ആനുകുല്യങ്ങൾക്കുമെല്ലാം എട്ട് ലക്ഷം രൂപയാണ് കഴിഞ്ഞ െസപ്റ്റംബർ മുതൽ മേൽത്തട്ട് പരിധി. എന്നാൽ, സംസ്ഥാന സർക്കാറിലാകെട്ട ഇപ്പോഴും ആറ് ലക്ഷമായി തുടരുന്നു. നാളിതുവരെ കേന്ദ്രം വർധിപ്പിച്ച മേൽത്തട്ട് പരിധി കേരളത്തിൽ നടപ്പാക്കിയിട്ടുണ്ട്. 1993ൽ ഒരു ലക്ഷം രൂപയായിരുന്നു പരിധി. 2004ൽ അതു രണ്ടര ലക്ഷമായും 2008ൽ അതു നാലര ലക്ഷമായും 2013ൽ ആറു ലക്ഷമായും ഉയർത്തുകയായിരുന്നു. ഇെതല്ലാം സംസ്ഥാനത്ത് നടപ്പാക്കുകയും ചെയ്തു.
ഇൗ പരിധിയാണ് കേന്ദ്രം കഴിഞ്ഞ സെപ്റ്റംബറിൽ എട്ട് ലക്ഷമാക്കി ഉയർത്തിയത്. മെഡിക്കൽ-എൻജിനീയറിങ് പ്രവേശന സംവരണം, ജോലി സംവരണം, വിവിധ ആനുകൂല്യങ്ങൾ, സ്കോളർഷിപ്പുകൾ, സമാശ്വാസ തൊഴിൽദാന പദ്ധതി തുടങ്ങിയവക്കൊക്കെ മേൽത്തട്ട് പരിധി ബാധകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.