തിരുവനന്തപുരം: ഒഴിഞ്ഞുകിടക്കുന്ന സുപ്രധാന തസ്തികകൾ നികത്താനോ പോരായ്മകൾ പരിഹരിക്കാനോ സർക്കാർ തയാറാകാത്തതോടെ ആരോഗ്യവകുപ്പിൽ കടുത്ത പ്രതിസന്ധി. സ്വതന്ത്ര ചുമതലയുള്ള ആരോഗ്യ ഡയറക്ടർ ഇല്ലാതായിട്ട് ഒന്നര വർഷത്തോളമാകുന്നു.
അഡീഷനൽ ഡയറക്ടർമാർക്ക് അധിക ചുമതല നൽകിയാണ് ഇപ്പോൾ ദൈനംദിന കാര്യങ്ങൾ മുന്നോട്ടുപോകുന്നത്. ആരോഗ്യ ഡയറക്ടറെ കണ്ടെത്താൻ െസർച്ച് കമ്മിറ്റി രൂപവത്കരിച്ചെങ്കിലും ഇനിയും നടപടിയുണ്ടായിട്ടില്ല. അഡ്മിനിസ്ട്രേറ്റിവ് കേഡറിൽ രണ്ട് അഡീഷനൽ ഡയറ്കടർമാരുടെയും ആറ് ഡെപ്യൂട്ടി ഡയറക്ടർമാരുടെയും ഏഴ് അസി. ഡയറക്ടർമാരുടെയുമടക്കം 16 തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ജനറൽ കേഡറിൽ അഞ്ച് സിവിൽ സർജൻമാരുടെയും 45 അസി. സർജൻമാരുടെയുമടക്കം 58 കസേരകൾ ഒഴിഞ്ഞുകിടപ്പാണ്.
ആരോഗ്യവകുപ്പ് ഡയറക്ടറായിരുന്ന ഡോ. ആർ.എൽ. സരിത 2021 ഏപ്രിലിലാണ് സ്വയം വിരമിച്ചത്. പകരം ഡി.എച്ച്.എസിനെ നിയമിക്കുന്നതിന് പകരം അഡീഷനൽ ഡയറക്ടർക്ക് അധിക ചുമതല നൽകുകയാണ് ചെയ്തുപോരുന്നത്. സ്വാഭാവികമായും അഡീഷനൽ ഡയറക്ടർ എന്ന നിലയിൽ ഇവരുടെ ഉത്തരവാദിത്തങ്ങൾ മറ്റുളളവരിലേക്ക് വീതംവെക്കപ്പെടും. സ്പെഷാലിറ്റി കേഡറിലും സ്ഥിതി വ്യത്യസ്തമല്ല. ജനറൽ മെഡിസിനിൽ 21 ഉം ജനറൽ സർജറിയിൽ 22 ഉം ഗൈനക്കോളജിയിൽ ആറും അനസ്തേഷ്യ വിഭാഗത്തിൽ എട്ടും ഉൾപ്പെടെ 92 തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്.
സാധാരണക്കാരുടെ ചികിത്സാശ്രയമായ സർക്കാർ ആശുപത്രികളിലാണ് ഈ സ്ഥിതിവിശേഷം. പുതിയ പദ്ധതികൾ സർക്കാർ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ഇവയുടെ നിർവഹണവും ഏകോപനവും കൃത്യമായി നടക്കാത്ത സംസ്ഥാനത്തെ ആരോഗ്യവകുപ്പിന്റെ പ്രവർത്തനത്തിൽ നേരേത്ത ചീഫ് സെക്രട്ടറി കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഇതനുസരിച്ചുള്ള ഇടപെടലോ നവീകരണമോ ഉണ്ടായിട്ടില്ല. വകുപ്പിലെ സ്ഥാനക്കയറ്റം, അച്ചടക്ക നടപടി, സീനിയോറിറ്റി പട്ടിക, അവധിക്രമം തുടങ്ങിയവയിൽ അടിയന്തര ശ്രദ്ധ കൊടുക്കുന്നതിൽ വീഴ്ചയുണ്ടെന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ വിമർശനം.
ഭരണം നന്നാക്കുകയാണ് വകുപ്പുമേധാവികളുടെയും സ്ഥാപനമേധാവികളുടെയും പ്രാഥമിക ഉത്തരവാദിത്തമെന്നും 1980ലെ അവധി ശരിപ്പെടുത്തൽ പോലും ഇപ്പോഴും ക്രമീകരിച്ചിട്ടില്ലെന്നും അന്ന് ചീഫ് സെക്രട്ടറി ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.