തിരുവനന്തപുരം: ഇടതുമുന്നണി സർക്കാറിന്റെ മദ്യനയം തങ്ങൾക്ക് അനുകൂലമാക്കാൻ ഓരോ ബാർ മുതലാളിയും രണ്ടര ലക്ഷം വീതം നൽകണമെന്ന ബാറുടമ അനിമോന്റെ ശബ്ദസന്ദേശത്തിൽ ക്രൈംബ്രാഞ്ച് തിങ്കളാഴ്ച മുതൽ അന്വേഷണം ആരംഭിക്കും. ശബ്ദസന്ദേശത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന എക്സൈസ് മന്ത്രി എം.ബി. രാജേഷിന്റെ പരാതി ക്രൈംബ്രാഞ്ച് എസ്.പി മധുസൂദനന്റെ നേതൃത്വത്തിലെ സംഘമാണ് അന്വേഷിക്കുക.
ആദ്യഘട്ടത്തിൽ ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷന്റെ എക്സിക്യുട്ടിവ് യോഗം നടന്ന കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലെ സി.സി ടി.വി ദൃശ്യങ്ങൾ അന്വേഷണസംഘം ആവശ്യപ്പെടും. കൂടാതെ, അന്ന് നടന്ന യോഗത്തിന്റെ അജണ്ടകളും മിനിറ്റ്സും പരിശോധിക്കും. അസോസിയേഷൻ പ്രസിഡന്റ് വി. സുനിൽകുമാറിന്റെയും എക്സിക്യുട്ടിവ് അംഗങ്ങളുടെയും മൊഴിയെടുക്കും. ഇതിനു ശേഷമാകും അനിമോനെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തുക എന്നാണ് വിവരം. ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പുതന്നെ മദ്യനയം ബാറുടമകൾക്ക് അനുകൂലമാക്കുന്നതിന് ബാറുമടകളിൽനിന്ന് പ്രസിഡന്റ് വി. സുനിൽകുമാറിന്റെ നേതൃത്വത്തിൽ പണപ്പിരിവ് ആരംഭിച്ചതായി ആരോപിച്ച് വിജിലൻസിനും എക്സൈസിനും നേരത്തേ ഊമക്കത്ത് ലഭിച്ചിരുന്നു.
എന്നാൽ, ഈ പിരിവ് സംഘടനക്ക് തിരുവനന്തപുരത്ത് പുതിയ കെട്ടിടം വാങ്ങാൻ വേണ്ടിയായിരുന്നെന്നാണ് പ്രസിഡന്റ് സുനിൽകുമാറിന്റെ വിശദീകരണം. സുനിൽകുമാറിന്റെ നിലപാടിനെ പിന്തുണക്കുന്ന രീതിയിലാണ് കഴിഞ്ഞ ദിവസം അനിമോൻ പുറത്തുവിട്ട കത്തും. ആധാരം രജിസ്റ്റർ ചെയ്യാനായി 1.75 കോടിയുടെ കുറവുണ്ടെന്നും പണം കൊടുക്കാൻ തയാറുള്ളവർ ഗ്രൂപ്പിൽ അറിയിക്കണമെന്നുമാണ് താൻ പറഞ്ഞതെന്നും എന്നാൽ, ശബ്ദസന്ദേശം തെറ്റിദ്ധാരണയുണ്ടാക്കിയെന്നുമാണ് അനിമോന്റെ ഭാഷ്യം. അനിമോന്റെ വിശദീകരണത്തോടെ സർക്കാറിനും എൽ.ഡി.എഫിനും വലിയൊരു തലവേദനയാണ് ഒഴിഞ്ഞുപോയത്. അതിനാൽ ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷനെയും അതിന്റെ തലപ്പത്തുള്ളവരെയും ബുദ്ധിമുട്ടിക്കാത്ത രീതിയിലാകും അന്വേഷണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.