representative image

കോളനികളിൽ പുതുവഴിവെട്ടാൻ കോടികൾ മുടക്കി; എന്നിട്ടും വിജ്ഞാനവാടികൾക്ക് സംഭവിച്ചത്...

കൊച്ചി: സംസ്ഥാനത്തെ കോളനികളിൽ കോടികൾ ചെലവഴിച്ചിട്ടും വിജ്ഞാനവാടികൾ പ്രവർത്തനരഹിതമാണെന്ന് പരിശോധനാ റിപ്പോർട്ട്. കോളനികളിലെ പട്ടികജാതിക്കാർ അടക്കമുള്ള പാർശ്വവൽക്കരിക്കപ്പെട്ട ജീവിതങ്ങൾക്ക് പുതുവഴിവെട്ടാനാണ് വിജ്ഞാനവാടികൾ എന്ന ആശയം സർക്കാർ മുന്നോട്ടുവെച്ചത്.

1000 പട്ടികജാതി കോളനികളിൽ വിജ്ഞാനവാടികൾ സ്ഥാപിക്കാനാണ് അനുമതി നൽകിയത്. അതുവഴി കോളനികളിലെ വിദ്യാർഥികൾക്ക് ഇന്റർനെറ്റ് സൗകര്യങ്ങൾ സുഗമമാക്കി ഓൺലൈൻ വഴി ഉപരിപഠനത്തിനും ജോലിക്കും പ്രാപ്തരാക്കുകയായിരുന്നു ലക്ഷ്യം. ഓരോ വിജ്ഞാനവാടിക്കും ഫർണിച്ചർ, ലൈബ്രറി, ടി.വി, ഇന്റർനെറ്റ് തുടങ്ങിയവ നൽകുമെന്നായിരുന്നു വാഗ്ദാനം.

വിജ്ഞാനവാടികളുടെ ആകെ ചെലവ് 65 കോടിയാണ് കണക്കാക്കിയത്. നിർമാണത്തിന് 50 കോടിയും ഇന്റർനെറ്റ് കണക്ഷൻ, ലൈബ്രറി, റീഡിംഗ് റൂം എന്നിവക്കൊപ്പം കമ്പ്യൂട്ടർ സൗകര്യം നൽകാൻ 15 കോടിയും കണക്കാക്കി 2012 ജനുവരി 11ന് ഉത്തരവിറക്കി.

വിദൂര പ്രദേശങ്ങളിൽ താമസിക്കുന്ന എസ്.സി വിഭാഗത്തിലെ യുവാക്കൾക്ക് പ്രത്യേക ഇടം നൽകാനും അവർക്ക് പുസ്തകങ്ങൾ, ആനുകാലികങ്ങൾ, ഇന്റർനെറ്റ് എന്നിവ ഒരുക്കാനും പദ്ധതി വഴി കഴിയുമെന്നായിരുന്നു പ്രതീക്ഷ. അതിനായി ഓരോ പഞ്ചായത്തിലും കുറഞ്ഞത് ഒരു വിജ്ഞാനവാടിയെങ്കിലും നിർമിക്കാൻ തീരുമാനിച്ചു.

സർക്കാർ വിജ്ഞാനവാടി പദ്ധതി നടപ്പാക്കിയ കോഴിക്കോട്, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് ഇതു സംബന്ധിച്ച് പരിശോധന നടത്തിയത്. കോഴിക്കോട് 21 വിജ്ഞാനവാടികളുടെ നിർമാണം 2014-ൽ കേരള പൊലീസ് ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയെ (കെ.പി.എച്ച്സി.സി) ഏൽപ്പിച്ചു. പി.ഡബ്ല്യു.ഡി നിരക്കിൽ തയാറാക്കിയ ഓരോ കെട്ടിടത്തിന്റെയും എസ്റ്റിമേറ്റ് തുക 4.04 ലക്ഷം രൂപയാണ്. ഓരോ കേസിലും കുറഞ്ഞ ലേലം സ്വീകരിച്ച് വിവിധ കരാറുകാർക്ക് പണി നൽകി.

മിക്കവാറും എല്ലായിത്തും കെട്ടിട നിർമാണം പൂർത്തിയായെങ്കിലും വൈദ്യുതി കണക്ഷൻ, ഇന്റർനെറ്റ് കണക്ഷൻ, കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും ഫർണിച്ചറുകളും എന്നിവ ലഭിക്കാത്തതിനാൽ വിജ്ഞാനവാടികളൊന്നും പ്രവർത്തിച്ചില്ല. കോഓഡിനേറ്റർമാരെ നിയമിക്കാത്തതിനാൽ ചില കേന്ദ്രങ്ങൾ പ്രവർത്തനക്ഷമമല്ല.

