തിരുവനന്തപുരം: തനിക്കെതിരെ ഉയർന്ന വിമർശനങ്ങളെയും പോസ്റ്ററുകളെയും കാര്യമാക്കുന്നില്ലെന്ന് നിയുക്ത തിരുവനന്തപുരം ഡി.സി.സി പ്രസിഡന്‍റ് പാലോട് രവി. തനിക്കെതിരെ ആരോപണം ഉന്നയിക്കുന്ന പി.എസ്. പ്രശാന്ത് പാർട്ടി വിട്ടുപോകുന്ന സാഹചര്യമുണ്ടാകില്ല. പി.എസ്. പ്രശാന്തിനെ പാർട്ടിയിൽ പിടിച്ചു നിർത്താൻ സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
പി.എസ്. പ്രശാന്തിന് ഇതുവരെ കിട്ടിയ അവസരങ്ങൾ നിസ്സാരമാണോയെന്ന് പാലോട് രവി ചോദിച്ചു. അദ്ദേഹം യുവജന ബോർഡ് ചെയർമാനായി. കെ.എസ്.യു, യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്‍റായി. ഇതൊന്നും നിസാരമല്ല. ഈ സ്ഥാനങ്ങളൊക്കെയും പാർട്ടി നൽകിയതാണ്. ഇത്രയും അവസരം ലഭിച്ച, ഇത്രയും അനുഭവങ്ങളുള്ള ഒരു ചെറുപ്പക്കാരൻ ഒരു തെറ്റിദ്ധാരണയുടെ പുറത്ത് പാർട്ടി വിടില്ലെന്നും പാലോട് രവി പറഞ്ഞു.
പാലോട് രവിയെ അധ്യക്ഷനാക്കുന്നതിനെതിരെ തിരുവനന്തപുരത്ത് പോസ്റ്റർ പ്രതിഷേധം ഉയർന്നിരുന്നു. ബി.ജെ.പി അനുഭാവി, പാർട്ടി സ്ഥാനാർഥിയെ കാലുവാരി തുടങ്ങിയ ആരോപണങ്ങളാണ് പോസ്റ്ററിൽ രവിക്കെതിരെ ആരോപിക്കുന്നത്. ഔദ്യോഗിക സ്ഥാനാർഥികളെ തോൽപ്പിച്ചതാണോ ഡി.സി.സി പദവിയിലേക്ക് പാലോട് രവിയുടെ യോഗ്യതയെന്നും പോസ്റ്ററിൽ ചോദിക്കുന്നു. പാലോട് രവിക്കെതിരെ നെടുമങ്ങാട് മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന പി.എസ്. പ്രശാന്ത് നേരത്തെ പരസ്യമായി രംഗത്തെത്തിയിരുന്നു. തന്നെ കാലുവാരി തോൽപിച്ചത് പാലോട് രവിയാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. കോൺഗ്രസ് തോൽവി പഠിക്കാൻ നിയോഗിച്ച കമീഷന് മുന്നിലും പാലോട് രവിക്കെതിരെ പ്രശാന്ത് പരാതി ഉന്നയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.