സഹകരണ ബാങ്കുകള്‍ നിശ്ചലം: ദുരിതം പേറി കര്‍ഷകര്‍

മുംബൈ: നോട്ട് അസാധുവാക്കലിനു പിന്നാലെ ഇടപാടുകളില്‍ സഹകരണ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം കൂടുതല്‍ ദുരിതത്തിലാക്കിയത് സാധാരണക്കാരെയും കര്‍ഷകരെയും. സമൂഹത്തിന്‍െറ താഴെ തട്ടിലുള്ളവര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന സഹകരണ ബാങ്കുകള്‍ക്ക് നിയന്ത്രണം വന്നത്  പ്രശ്നം കൂടുതല്‍ വഷളാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അസാധുവായ നോട്ടുകള്‍ നിക്ഷേപമായി സ്വീകരിക്കുന്നതിന് ആര്‍.ബി.ഐ നിര്‍ദേശമനുസരിച്ച് സഹകരണ ബാങ്കുകള്‍ക്ക് വിലക്കുണ്ട്. ഇക്കാരണത്താല്‍ രാജ്യത്തെ ഏതാണ്ടെല്ലാ സഹകരണ ബാങ്കുകളിലും ഇടപാടുകള്‍ പൂര്‍ണമായി നിലച്ച മട്ടാണ്. രാജ്യത്ത് ഏറ്റവും കാര്യക്ഷമമായും വ്യവസ്ഥാപിതമായും സഹകരണ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത് കേരളത്തിലാണ്. ലക്ഷം കോടി രൂപയുടെ ഇടപാട് നടക്കുന്ന സംസ്ഥാനത്തെ സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനം കഴിഞ്ഞദിവസംതന്നെ നിലച്ചിരുന്നു. സമാനമായ വാര്‍ത്തകളാണ് സംസ്ഥാനത്തിന്‍െറ പുറത്തുനിന്നും വരുന്നത്.

ബി.ജെ.പി ഭരിക്കുന്ന മഹാരാഷ്ട്രയിലും ഗുജറാത്തിലും വന്‍ പ്രതിസന്ധിയാണ് നിലനില്‍ക്കുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. തങ്ങള്‍ക്ക് ആവശ്യത്തിന് പണം എത്തിക്കുന്നതില്‍ ആര്‍.ബി.ഐ പരാജയപ്പെട്ടുവെന്ന് മഹാരാഷ്ട്ര അര്‍ബന്‍ കോഓപറേറ്റിവ് ബാങ്ക്സ് ഫെഡറേഷന്‍ പ്രസിഡന്‍റ് വിദ്യാധര്‍ അനസ്കര്‍ പറഞ്ഞു. ഈ നില തുടര്‍ന്നാല്‍ ബാങ്കുകള്‍ അടച്ചിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ബാങ്ക് പ്രവര്‍ത്തനം നിലച്ചാല്‍ മൊത്തം ഗ്രാമീണ സമ്പദ്വ്യവസ്ഥയെ ബാധിക്കുമെന്ന്  അദ്ദേഹം പറഞ്ഞു.

സമാനമായ സ്ഥിതിവിശേഷമാണ് ഗുജറാത്തിലും. ഇവിടെ, കേന്ദ്രത്തിന്‍െറയും ആര്‍.ബി.ഐയുടെയും നിലപാടിനെതിരെ പലയിടത്തും ബി.ജെ.പി പ്രാദേശിക നേതൃത്വം രംഗത്തത്തെിയിട്ടുണ്ട്. സംസ്ഥാനത്തിന്‍െറ പലയിടങ്ങളിലായി കര്‍ഷകരുടെ റോഡ് ഉപരോധമുള്‍പ്പെടെയുള്ള സമരപരിപാടികളും ആരംഭിച്ചിട്ടുണ്ട്. 2000ത്തിലധികം സഹകരണ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്ന യു.പിയിലും സ്ഥിതി ഭിന്നമല്ല. പഞ്ചാബില്‍ 70 ശതമാനത്തിലധികം കര്‍ഷകരും ആശ്രയിക്കുന്നത് സഹകരണ ബാങ്കുകളെയാണ്. കര്‍ഷകരുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ ഭാരത് കിസാന്‍ യൂനിയന്‍ അടക്കമുള്ള സംഘടനകള്‍ പ്രധാനമന്ത്രിയെ കാണുന്നുണ്ട്.

Tags:    
News Summary - currency demonetization

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.