പട്ടികജാതി വകുപ്പിന്‍റെ രേഖകൾ പ്രകാരം 21 കേന്ദ്രങ്ങളിൽ 10 കേന്ദ്രങ്ങളുടെ വിശദാംശങ്ങൾ അറിയില്ല. രണ്ടെണ്ണം ഇതുവരെ ആരംഭിച്ചിട്ടില്ല. അഞ്ച് കേന്ദ്രങ്ങൾ കൈമാറിയിട്ടില്ല. രണ്ട് കേന്ദ്രങ്ങളിൽ ഫർണിച്ചർ, കമ്പ്യൂട്ടറുകൾ, ഇലക്ട്രിക് കണക്ഷനുകൾ എന്നിവ ലഭ്യമല്ല. കോഓഡിനേറ്റർമാരെ രണ്ട് കേന്ദ്രങ്ങളിൽ നിയമിച്ചിട്ടില്ല. ജില്ലയിൽ 21 കേന്ദ്രങ്ങളുടെ നിർമാണത്തിന് 1.07 കോടി രൂപയും കമ്പ്യൂട്ടറുകൾ, ഫർണിച്ചറുകൾ, ലൈബ്രറി പുസ്തകങ്ങൾ തുടങ്ങിയവ വാങ്ങാൻ ഓരോ കേന്ദ്രത്തിനും 1.50 ലക്ഷം രൂപയും സർക്കാർ ചെലവഴിച്ചെങ്കിലും സമയോചിതമായ ഇടപെടൽ ഇല്ലാത്തതിനാൽ പദ്ധതിയുടെ ലക്ഷ്യം കൈവരിക്കാനായില്ല.

കൊല്ലത്താകട്ടെ അപര്യാപ്തമായ അടിസ്ഥാന സൗകര്യങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്. ഈ പദ്ധതി പ്രകാരം ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത് മുഖത്തല കണ്ണാരത്തൊടിയിലും കൊറ്റങ്കര ഗ്രാമപഞ്ചായത്തിൽ കൊളശ്ശേരിയിലും രണ്ട് വിഞ്ജാനവാടികളുണ്ട്. അവിടെ കമ്പ്യൂട്ടറുകൾ നൽകി. എന്നാൽ, ഇന്റർനെറ്റ് കണക്ഷൻ ലഭ്യമല്ല. കേന്ദ്രത്തിൽ സിസ്റ്റം ഓപ്പറേറ്റർമാരില്ല. കൊളശ്ശേരി വിഞ്ജനവാടിയിൽ ടി.വി നൽകിയിട്ടില്ല. കൂടാതെ ലൈബ്രറിയും പ്രവർത്തിക്കുന്നില്ല.

ആലപ്പുഴ ജില്ലയിൽ 22 വിജ്ഞാനവാടികൾ ആരംഭിച്ചു. ഫയലുകളുടെ സൂക്ഷ്മപരിശോധനയിൽ 22 വിജ്ഞാനവാടികളിൽ 12 എണ്ണം പ്രവർത്തിക്കുന്നതായും 10 എണ്ണം പ്രവർത്തിക്കുന്നില്ലെന്നും കണ്ടെത്തി. ഓഡിറ്റിങ്ങിന് ഹാജരാക്കിയ വിശദാംശങ്ങൾ പ്രകാരം 1.04 കോടി രൂപയാണ് ചലവഴിച്ചത്.

എന്നാൽ, പരിശോധനയിൽ നിലവിൽ വിജ്ഞാനവാടികൾ പ്രവർത്തിക്കുന്നില്ല. സിസ്റ്റം ഓപ്പറേറ്റർ, വൈദ്യുതി തുടങ്ങിയവയുടെ ലഭ്യത ഇല്ലാത്തതാണ് വിജ്ഞാനവാടികൾ ആരംഭിച്ചിട്ടും ഫലവത്താകാത്തതിന് കാരണം. പട്ടികജാതി വിഭാഗങ്ങൾക്കായി ആരംഭിച്ച പദ്ധതി അവർക്ക് ഗുണം ചെയ്തില്ലെന്നാണ് റിപ്പോർട്ട്. 

Tags:    
News Summary - Crores spent on new avenues in colonies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.