കൊച്ചി:ക്രിമിനൽ കുറ്റങ്ങൾക്ക് ഇരകളാവുകയും പിന്നീട് ദത്ത് നൽകപ്പെടുകയും ചെയ്ത കുട്ടികൾക്ക് നഷ്ടപരിഹാരത്തുക എങ്ങനെ നൽകാനാവുമെന്ന കാര്യത്തിൽ ഹൈകോടതിയുടെ സ്വമേധയാ പരിശോധന. ക്രിമിനൽ കേസുകളിലെ ഇരയെന്ന നിലയിൽ ഇവർക്ക് അർഹതപ്പെട്ട നഷ്ടപരിഹാരത്തുക ദത്ത് കൈമാറിയശേഷം നൽകുന്നത് സ്വകാര്യതയുടെ ലംഘനമാകുമെന്നതടക്കം വിഷയമാണ് ജസ്റ്റിസ് കെ. ബാബു പരിശോധിക്കുന്നത്.
ദത്തുനൽകിയ കുട്ടിയുടെ ഡി.എൻ.എ പരിശോധന പിന്നീട് നടത്താനാവുമോയെന്ന വിഷയം സ്വമേധയാ പരിഗണിക്കുന്നതിന്റെ ഭാഗമായി ഇത്തരം നടപടികൾ കോടതി നേരത്തേ സ്റ്റേ ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് നഷ്ട പരിഹാരത്തിന്റെ കാര്യത്തിലും പരിശോധന നടത്തുന്നത്.
കുട്ടിക്ക് നഷ്ടപരിഹാരം നൽകാതെ സ്വകാര്യത ഉറപ്പാക്കുക, നഷ്ടപരിഹാരത്തുക സ്റ്റേറ്റ് അഡോപ്ഷൻ റിസോഴ്സ് ഏജൻസിയുടെ (സാറ) അക്കൗണ്ടിൽ സൂക്ഷിച്ചശേഷം സാഹചര്യം വരുമ്പോൾ എവിടെനിന്നാണ് പണമെന്ന് വെളിപ്പെടുത്താതെ ഇരക്ക് കൈമാറുക തുടങ്ങിയ നിർദേശങ്ങൾ കേസിലെ അമിക്കസ് ക്യൂറി കോടതിയിൽ സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിൽ മുന്നോട്ടുവെച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ സിംഗിൾബെഞ്ച് വിശദമായി പരിശോധിക്കും.
പാലക്കാട്ട് കുട്ടിയെ കൊല്ലാൻ ശ്രമിച്ച മാതാവിന് വിചാരണ ക്കോടതി അടുത്തിടെ തടവും പിഴയും ശിക്ഷ വിധിച്ചിരുന്നു. പിഴത്തുക കുട്ടിക്ക് നൽകാൻ ഉത്തരവിട്ടതിനാൽ ഇതിനിടെ നിയമപ്രകാരം ദത്തുനൽകിയ കുട്ടിയുടെ വിവരങ്ങൾ അറിയിക്കാൻ അഡോപ്ഷൻ സെന്ററിന് കോടതി നിർദേശം നൽകി. എന്നാൽ, ദത്തെടുക്കൽ നിയമപ്രകാരം കുട്ടിയുടെ വിവരങ്ങൾ നൽകാനാവില്ലെന്ന് അവർ അറിയിച്ചു. കുട്ടിയുടെ വിവരങ്ങൾ കോടതി ആവർത്തിച്ച് ആവശ്യപ്പെട്ടതോടെ വിക്ടിം റൈറ്റ്സ് സെന്റർ ഇക്കാര്യം സിംഗിൾ ബെഞ്ചിന്റെ ശ്രദ്ധയിൽ കൊണ്ടുവരുകയായിരുന്നു. തുടർന്ന്, ഇക്കാര്യം പരിഗണിക്കാൻ തീരുമാനിക്കുകയും നടപടികൾ സ്റ്റേ ചെയ്യുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.