മൊഫിയയുമായുള്ള വിവാഹ ബന്ധം ഒഴിയാൻ സുഹൈൽ ശ്രമിച്ചിരുന്നതായി ക്രൈംബ്രാഞ്ച്​

ആലുവ: ഭർത്തൃപീഡനം ആരോപിച്ച് ആത്മഹത്യ ചെയ്ത മൊഫിയയുടെ ഭർത്താവ് സുഹൈലിന് അവർ ഭാര്യയായി തുടരുന്നതിൽ താൽപ്പര്യമുണ്ടായിരുന്നില്ലെന്ന് ക്രൈംബ്രാഞ്ച്. ഭർത്തൃ പീഡന കേസുമായി ബന്ധപ്പെട്ട് ആലുവ ടൗൺ മഹല്ല് പള്ളിയിൽ ശനിയാഴ്ച്ച നടത്തിയ വിവരശേഖരണത്തിലാണ് ഇക്കാര്യം മനസിലായത്.

വിവാഹ ബന്ധം വേർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സുഹൈൽ മഹല്ല് കമ്മിറ്റിക്ക് കത്ത് നൽകിയിരുന്നു. മൊഫിയ തന്നെ അനുസരിക്കുന്നില്ലെന്നും മാനസിക വൈകല്യമുണ്ടെന്നുമാണ് സുഹൈൽ ഇതിന് കാരണമായി പറഞ്ഞിരുന്നത്. എന്നാൽ, മൊഫിയ പള്ളിക്കമ്മിറ്റിക്ക് നൽകിയ കത്തിൽ തനിക്ക് ഏൽക്കേണ്ടി വന്ന പീഡനത്തെ കുറിച്ചാണ് പറയുന്നത്.

തന്നെ ഒഴിവാക്കാൻ ശ്രമിക്കുന്നതായും കത്തിൽ പറയുന്നു. ഇരുവരുമായും ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. ഭർത്താവിനൊപ്പം പോകാൻ മൊഫിയ തയാറായെങ്കിലും സുഹൈൽ ചർച്ചയിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നത്രെ. മൊഫിയ പിന്നാലെ ചെന്ന് കാലു പിടിച്ചിട്ടും സുഹൈൽ വഴങ്ങിയില്ലെന്നും അന്വേഷണ സംഘത്തിന് വിവരം കിട്ടിയതായി അറിയുന്നു.

ആലുവ റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വി. രാജീവിന്‍റെ നേതൃത്വത്തി പള്ളിയുമായി ബന്ധപ്പെട്ട പലരുടെയും മൊഴികളും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സുഹൈലിൻറെ ഭാര്യയായി മാതാപിതാക്കള്‍ ഡോക്ടറെ ആഗ്രഹിച്ചിരുന്നതായി വിവരങ്ങൾ ലഭിച്ചതായും അന്വേഷണ സംഘം പറയുന്നു. അതിനാൽ തന്നെ നിയമ വിദ്യാർഥിയായ മൊഫിയയെ സുഹൈല്‍ നിക്കാഹ് കഴിച്ചത് വീട്ടുകാർക്ക് ഇഷ്ടമായിരുന്നില്ല. നിക്കാഹിന് ശേഷം ഡോക്ടറല്ലാത്തതിൻറെ പേരില്‍ മൊഫിയയെ മാനസികമായി പീഡിപ്പിച്ചിരുന്നു.

സുഹൈലിൻറെ പിടിച്ചെടുത്ത മൊബൈല്‍ ഫോണില്‍ നിന്നും പീഡനത്തെ കുറിച്ചടക്കമുള്ള നിര്‍ണായക വിവരങ്ങള്‍ ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചിട്ടുണ്ട്.

തനിക്ക് വിവാഹത്തിന് ശേഷം നേരിടേണ്ടി വന്ന മാനസികവും ശാരീരികവുമായ പീഡനങ്ങളെ പറ്റി മൊഫിയ ഭര്‍ത്താവ് സുഹൈലിനോട് നിരവധി ശബ്ദ സന്ദേശങ്ങളിലൂടെ അറിയിക്കുന്നുണ്ട്. എന്നാല്‍ ഇതിനൊന്നും വ്യക്തമായ മറുപടി സുഹൈല്‍ നല്‍കുന്നില്ല. എല്ലാം മൂളി കേൾക്കുക മാത്രമായിരുന്നു. മൊഫിയയെ ഒഴിവാക്കി വേറെ കല്യാണം നടത്താന്‍ സുഹൈലും മാതാപിതാക്കളും നീക്കം നടത്തിയിരുന്നു.

നിക്കാഹിന് ശേഷം വീട്ടിലേക്ക് മടങ്ങിയ മൊഫിയയെ ഒത്തുതീര്‍പ്പിന്‍റെ പേരിലാണ് സുഹൈല്‍ ആലുവ ടൗണ്‍ ജുമാ മസ്ജിദ് കമ്മിറ്റി വഴി ചര്‍ച്ചക്ക്​ വിളിപ്പിച്ചത്. കേസിലെ പ്രതികളായ ഭര്‍ത്താവ് സുഹൈല്‍, ഭര്‍തൃമാതാവ് റുഖിയ, ഭര്‍തൃപിതാവ് യൂസഫ് എന്നിവരെ ക്രൈം ബ്രാഞ്ച് മൂന്ന് ദിവസം കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ഇവരുടെ വീട്ടിലെ തെളിവെടുപ്പ് അടക്കമുള്ള നടപടികൾക്ക് ശേഷം തിരികെ റിമാൻഡ് ചെയ്യുകയായിരുന്നു. ജാമ്യാപേക്ഷ തിങ്കളാഴ്ച ജില്ല സെഷന്‍സ് കോടതി പരിഗണിക്കും.

Tags:    
News Summary - crime branch says that Suhail was trying to avoid a marital relationship with Mofia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.