കൊച്ചി: ചാഞ്ചല്യമില്ലാത്തതും വിശ്വസനീയവുമായ മരണമൊഴി െകാലപാതക കേസുകളിൽ കുറ്റകൃത്യം തെളിയിക്കാൻ മതിയായതാണെന്ന് ൈഹകോടതി. സഹോദരഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ ജീവപര്യന്തം തടവുശിക്ഷ ശരിവെച്ചാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സിയാദ് റഹ്മാൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിെൻറ ഉത്തരവ്.
നെയ്യാറ്റിൻകര അഡീ. സെഷൻസ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് തിരുവനന്തപുരം പത്താംകല്ല് തുണ്ടുവിളകത്ത് പുത്തൻ വീട്ടിൽ തങ്കപ്പൻ ആചാരി നൽകിയ അപ്പീൽ ഹരജിയാണ് കോടതി പരിഗണിച്ചത്.
സഹോദരനും ഭാര്യയും രണ്ട് കുട്ടികളും അടങ്ങിയ കുടുംബത്തോടൊപ്പം ഒരു വീട്ടിലായിരുന്നു പ്രതി താമസിച്ചിരുന്നത്. വൈദ്യുതി ബില്ല് പങ്കുവെച്ച് അടച്ചുവരുന്നതിനിടെ ബിൽ തുക കൂടിയതുമായി ബന്ധപ്പെട്ട് പ്രതിയും സഹോദര ഭാര്യയും തമ്മിൽ 2014 ജൂലൈ 16നുണ്ടായ തർക്കം െകാലപാതകത്തിലെത്തുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്. സഹോദരഭാര്യ നൽകിയ മരണമൊഴിയുടെ അടിസ്ഥാനത്തിലാണ് സെഷൻസ് കോടതി ജീവപര്യന്തം വിധിച്ചത്. എന്നാൽ, സഹോദരഭാര്യ ആത്മഹത്യ ചെയ്തതാണെന്നും മരണമൊഴി കളവാണെന്നും സാക്ഷികളില്ലാത്തതിനാൽ വെറുതെവിടണമെന്നുമായിരുന്നു അപ്പീലിലെ വാദം.
കൊല്ലപ്പെട്ട യുവതി മകനോടും മകളോടും ഡോക്ടറോടും ജുഡീഷ്യൽ മജിസ്ട്രേറ്റിനോടും ഒരേ മൊഴിയാണ് നൽകിയതെന്നും ഇത് വിശ്വസനീയമാണെന്നും ഹൈകോടതി വിലയിരുത്തി. പ്രതിക്കെതിരെ മറ്റ് സാക്ഷികൾ നൽകിയ മൊഴികൾ ശരിവെക്കുന്നതാണ് മരണമൊഴി. ഈ സാഹചര്യത്തിൽ കീഴ്കോടതിയുടെ വിധിയിൽ അപാകതയില്ലെന്ന് വിലയിരുത്തിയ കോടതി അപ്പീൽ ഹരജി തള്ളുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.