തിരുവനന്തപുരം: ശബരിമലയിലെ തിരക്ക് സ്വഭാവികമാണെന്നും വിവാദമുണ്ടാക്കുന്നവരുടെ ലക്ഷ്യം വേറെയാണെന്നും ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ശബരിമല അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
ശബരിമലയിലെ ക്യൂ സിസ്റ്റത്തിൽ മാറ്റം വരുത്തിയപ്പോൾ സംഭവിച്ച തിരക്കാണ് ഇപ്പോഴുള്ളതെന്നും തീർത്ഥാടകരുടെ എണ്ണം കൂടുന്നത് കൊണ്ടുള്ള പ്രശ്നം നിലനിൽക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. വിർച്ച്വൽ ക്യൂ എണ്ണം കുറക്കുമെന്നും സ്പോട്ട് ബുക്കിങ്ങും എണ്ണം കുറക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഐ.ജിയുടെ നേതൃത്വത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തുണ്ട്. ഭക്തർക്ക് തടസ്സമില്ലാതെ നോക്കുന്നുണ്ട്, പൊതുവെ സുഗമമായി തന്നെ പോകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഭക്തർ പല മാർഗങ്ങളിലൂടെ സന്നിധാനത്തേക്ക് പ്രവേശിക്കുന്നുണ്ട്. ഭൗതിക സാഹചര്യങ്ങളിൽ ഒരു കുറവും ഇല്ല. എങ്കിലും സ്വയം നിയന്ത്രിക്കാൻ ഭക്തർ തയാറാവണമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, മണിക്കൂറുകളോളം കാത്തുനിന്നിട്ടും മലചവിട്ടാനാകാതെ ഭക്തർ മടങ്ങുന്നുവെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്. ദർശനം കിട്ടാതെ പന്തളത്തെ ക്ഷേത്രത്തിൽ തേങ്ങയുടച്ച് നെയ്യഭിഷേകം നടത്തി തീർത്ഥാടകർ മാലയൂരി മടങ്ങുന്നതായും പരാതിയുണ്ട്. തമിഴ്നാട്, കർണാടക എന്നിവടങ്ങളിലുള്ള തീർത്ഥാടകരാണ് ദർശനം കിട്ടാതെ മടങ്ങുന്നവരിൽ ഭൂരിഭാഗവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.