കൊച്ചി: ഈ മാസം നാലുമുതൽ ഇതുവരെ 11 തവണ വില വർധിപ്പിച്ചപ്പോൾ സംസ്ഥാനത്ത് പെട്രോൾ വില 95 രൂപ കടന്നു. ഡീസലിന് 90 രൂപയും പിന്നിട്ടു. തിരുവനന്തപുരത്ത് പെട്രോളിന് 95.02, ഡീസലിന് 90.08 എന്നിങ്ങനെയായി വില. പെട്രോൾ ലിറ്ററിന് 19 പൈസയും ഡീസൽ 31 പൈസയുമാണ് വെള്ളിയാഴ്ച കൂട്ടിയത്.
കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകാലയളവിൽ 18 ദിവസം ഇന്ധനവില വർധിപ്പിച്ചിരുന്നില്ല. രാജ്യത്ത് ഇതുവരെ അനുഭവപ്പെട്ട ഏറ്റവും കൂടിയ വിലയിലാണ് പെട്രോളും ഡീസലും. എണ്ണക്കമ്പനികൾ നിലനിൽക്കുന്ന എറണാകുളം കാക്കനാട് പെട്രോൾ ലിറ്ററിന് 92.96, ഡീസൽ 88.08 എന്നിങ്ങനെയാണ് വില. ഈ മാസം ഒന്നിനുശേഷം പെട്രോളിന് 2.74 രൂപയും ഡീസലിന് 3.33 രൂപയും വർധിച്ചിട്ടുണ്ട്.
അതേസമയം, അന്താരാഷ്ട്രതലത്തിൽ ബ്രൻറ് ക്രൂഡോയിൽ വില ബാരലിന് 65.87 ഡോളറിലേക്ക് താഴ്ന്നു. അമേരിക്ക, പാശ്ചാത്യരാജ്യങ്ങൾ എന്നിവരോട് ഇറാൻ നടത്തുന്ന ചർച്ച വിജയകരമായെന്നും എണ്ണ വ്യാപാരം, ബാങ്കിങ്, ഇൻഷുറൻസ് എന്നിവക്കുള്ള വിലക്ക് നീങ്ങുമെന്നും പ്രസിഡൻറ് ഹസൻ റൂഹാനിയുടെ പ്രസ്താവന ക്രൂഡോയിൽ വില താഴാൻ പര്യാപ്തമാണ്.
ഇത് ലോക എണ്ണവിപണിയിൽ മാറ്റങ്ങൾക്ക് വഴിതെളിക്കും. പശ്ചിമേഷ്യയിലെ വെടിനിർത്തലും ക്രൂഡോയിൽ വില കുറക്കും. എങ്കിലും ക്രൂഡോയിൽ വിലയിലെ താഴ്ച ഇന്ത്യയിലെ ഇന്ധനവിലയിൽ പ്രതിഫലിക്കുന്നില്ല. അന്താരാഷ്ട്ര മാർക്കറ്റിലെ 15 ദിവസത്തെ ക്രൂഡോയിൽ വിലയും ഡോളർ വിനിമയനിരക്കും അളവുകോലാക്കിയാണ് ഇന്ത്യയിൽ ദൈനംദിന ഇന്ധനവില നിശ്ചയിക്കുന്നതെന്നാണ് എണ്ണക്കമ്പനികളുടെ വാദം.
ലോക്ഡൗണിൽ തൊഴിലും കൂലിയും ഇല്ലാതായ ജനത്തിന് ഇരുട്ടടിയാണ് ഇന്ധന വിലവർധന. അവശ്യസാധന വിലവർധനക്കാണ് വഴിയൊരുങ്ങുന്നത്. പൊതുഗതാഗതം അനുവദിക്കപ്പെടുേമ്പാൾ സ്വകാര്യബസുകളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവും ഉയരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.