തിരുവനന്തപുരം: വളരെ ഗൗരവതരമായ അവസ്ഥയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നതെന്നും നിലവിലെ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കാനുള്ള സാഹചര്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് വ്യാപനം ശക്തമായി തുടരുകയാണ്. എല്ലാ കണക്കുകളും വർധിക്കുകയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നില്ല.
ലോഡ്ജ്, ഹോസ്റ്റലുകൾ എന്നിവ സി.എഫ്.എൽ.ടിസികളാക്കി മാറ്റുന്നത് ത്വരിതപ്പെടുത്തും. കൂടുതൽ ആളുകൾ ആശുപത്രികളിലേെക്കത്താനും അഡ്മിറ്റ് ആകാനും തിരക്കുകൂട്ടുന്നു എന്നാണ് റിപ്പോർട്ടുകൾ. കോവിഡുണ്ട് എന്നത് കൊണ്ടുമാത്രം ആശുപത്രിയിൽ എത്തണമെന്നില്ല. കാര്യമായ രോഗലക്ഷണങ്ങൾ ഇല്ലാത്തവരും മറ്റ് അസുഖങ്ങൾ ഇല്ലാത്തവരും വീട്ടിൽ തന്നെ കഴിഞ്ഞാൽ മതി. അവർക്കുള്ള മറ്റ് സംവിധാനങ്ങൾ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾ ഒരുക്കിയിട്ടുണ്ട്.
ചികിത്സ പ്രോട്ടോകോൾ അനുസരിച്ചു ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യേണ്ടവരെ മാത്രമേ സ്വകാര്യ ആശുപത്രികളും അഡ്മിറ്റ് ചെയ്യാവൂ. അല്ലാതെ വരുന്നവരെ മുഴുവൻ അഡ്മിറ്റ് ചെയ്യുന്ന സ്ഥിതി ഉണ്ടായാൽ ഗുരുതര രോഗമുള്ളവർക്ക് ചികിത്സ ലഭ്യമാകാത്ത സാഹചര്യം ഉണ്ടാകും. - മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സർക്കാർ ആശുപത്രികളിൽ 61.3 ശതമാനം ഐ.സി.യു കിടക്കകളും ഉപയോഗത്തിലാണ്. വെന്റിലേറ്ററുകളിൽ 27.3 ശതമാനം ഉപയോഗത്തിലാണ്. മെഡിക്കൽ കോളജുകളിലെ 1731 കോവിഡ് ഓക്സിജൻ കിടക്കകളിൽ 1429 എണ്ണം ഉപയോഗത്തിലാണ്. ഓക്സിജൻ ഉറപ്പാക്കാൻ കേന്ദ്ര സർക്കാറിന് കത്തെഴുതിയതായും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.